
ജന്മദിന ആശംസകളിൽ പ്രായം വെറുമൊരു അക്കം മാത്രമാണെന്ന ആശ്വാസ വചനം അറുപത് കഴിഞ്ഞവർക്കെല്ലാം സുപരിചിതം. 70 ആണ് പുതിയ 50, 60 ആണ് പുതിയ 40 തുടങ്ങിയ പോസിറ്റിവിസ്റ്റു ചൊല്ലുകളും എല്ലാവർക്കും പരിചിതം. എന്നാൽ ഇനി മുതൽ അവ വെറും ചൊല്ലുകളല്ല. പറയുന്നത് മറ്റാരുമല്ല. അന്താരാഷ്ട്ര നാണയ നിധി എന്ന ഐഎംഎഫ് ആണ്. പ്രായം മറന്നേക്കൂ, പുതിയകാലത്ത്, പ്രായമൊരു പ്രശ്നമേയല്ല, എന്നാണ് ഐ എം എഫിന്റെ (IMF) കണ്ടെത്തൽ. തല നരച്ചവരുടെ പെരുകലിനെ 'സിൽവർ ഇക്കോണമിയുടെ' കാലമെന്നും അവർ വിശേഷിപ്പിക്കുന്നു.
ജനനനിരക്ക് കുറയുന്നതും വയോജനങ്ങളുടെ എണ്ണം വർദ്ധിക്കുന്നതും വലിയൊരു പ്രതിസന്ധിയായി കാണുന്ന ലോകത്താണ് അതിന് തിരുത്തുമായി ഐ എം എഫിന്റെ ഏറ്റവും പുതിയ പഠനം. 2022-ൽ 70 വയസായ ഒരാൾക്ക് 2000-ൽ 53 വയസുള്ള ഒരാളുടെ അതേ വൈജ്ഞാനിക ശേഷി (cognitive ability) ഉണ്ടെന്ന് ഐഎംഎഫ് പഠനം ചൂണ്ടിക്കാട്ടുന്നു. 2025 ഏപ്രിലിൽ പുറത്തറിക്കിയ "World Economic Outlook: A Critical Juncture amid Policy Shifts" എന്ന പഠന റിപ്പോർട്ടിലാണ് ലോക ജനസംഖ്യയിൽ വരുന്ന മാറ്റങ്ങളെയും, അതിന്റെ സംഭവിക്കുന്ന സാമ്പത്തിക-സാമൂഹിക പ്രത്യാഘാതങ്ങളെയും കുറിച്ചുള്ള വിശകലനം അടങ്ങിയിട്ടുള്ളത്.
ലോകത്തെ ജനനിരക്ക് ഏതാണ്ട് 1.1 ശതമാനമാണ് നിലവിലെ വർദ്ധന. ഈ നൂറ്റാണ്ട് അവസാനമാകുമ്പോൾ (2080-2100), അത് ഏകേദശം പൂജ്യമാകും. കുറയുന്ന ജനനനിരക്കും, വർദ്ധിക്കുന്ന ആയുർദൈർഘ്യവും, ആരോഗ്യത്തോടെയുള്ള ദീർഘായുസ്സും ലോകത്തെ പുതിയ സമീപനങ്ങളിലേക്ക് നയിക്കാറായി എന്ന് പഠനം പറയുന്നു. 2020 മുതൽ ഈ നൂറ്റാണ്ട് അവസാനിക്കുന്നതനിടെ ലോക ജനസംഖ്യയുടെ ശരാശരി പ്രായം 11 വർഷം കണ്ട് വർദ്ധിക്കും. ഇതുകൊണ്ട് തന്നെ സമ്പദ് വ്യവസ്ഥയെ ഇനി മുന്നോട്ട് നയിക്കുന്നതിൽ വാർധക്യത്തിലെത്തിയവരുടെ - 65 വയസ്സിനും അതിന് മുകളിലുമുള്ളവരുടെ- പങ്ക് ലോകമെമ്പാടും വർദ്ധിച്ചു വരുന്നു. ഇതാണ് ലോകത്തെ സിൽവർ ഇക്കോണമിയുടെ വളർച്ചയ്ക്ക് സഹായകമാകുന്നത്. ഇത് ലോകത്തെ എല്ലാ സമ്പദ് വ്യവസ്ഥകളിലും സമൂഹങ്ങളിലും ദൂരവ്യാപകമായ ഫലങ്ങൾ ഉളവാക്കുമെന്ന് പഠനം പറയുന്നു.
.ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലും ജനനനിരക്ക് കുത്തനെ കുറയുകയും ആയുർദൈർഘ്യം ആരോഗ്യത്തോടു കൂടിയുള്ള ദീർഘായുസ്സും വർദ്ധിക്കുകയും ചെയ്യുന്നു. ഈ പ്രവണത വികസിത, വികസ്വര വിപണി- സമ്പദ് വ്യവസ്ഥയുള്ള രാജ്യങ്ങളിൽ മാത്രമല്ല, അവികസിത സമ്പദ് വ്യവസ്ഥയുള്ള രാജ്യങ്ങളിലെ ജനനനിരക്കിലും കാണാനാകും.
പല രാജ്യങ്ങളിലും, ആയുർ ദൈർഘ്യം വർദ്ധിച്ചുവെന്ന് മാത്രമല്ല, മെച്ചപ്പെട്ട ആരോഗ്യത്തോടെ വാർദ്ധക്യത്തിലെത്തുകയും ചെയ്യുന്നു, ഇത് ദീർഘവും കൂടുതൽ ഉൽപ്പാദനക്ഷമവുമായ ജോലി ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നു. ആയുർദൈർഘ്യം, വർദ്ധിക്കുന്നതിനൊപ്പം, പ്രായമായ വ്യക്തികളുടെ പ്രവർത്തന ശേഷിയും കാലക്രമേണ മെച്ചപ്പെട്ടിട്ടുണ്ട്. അതേ പ്രായത്തിലുള്ള മുൻ തലമുറയെ അപേക്ഷിച്ച് പ്രായമായ വ്യക്തികളുടെ തലമുറ കൂടുതൽ പുതിയ തലമുറ ( ഇന്നത്തെ തലമുറ) ശാരീരികമായി ശക്തരും വൈജ്ഞാനികമായി കഴിവുള്ളവരുമാണ്. വൈജ്ഞാനിക ശേഷികൾ പ്രധാനമാകുന്ന ഇക്കാലത്ത് , "70-കൾ പുതിയ 50-കളാണ്". വികസിത രാജ്യങ്ങളും, വളർന്നുവരുന്ന വിപണി അധിഷ്ഠിത രാജ്യങ്ങളുമടക്കം 41 രാജ്യങ്ങളിലെ സാമ്പിളിൽ നിന്നുള്ള ഡാറ്റ സൂചിപ്പിക്കുന്നത്, 2022-ൽ 70 വയസ്സുള്ള ഒരാൾക്ക് 2000-ൽ 53 വയസ്സുള്ള ഒരാളുടെ അതേ വൈജ്ഞാനിക ശേഷി ഉണ്ടെന്നാണ് പഠനം വിശീദികരിക്കുന്നത്.
ജനസംഖ്യാപരമായ മാറ്റങ്ങളുടെ നെഗറ്റീവായ ആഘാതത്തെ ആരോഗ്യകരമായ വാർദ്ധക്യം ഭാഗികമായി നികത്തുമെങ്കിലും, 21-ാം നൂറ്റാണ്ടിലുടനീളം ആഗോള ഉൽപ്പാദന വളർച്ചയെ അത് ഗണ്യമായി മന്ദഗതിയിലാകും, കൂടാതെ പൊതു കടം-ജിഡിപി അനുപാതം സ്ഥിരപ്പെടുത്തുന്നതിന് പല രാജ്യങ്ങൾക്കും കൂടുതൽ അധ്വാനം വേണ്ടി വരും. ആരോഗ്യമുള്ള വാർദ്ധക്യം,പ്രായമായ വ്യക്തികളുടെ തൊഴിലിൽ വർദ്ധനവും മനുഷ്യ മൂലധനത്തിലെ പുരോഗതിയും 2025-50 ൽ ആഗോള ജിഡിപി വളർച്ചയ്ക്ക് ഗുണകരമാകും. ഇതുവഴി ജി ഡി പി വളർച്ചയിൽ പ്രതിവർഷം 0.4 ശതമാനം സംഭാവന ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഈ അനുകൂല സാഹചര്യം ഉണ്ടായിരുന്നിട്ടും, നിലവിലെ നയങ്ങൾക്ക് കീഴിലുള്ള ശരാശരി ആഗോള വാർഷിക ഉൽപ്പാദന വളർച്ച 2016-18 ലെ ശരാശരിയുമായി താരതമ്യപ്പെടുത്തുമ്പോൾ അതേ കാലയളവിൽ 1.1 ശതമാനം പോയിന്റ് കുറയാം. ജനസംഖ്യാ പ്രവണതകൾ ഈ ഇടിവിന് പ്രധാന കാരണമാകാം
കഴിഞ്ഞ ദശകങ്ങളിൽ ആരോഗ്യ സംരക്ഷണം, പൊതുജനാരോഗ്യ നടപടികൾ, ജീവിത നിലവാരത്തിലെ ഗുണപരമായ വളർച്ച എന്നിവയിലെ പുരോഗതി ലോകമെമ്പാടുമുള്ള മരണനിരക്കിൽ ഗണ്യമായ കുറവുണ്ടാക്കിയിട്ടുണ്ട്. ഇത് ആയുർദൈർഘ്യത്തിലും ദീർഘായുസ്സിലും ഗണ്യമായ വർദ്ധനവിന് കാരണമായി. ജനനനിരക്ക് കുറയുന്നതിനൊപ്പം ഈ പ്രവണതകളും സമ്പദ്‌വ്യവസ്ഥയുടെ പ്രായഘടനയിൽ കാര്യമായ മാറ്റങ്ങൾക്ക് കാരണമാകുന്നു.
സിൽവർ സമ്പദ്‌വ്യവസ്ഥയുടെ ഉയർച്ചയ്ക്ക് ആയുർദൈർഘ്യം വർദ്ധിക്കുന്നത് കാരണമാകുന്നു. കാരണം വയോധിക ജനസംഖ്യയുടെ പങ്ക് അതിവേഗം വർദ്ധിക്കുമെന്ന് പ്രവചിക്കപ്പെടുന്നു. യൂറോപ്പിലെയും ഏഷ്യയിലെയും ഏറ്റവും വലിയ വികസിത സമ്പദ്‌വ്യവസ്ഥകളും വളർന്നുവരുന്ന വിപണികളും ഉൾപ്പെടെ “ഏർളി ഏജേഴ്സി”ലാണ് പ്രായമായ വ്യക്തികളുടെ അനുപാതത്തിലെ വർദ്ധനവ് ഏറ്റവും കൂടുതലെങ്കിലും, ലാറ്റിൻ അമേരിക്കൻ സമ്പദ്‌വ്യവസ്ഥകളും ആഫ്രിക്കയും, മിഡിൽ ഈസ്റ്റും വൃദ്ധ ജനസംഖ്യയുടെ അനുപാതത്തിൽ കുത്തനെ വർദ്ധനവ് അനുഭവിക്കും.
വാർദ്ധക്യം ഇനി വികസിത സമ്പദ്‌വ്യവസ്ഥകളിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒരു ആശങ്കയല്ല; എല്ലാ രാജ്യങ്ങളിലും ഈ നൂറ്റാണ്ടിലുടനീളം സ്വാധീനം ചെലുത്തുന്ന ഒരു സാർവത്രിക പ്രവണതയാണിത്. ഇത് മൂലം കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങൾക്ക് ജനസംഖ്യാപരമായ നേട്ടങ്ങൾ കൊയ്യാനുള്ള അവസരം ക്രമേണ അടയാം.
ആഗോള ജനസംഖ്യാ വാർദ്ധക്യത്തെ അടിസ്ഥാനമാക്കി തൊഴിൽ ലഭ്യത വർദ്ധിപ്പിക്കാനും വളർച്ച വർദ്ധിപ്പിക്കാനും സാമ്പത്തിക സമ്മർദ്ദങ്ങൾ ലഘൂകരിക്കാനും ബഹുമുഖ നയ സമീപനം സ്വീകരിക്കുന്നതിലൂടെ സാധ്യമാകും . പ്രായപൂർത്തിയായവരുടെ (അതായത്, 50 വയസ്സിനും വിരമിക്കൽ പ്രായത്തിനും ഇടയിൽ പ്രായമുള്ളവരുടെ) മനുഷ്യ വിഭവശേഷിയെ വിനിയോഗിക്കുന്നതിനും സഹായിക്കുന്നതിനുമായി ആജീവനാന്ത നയങ്ങൾ, ആരോഗ്യ പ്രോത്സാഹനവും പ്രതിരോധ നടപടികളും ഉൾപ്പെടെ സ്വീകരിക്കാവുന്നതാണ് കൂടാതെ, 65 വയസ്സിനും അതിനുമുകളിലും പ്രായമുള്ളവരുടെ ഇടയിലെ തൊഴിൽ പങ്കാളിത്തം വർദ്ധിപ്പിക്കുന്നത് - ആയുർദൈർഘ്യത്തിലെ പുരോഗതിക്കനുസരിച്ച് ഫലപ്രദമായ വിരമിക്കൽ പ്രായം ക്രമേണ വർദ്ധിപ്പിച്ചുകൊണ്ട് - ലിംഗ അസമത്വം നികത്തുന്നതിലൂടെ - പല രാജ്യങ്ങളിലും ഗണ്യമായ വളർച്ചയ്ക്ക് കാരണമാകുമെന്നും പഠനം പറയുന്നു.
സമ്പദ്‌വ്യവസ്ഥകളുടെ പ്രായഘടനയിലെ മാറ്റങ്ങളുടെ ഒരു പ്രധാന ഘടകമാണ് ദീർഘായുസ്സ് എന്നതിനാൽ, ഒരു പ്രധാന ചോദ്യം വ്യക്തികൾ മെച്ചപ്പെട്ട ആരോഗ്യത്തോടെ വാർദ്ധക്യം പ്രാപിക്കുന്നുണ്ടോ എന്നതാണ്. പ്രായമായ വ്യക്തികളുടെ പ്രവർത്തന ശേഷി കാലക്രമേണ വർദ്ധിച്ചുവരുന്നുണ്ടെന്നതിന് തെളിവുണ്ടോ? വ്യത്യസ്ത സമ്പദ്‌വ്യവസ്ഥകളിലുടനീളം ഈ നേട്ടങ്ങൾ എത്രത്തോളം വിശാലമാണ്? തൊഴിൽ വിപണികൾക്കുള്ള പ്രത്യാഘാതങ്ങൾ എന്തൊക്കെയാണ്? എന്ന ചോദ്യങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു ഈ പഠനം. കേരളത്തിലെ സാമ്പത്തിക-സാമൂഹ്യ വിഷയങ്ങളുമായി ബന്ധപ്പെട്ട ചർച്ചകളിൽ പലപ്പോഴും ഉയർന്നുവരുന്ന ഒന്നാണ് കേരളത്തിലെ ജനസംഖ്യയിൽ പ്രായമാവരുടെ എണ്ണത്തിലുള്ള വർധന. കേരളം അതിവേഗം ഒരു വയോജന (ജീറിയാട്രിക്) സമൂഹമായി മാറുന്നുവെന്ന ആശങ്ക ഈ ചർച്ചകളുടെ ഭാഗമാണ്. 60 വയസ്സ് കഴിഞ്ഞവരുടെ എണ്ണം സംസ്ഥാനത്തെ ജനസംഖ്യയുടെ 20 ശതമാനത്തോളം വരുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. സിൽവർ ഇക്കണോമിയുടെ കാലത്തു അതിനെ പറ്റി അമിതമായി വ്യാകുലപ്പെടേണ്ട എന്നാണ് ഐഎംഎഫ് പറയുന്നത്.
ഈ പഠനം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഗൗരവമായി എടുക്കേണ്ടത് കേരളമാണെന്ന് ധനകാര്യവകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ അഭിപ്രായപ്പെട്ടു. ലോകരാഷ്ട്രങ്ങൾക്കൊപ്പം ജനനനിരക്ക് കുറവായിരിക്കുകയും സ്ത്രീ-പുരുഷ അനുപാതത്തിൽ മുന്നിൽ നിൽക്കുകയും ആയുർദൈർഘ്യവും ദീർഘായുസ്സും കൂടുതലാണ് എന്നതുമാണ് അതിന് പ്രധാന കാരണം. ജീവിതശൈലി രോഗങ്ങളുണ്ടാക്കുന്ന പ്രശ്നങ്ങൾ ഉണ്ടെങ്കിലും തൊഴിൽപരമായി അവരുടെ നൈപുണികളും ശേഷികളും വിനിയോഗിക്കുന്നതിന് അത് തടസ്സമാകില്ല. സംസ്ഥാനത്തെ സാമ്പത്തിക മേഖലയിലെ പ്രതിസന്ധിയിൽ ഇന്ന് ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം സർക്കാർ ജീവനക്കാർക്ക് നൽകുന്ന പെൻഷനാണ്. പഴയകാലത്തെ ആയുർദൈർഘ്യ കണക്ക് വച്ചാണ് പെൻഷൻ സംവിധാനവും വിരമിക്കൽ പ്രായവും കണക്കാക്കിയത്. എന്നാൽ, ആ സാഹചര്യങ്ങൾ പൂർണ്ണമായി മാറിയിട്ടും കേരളത്തിലെ വിരമിക്കൽ പ്രായം മാറിയിട്ടില്ല.
കേരളത്തെ സംബന്ധിച്ച് തൊഴിൽ മേഖലയിലും കാര്യമായ മാറ്റം വന്നിട്ടുണ്ട്. കേരളത്തിലും ഇന്ത്യയിലുമുള്ള സ്വകാര്യ മേഖലകളിൽ തൊഴിൽ തേടുന്നവരുടെ, സ്വകാര്യമേഖലയിൽ ഉറച്ചു നിൽക്കുന്നവരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. മാത്രമല്ല, കേരളത്തിൽ നിന്നുള്ള തൊഴിൽ കുടിയേറ്റം എന്നത് 90 കൾ വരെ ഗൾഫ് നാടുകളിൽ മാത്രമായി ഒതുങ്ങി നിന്നിരുന്നുവെങ്കിൽ 2000 മുതൽ ഈ രീതിക്ക് കാര്യമായ വ്യത്യാസം വന്നിട്ടുണ്ട്. ഗൾഫിന് പുറമെ യു എസ്, യു കെ , ഓസ്ട്രേലിയ, ജർമ്മനി, ആഫ്രിക്കൻ രാജ്യങ്ങൾ, സ്കാൻഡിനേവിയൻ രാജ്യങ്ങൾ എന്നിങ്ങനെ കുടിയേറ്റ പ്രവണത മാറിക്കഴിഞ്ഞു. ഇത് കേരളത്തിലെ തൊഴിൽ ശക്തിയിലും മാറ്റം വരുത്തിയിട്ടുണ്ട്.
കേരളം ഇപ്പോൾ നേരിടുന്ന പ്രതിസന്ധി പെൻഷൻ പ്രായം പഴയതു പോലെ നിൽക്കുന്നതിനാൽ, വൈജ്ഞാനിക ശേഷിയും ആരോഗ്യവുമുള്ളവർ 60 വയസ്സിലോ അതിന് മുമ്പോ വിരമിക്കുന്നു. ഇവർക്ക് പെൻഷൻ നൽകുന്നതിന് പുറമെ പുതിയ തസ്തികകളിലെ നിയമനവും സർക്കാർ നടപ്പാക്കുന്നു. വിരമിച്ച പലരെയും അവരുടെ കഴിവുകൾ പ്രയോജനപ്പെടുത്തുന്നതിനായി കരാറിടസ്ഥാനത്തിലോ മറ്റോ വീണ്ടും സർക്കാരിന് നിയമിക്കേണ്ടി വരുന്നു. അങ്ങനെയുള്ള ഒട്ടേറെ നിയമനങ്ങൾ പല വകുപ്പുകളിലായി കാണാനാകും. അതുകൊണ്ട് കേരളവും മാറിചിന്തിക്കേണ്ട സമയമായി അദ്ദേഹം പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ