പതഞ്ജലി ഇന്‍ഷുറന്‍സ് മേഖലയിലും കണ്ണുവെയ്ക്കുന്നു; ആദര്‍ പൂനാവാലയുടെ കമ്പനി വാങ്ങും

യോഗ ഗുരു ബാബാ രാംദേവിന്റെ പതഞ്ജലി ഇന്‍ഷുറന്‍സ് മേഖലയിലേക്ക് ചുവടുവെക്കുന്നു.
Patanjali Ayurved ventures into insurance with acquisition of Magma General Insurance
പതഞ്ജലി ഇന്‍ഷുറന്‍സ് മേഖലയിലും കണ്ണുവെയ്ക്കുന്നുഫയൽ/എക്സ്പ്രസ്
Updated on

ന്യൂഡല്‍ഹി: യോഗ ഗുരു ബാബാ രാംദേവിന്റെ പതഞ്ജലി ഇന്‍ഷുറന്‍സ് മേഖലയിലേക്ക് ചുവടുവെക്കുന്നു. ഇന്‍ഷുറന്‍സ് ഉപകമ്പനിയായ മാഗ്മ ജനറല്‍ ഇന്‍ഷുറന്‍സ് ലിമിറ്റഡിനെ പതഞ്ജലി ആയുര്‍വേദ ലിമിറ്റഡിനും നോയിഡ ആസ്ഥാനമായുള്ള കമ്പനിയായ ഡിഎസ് ഗ്രൂപ്പിനും വില്‍ക്കാന്‍ ശതകോടീശ്വരനായ ആദര്‍ പൂനാവാലയുടെ സനോട്ടി പ്രോപ്പര്‍ട്ടീസ് അനുമതി നല്‍കി. 4500 കോടിയുടേതാണ് ഇടപാട്.

ഓഹരി വാങ്ങല്‍ കരാര്‍ പ്രകാരമാണ് ഇടപാട്. സനോട്ടി പ്രോപ്പര്‍ട്ടീസിന് പുറമേ സെലിക്ക ഡെവലപ്പേഴ്സും ജാഗ്വാര്‍ അഡൈ്വസറി സര്‍വീസസും വില്‍പ്പനയില്‍ പങ്കാളിയാണ്. സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, ആയുര്‍വേദ മരുന്നുകള്‍, ഭക്ഷ്യവസ്തുക്കള്‍ എന്നിവയുള്‍പ്പെടെ നിരവധി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന പ്രധാനപ്പെട്ട ഒരു എഫ്എംസിജി കമ്പനിയാണ് പതഞ്ജലി. ഒരുപാട് സാധ്യതകള്‍ ഉള്ള മേഖലയാണ് എന്ന് കണ്ടാണ് പതഞ്ജലി ജനറല്‍ ഇന്‍ഷുറന്‍സ് വിപണിയിലേക്ക് കണ്ണുവയ്ക്കുന്നത്. 100 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം അടക്കം ഇന്‍ഷുറന്‍സ് രംഗത്തെ പരിഷ്‌കാരങ്ങള്‍ കണക്കിലെടുത്താണ് പതഞ്ജലിയുടെ നീക്കം.

'വികസിത രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ ജനറല്‍ ഇന്‍ഷുറന്‍സ് മേഖല ഇനിയും ഒരുപാട് വളരാനുണ്ട്. കൂടാതെ 2047 ഓടെ എല്ലാവര്‍ക്കും ഇന്‍ഷുറന്‍സ് എന്ന ഐആര്‍ഡിഎഐയുടെ ദര്‍ശനവും വലിയ സാധ്യത തുറന്നിടുന്നതാണ്. നിലവില്‍ രാജ്യത്ത് പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ 2,00,000 കൗണ്ടറുകളില്‍ ലഭ്യമാണ്. ഗ്രാമീണ വിപണിയില്‍ അടക്കം വലിയ വിതരണ നെറ്റ് വര്‍ക്ക് പതഞ്ജലിക്ക് ഉണ്ട്. റിലയന്‍സ് റീട്ടെയില്‍, ഹൈപ്പര്‍ സിറ്റി, സ്റ്റാര്‍ ബസാര്‍, 250 പതഞ്ജലി മെഗാ സ്റ്റോറുകള്‍ എന്നിവയുള്‍പ്പെടെയുള്ള ദേശീയ തല ശൃംഖലകളും ഉണ്ട്. ഇതെല്ലാം മാഗ്മ ജനറല്‍ ഇന്‍ഷുറന്‍സിന് വളരെയധികം പ്രയോജനം ചെയ്യും'- പതഞ്ജലി വക്താവ് പറഞ്ഞു.

റീട്ടെയില്‍ (മോട്ടോര്‍, ആരോഗ്യം, വ്യക്തിഗത അപകട, ഹോം ഇന്‍ഷുറന്‍സ്), വാണിജ്യ (ഫയര്‍, എന്‍ജിനീയറിംഗ്, ബാധ്യത, മറൈന്‍ ഇന്‍ഷുറന്‍സ്) വിഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന 70-ലധികം ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങളുടെ ഒരു പോര്‍ട്ട്ഫോളിയോ മാഗ്മ ജനറല്‍ ഇന്‍ഷുറന്‍സ് വാഗ്ദാനം ചെയ്യുന്നു. 2024 സാമ്പത്തിക വര്‍ഷത്തില്‍ പ്രീമിയം ഇനത്തില്‍ 3,295 കോടി രൂപയാണ് കമ്പനി പിരിച്ചെടുത്തത്. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ തലവന്‍ കൂടിയാണ് ആദര്‍ പൂനാവാല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com