ഇനി സ്റ്റാറ്റസ് അപ്‌ഡേറ്റ്‌സില്‍ മ്യൂസിക്ക് ചേര്‍ക്കാം; പുതിയ വാട്‌സ്ആപ്പ് ഫീച്ചര്‍

ഉപയോക്താക്കള്‍ക്ക് അവരുടെ സ്റ്റാറ്റസ് അപ്ഡേറ്റുകളില്‍ സംഗീതം ചേര്‍ക്കാന്‍ അനുവദിക്കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്‌സ്ആപ്പ് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്
 WhatsApp will let you add music tracks to Status updates
ഇനി സ്റ്റാറ്റസ് അപ്‌ഡേറ്റ്‌സില്‍ മ്യൂസിക്ക് ചേര്‍ക്കാംപ്രതീകാത്മക ചിത്രം
Updated on

ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്ക് അവരുടെ സ്റ്റാറ്റസ് അപ്ഡേറ്റുകളില്‍ സംഗീതം ചേര്‍ക്കാന്‍ അനുവദിക്കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്‌സ്ആപ്പ് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. സ്റ്റാറ്റസ് അപ്‌ഡേറ്റ്‌സില്‍ സംഗീതം ചേര്‍ക്കുന്നതിന് ഇന്‍സ്റ്റഗ്രാം സ്റ്റോറീസ് പോലുള്ള ഇന്റര്‍ഫേസ് വാഗ്ദാനം ചെയ്തുള്ള ഫീച്ചര്‍ പരീക്ഷണ ഘട്ടത്തിലാണ്. പരീക്ഷണാടിസ്ഥാനത്തില്‍ ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ തെരഞ്ഞെടുത്ത വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് ആണ് ഈ ഫീച്ചര്‍ ലഭ്യമാക്കിയത്.

സ്റ്റാറ്റസ് എഡിറ്റര്‍ ഇന്റര്‍ഫേസില്‍ ഒരു പുതിയ മ്യൂസിക് ഓപ്ഷന്‍ നല്‍കിയാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ മെറ്റ നല്‍കുന്നതുപോലെ ഒരു മ്യൂസിക് ലൈബ്രറിയിലൂടെ ബ്രൗസ് ചെയ്ത് സംഗീതം തെരഞ്ഞെടുക്കാന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരണം. ഉപയോക്താക്കള്‍ക്ക് അവരുടെ സ്റ്റാറ്റസ് അപ്ഡേറ്റുകളില്‍ ഉള്‍പ്പെടുത്തുന്നതിന് ഗാനം, ആര്‍ട്ടിസ്റ്റ് അല്ലെങ്കില്‍ ട്രെന്‍ഡിംഗ് ട്രാക്കുകള്‍ തിരയാന്‍ കഴിയും.

ഉപയോക്താവ് ഒരു ഗാനം തെരഞ്ഞെടുത്ത് കഴിഞ്ഞാല്‍, ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്ന ട്രാക്കിന്റെ ഭാഗം മാത്രമായി കട്ട് ചെയ്ത് എടുക്കാനും കഴിയുന്ന തരത്തിലാണ് സംവിധാനം. ഫോട്ടോ അടിസ്ഥാനമാക്കിയുള്ള സ്റ്റാറ്റസിലെ മ്യൂസിക് ക്ലിപ്പുകള്‍ 15 സെക്കന്‍ഡായി പരിമിതപ്പെടുത്തിയിട്ടുണ്ട്. അതേസമയം വിഡിയോ സ്റ്റാറ്റസില്‍ വീഡിയോയുടെ ദൈര്‍ഘ്യവുമായി പൊരുത്തപ്പെടുത്തി മ്യൂസിക്ക് ചേര്‍ക്കാന്‍ സാധിക്കും.

ഉപയോക്താവ് സ്റ്റാറ്റസ് പങ്കിട്ടു കഴിഞ്ഞാല്‍, കാണുന്നവര്‍ക്ക് താഴെയുള്ള പാട്ട് ലേബലില്‍ ടാപ്പ് ചെയ്ത് ട്രാക്കിന്റെ പേര്, ആര്‍ട്ടിസ്റ്റ്, ആല്‍ബം ആര്‍ട്ട് എന്നിവ അറിയാന്‍ കഴിയും. ഓവര്‍ലേയിലെ ത്രീ-ഡോട്ട് മെനു ബട്ടണില്‍ ടാപ്പ് ചെയ്ത് ഗാനത്തിന്റെ ആര്‍ട്ടിസ്റ്റിന്റെ ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ കാണാനും കഴിയും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com