കൂടുതല്‍ പേര്‍ യുഎഇയിലേക്ക്; കണ്ണൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ 29 ശതമാനം വര്‍ധന

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മെയ് മാസത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന
kannur airport
കണ്ണൂര്‍ വിമാനത്താവളത്തില്‍ ( kannur airport ) യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനഫയല്‍ ചിത്രം
Updated on

കണ്ണൂര്‍ : കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ( kannur airport ) മെയ് മാസത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന. കഴിഞ്ഞവര്‍ഷം മെയ് മാസത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തില്‍ 29 ശതമാനവും വിമാന സര്‍വീസുകളുടെ എണ്ണത്തില്‍ 36 ശതമാനവും വര്‍ധനയാണ് രേഖപ്പെടുത്തിയത്. 1,47,928 പേരാണ് യാത്ര ചെയ്തത്. കഴിഞ്ഞമാസം 1211 സര്‍വീസുകളാണ് നടത്തിയത്.

അന്താരാഷ്ട്ര സര്‍വീസില്‍ അബുദാബി സെക്ടറിലാണ് ഏറ്റവുമധികം യാത്രക്കാരുണ്ടായത്. 23,587 പേരാണ് അബുദാബിയിലേക്ക് യാത്ര ചെയ്തത്. ആകെ അന്താരാഷ്ട്ര യാത്രക്കാരുടെ 60 ശതമാനവും യുഎഇയിലേക്കാണ്.

ഫുജൈറയിലേക്ക് ഇന്‍ഡിഗോ സര്‍വീസ് തുടങ്ങിയതോടെ ദുബായ്, ഷാര്‍ജ, അബുദാബി, റാസല്‍ഖൈമ, ഫുജൈറ എന്നീ അഞ്ച് യുഎഇ നഗരങ്ങളിലേക്കും സര്‍വീസുകളുള്ള ദക്ഷിണേന്ത്യയിലെ ഏക വിമാനത്താവളമായി കണ്ണൂര്‍ മാറി. തുടക്കത്തില്‍ത്തന്നെ ഓരോ സര്‍വീസിലും 90 ശതമാനത്തിലധികം യാത്രക്കാര്‍ ഫുജൈറ സെക്ടറിലുണ്ട്. ജൂണ്‍ മധ്യത്തോടെ ദമാമിലേക്കും ഇന്‍ഡിഗോ സര്‍വീസുകള്‍ തുടങ്ങും.

13,200 പേര്‍ യാത്രചെയ്ത മുംബൈ സെക്ടറിലാണ് ആഭ്യന്തര തലത്തില്‍ കഴിഞ്ഞമാസം കൂടുതല്‍ യാത്രക്കാരുള്ളത്. ഇന്‍ഡിഗോയോടൊപ്പം ഏപ്രില്‍ മുതല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസും സര്‍വീസ് തുടങ്ങിയതോടെയാണ് മുംബൈ സെക്ടറില്‍ യാത്രക്കാര്‍ വര്‍ധിച്ചത്. ഹൈദരാബാദ്, തിരുവനന്തപുരം റൂട്ടുകളിലേക്കും എയര്‍ ഇന്ത്യ എക്‌സ്പ്രസ് മെയില്‍ സര്‍വീസുകള്‍ തുടങ്ങിയിരുന്നു. മെയ് 11 മുതല്‍ 29 വരെ 4,756 ഹജ്ജ് തീര്‍ഥാടകര്‍ കണ്ണൂരില്‍നിന്ന് പുറപ്പെട്ടു. ഇവരെ തിരികെ നാട്ടിലെത്തിക്കുന്ന രണ്ടാംഘട്ട സര്‍വീസുകള്‍ ജൂണ്‍ 30ന് തുടങ്ങും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com