

മുസ്‌ലിം ലീഗിനു വനിതാ സ്ഥാനാര്‍ത്ഥിയുണ്ടാകുമോ എന്ന ചോദ്യത്തിനു കേരളത്തോളം പഴക്കമുണ്ട്. കേരളം ഉണ്ടായതുമുതല്‍ എല്ലാ തെരഞ്ഞെടുപ്പുകളിലും, പ്രത്യേകിച്ചു നിയമസഭാ തെരഞ്ഞെടുപ്പില്‍ പതിവായി ഉയരുന്ന ചോദ്യം.
അങ്ങനെയങ്ങനെയാണ് 1996ല്‍ കോഴിക്കോട് രണ്ടാം മണ്ഡലത്തില്‍ ഖമറുന്നിസ അന്‍വറിനെ മല്‍സരിപ്പിച്ചത്. ഒരു പെണ്ണ് നമ്മുടെയൊക്കെ മുകളിലൂടെ നിയമസഭയില്‍ എത്തേണ്ട എന്നുറപ്പിച്ച ലീഗിലെ 'ആണ്‍പുലികള്‍' തന്നെ അവരെ തോല്‍പ്പിച്ചു വീട്ടിലിരുത്തി. ജയിച്ചാലല്ലേ വീണ്ടും അവകാശവാദം ഉന്നയിക്കുമ്പോള്‍ ബലമുള്ളൂ. അതുകൊണ്ട് അടുത്ത തെരഞ്ഞെടുപ്പില്‍ ഖമറുന്നിസ ആ വഴി വന്നില്ല. മറ്റു വനിതകളും വനിതാ ലീഗിന്റെ ഇത്തിരിവട്ടത്തില്‍ ആഹ്ലാദവും ആശ്വാസവും അനുഭവിക്കുന്നതില്‍ തൃപ്‌തരായി. നിയമസഭ, പാര്‍ലമെന്റ് എന്നൊക്കെ പറഞ്ഞാല്‍ അത് ആണുങ്ങള്‍ക്കുള്ളതാണെന്നും പെണ്ണുങ്ങളെ നിറുത്തിയാല്‍ അതിനെതിരേ സുന്നി, മുജാഹിദ് വ്യത്യാസമില്ലാതെ എല്ലാവരും എതിര്‍ക്കുമെന്നുമുള്ള പൊതുബോധം ലീഗ് അണികളിലും നേതാക്കളിലും ഉറപ്പിക്കുന്നതില്‍ നേതൃത്വം വിജയിച്ചു.
പക്ഷേ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ആദ്യം 33 ശതമാനവും പിന്നീട് 50 ശതമാനവും വനിതാ സംവരണം വന്നതോടെ വെട്ടിലായ പ്രധാന രാഷ്ട്രീയ കക്ഷി ലീഗാണ്. ഭാര്യയെയും സഹോദരിയെയുമൊക്കെ രംഗത്തിറക്കി, 'ഞങ്ങളും പുരോഗമനകാരികളാണ്' എന്നു മേനി നടിച്ചാണ് ആ ചമ്മല്‍ മാറ്റിയത്. പക്ഷേ, കഴിവതും പെണ്‍ സ്ഥാനാര്‍ത്ഥിയുടെ ഫോട്ടോ വച്ച് പോസ്‌റ്ററും ബാനറും അടിക്കാതിരിക്കാന്‍ ശ്രമിച്ചു. പക്ഷേ, അതു വേണ്ടത്ര വിജയിച്ചില്ല. ആത്മാഭിമാനമുള്ള സ്‌ത്രീകള്‍ പുറത്തേക്കു വരികതന്നെ ചെയ്‌തു.
ജയിച്ചു വന്ന സ്‌ത്രീകളെ മുന്നില്‍ നിര്‍ത്തി പിന്‍സീറ്റു ഭരണം നടത്താനുള്ള ലീഗു നേതാക്കളുടെ ശ്രമങ്ങളും പരിധിവിടാന്‍ ഭൂരിഭാഗം സ്‌ത്രീകളും സമ്മതിച്ചില്ല. ക്രമേണ ആ ആഗ്രഹംതന്നെ ഭര്‍ത്താക്കന്മാരും ആങ്ങളമാരും ഇതൊന്നുമല്ലാത്ത നേതാക്കന്മാരും മനസ്സില്‍ വയ്‌ക്കേണ്ടി വന്നു. അങ്ങനെയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സിപിഎമ്മില്‍ നിന്നും സിപിഐയില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നുമെന്നതുപോലെ ലീഗില്‍ നിന്നും മികച്ച ജനപ്രതിനിധികളുണ്ടായത്. അവര്‍ അഴിമതിയോ പക്ഷപാതമോ ഉള്‍പ്പെടെ ക്രമക്കേടുകളിലൊന്നും പെടാതെ നാടിന്റെ വികസനത്തില്‍ വലിയ പങ്കുവഹിച്ച് അഭിമാനമായി മാറി.
ലീഗ് തട്ടകമായ മലപ്പുറം ജില്ലയിലും ലീഗിനു ശക്തിയുള്ള കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, പാലക്കാട് ജില്ലകളിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പെണ്‍ജനപ്രതിനിധികളില്‍ ആത്മാര്‍ത്ഥതയും കഠിനാധ്വാനവും കൊണ്ട് ഉയര്‍ന്നുവന്ന നിരവധിപ്പേരുണ്ട്. ഗ്രാമ, ബ്ലോക്, ജില്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും അവര്‍ ഗംഭീര നേതൃത്വം നല്‍കുകയും നല്ല അധ്യക്ഷമാരും ഉപാധ്യക്ഷമാരും സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷമാരുമായി തിളങ്ങുകയും ചെയ്‌തു. ഇതൊന്നുമല്ലാത്ത സാധാരണ അംഗങ്ങളായും നാടിനു പ്രിയപ്പെട്ടവരായി മാറിയവര്‍ ഏറെ.
ലോകം മാറുകയും ഇന്ത്യയും കേരളവും ആ മാറ്റത്തിന്റെ മുന്‍പന്തിയില്‍ ഇടം നേടുകയും ചെയ്‌തപ്പോള്‍ സ്‌ത്രീയുടെ സാമൂഹിക ഇടം സംബന്ധിച്ച ചര്‍ച്ചകളില്‍ ഇവര്‍ മികച്ച മാതൃകകളായി പ്രകീര്‍ത്തിക്കപ്പെട്ടു. ഇസ്‌്‌ലാം സ്‌ത്രീകള്‍ക്കു നീതി നല്‍കുന്ന മതമാണെന്നു പറയുകയും കിട്ടുന്ന അവസരങ്ങളിലെല്ലാം സ്‌ത്രീകളെ മാറ്റിനിര്‍ത്തുകയും ചെയ്യുന്ന ആണ്‍കോയ്‌മയുടെ നാണക്കേടില്‍ നിന്നു മുസ്‌ലിം രാഷ്ട്രീയ, സമുദായ നേതൃത്വത്തിനു കുറേയെങ്കിലും മാറാതെ വയ്യ എന്നും വന്നു. വിദ്യാഭ്യാസത്തിലെ മുസ്‌ലിം സ്‌ത്രീ പങ്കാളിത്തം പൊതുവെയും ഉന്നത വിദ്യാഭ്യാസത്തിലെ പങ്കാളിത്തം പ്രത്യേകിച്ചും കുതിച്ചുയര്‍ന്നതും ഇതേ കാലത്തുതന്നെ. ശാക്തീകരണം എന്ന വാക്കിന്റെ അര്‍ത്ഥവും വ്യാപ്‌തിയും മുസ്‌ലിം സ്‌ത്രീക്കും അന്യമല്ലാതായി.
പക്ഷേ, നിയമനിര്‍മാണ സഭകളില്‍ മുസ്‌ലിം സ്‌ത്രീയുടെ പങ്കാളിത്തം സീറോ ആയി നിലനിര്‍ത്തുന്നതില്‍ സമുദായത്തിലെ 'ഹീറോ'കള്‍ക്കു വിട്ടുവീഴ്‌ചയുണ്ടായില്ല. കഴിയുമെങ്കില്‍ മറ്റു സമുദായങ്ങളും മറ്റു പാര്‍ട്ടികളും തങ്ങളെപ്പോലെ പെണ്ണുങ്ങളെ പുറത്തു നിര്‍ത്തണം എന്ന് ആഗ്രഹിക്കുക പോലും ചെയ്‌തു അവര്‍. അതു നടക്കാത്ത സ്വപ്‌നമായതുകൊണ്ട് സ്വന്തം പാര്‍ട്ടിയില്‍ നടപ്പാകുന്നുവെന്ന് ഉറപ്പു വരുത്തി. മുസ്‌ലിം ലീഗില്‍ നിന്ന് 1996നു ശേഷം ഒരു സ്‌ത്രീപോലും നിയമസഭയിലേക്കു മല്‍സരിച്ചിട്ടില്ല., മല്‍സരിപ്പിച്ചിട്ടില്ല എന്നത് ലീഗിനെ വിടാതെ നെഞ്ചോടു ചേര്‍ത്തു പിടിച്ചിരിക്കുന്ന ദേശീയ സ്വാതന്ത്ര്യസമരപ്രസ്ഥാനമായ കോണ്‍ഗ്രസിനു നാണക്കേടായി തോന്നിയില്ല.
അവരുടെ ദേശീയ അധ്യക്ഷ സോണിയ ഗാന്ധി ഒരിക്കല്‍പ്പോലും ഈ വിഷയം സംസാരിച്ചു കേട്ടിട്ടില്ല. ലീഗിന്റെ കൂടി സഹായത്തോടെ ജയിക്കാന്‍ വയനാട്ടില്‍ വന്നു മല്‍സരിച്ച രാഹുല്‍ ഗാന്ധിക്കും ലീഗിന്റെ ഈ സ്‌ത്രീവിരുദ്ധ നയത്തോട് എതിര്‍പ്പുള്ളതായി കേട്ടിട്ടില്ല. മുസ്‌ലിം സ്‌ത്രീകളില്‍ ഒരു വിഭാഗത്തിന്റെ വേഷത്തേക്കുറിച്ച് രാപ്പകലില്ലാതെ ഉത്‌കണ്‌ഠപ്പെടുന്ന ഫെമിനിസ്റ്റുകള്‍ക്ക് ലീഗിലെ സ്‌ത്രീകള്‍ക്കു സീറ്റു കൊടുക്കാത്തതില്‍ പ്രതിഷേധമില്ല. തെരഞ്ഞെടുപ്പു കമ്മീഷന്‍ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന, എംഎല്‍എമാരും എംപിമാരുമുള്ള മന്ത്രിമാരുണ്ടായിരുന്ന, ഇനിയും ഉണ്ടാകാനിടയുള്ള ഒരു പ്രധാന രാഷ്ട്രീയ പാര്‍ട്ടിയാണ് ലീഗ്. കഴിഞ്ഞ തെരഞ്ഞെടുപ്പിലേക്കാള്‍ മൂന്ന് സീറ്റുകള്‍ ഇത്തവണ അവര്‍ കൂടുതല്‍ ചോദിച്ചുവാങ്ങിയിരിക്കുകയാണ് മുന്നണിയില്‍. അതായത് 27 സീറ്റുകളില്‍ മല്‍സരിക്കും.
പക്ഷേ, അതില്‍ ഒന്നു പോലും സ്‌ത്രീ സ്ഥാനാര്‍ത്ഥിക്ക് നല്‍കില്ല. സമുദായ സംഘടനകളുടെ എതിര്‍പ്പ് എന്ന പതിവ് ഉമ്മാക്കി ഇത്തവണയും കാണിച്ചുകഴിഞ്ഞു. വനിതാ നേതാക്കള്‍ കുറവുള്ള പാര്‍ട്ടിയല്ല ലീഗ്. പക്ഷേ, പാര്‍ട്ടി പദവികളില്‍ അവരില്ല. ഭരണം കിട്ടുമ്പോള്‍ വനിതാ കമ്മീഷനിലോ വനിതാ വികസന കോര്‍പറേഷനിലോ സാമൂഹികക്ഷേമ ബോര്‍ഡിലോ അംഗമോ അധ്യക്ഷയോ ആക്കുകയാണ് പരമാവധി ചെയ്യുന്നത്. വനിതാ കമ്മീഷനില്‍ ഇതുവരെ അധ്യക്ഷപദവി നല്‍കിയിട്ടുമില്ല; അംഗം മാത്രം.
വനിതാ ലീഗിലൂടെ വന്ന് ശ്രദ്ധേയരാവുകയും പിന്നീട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ മികച്ച നേതൃത്വം വഹിക്കുകയും ചെയ്‌ത എത്രയോ പേരുണ്ട്.
അഡ്വ. പി കുല്‍സു, സുഹ്‌റ മമ്പാട്, അഡ്വ. കെ പി മറിയുമ്മ, അഡ്വ. നൂര്‍ബിന റഷീദ് എന്നിവര്‍ അവരില്‍ ചിലര്‍ മാത്രം. എംഎസ്‌എഫ് നേതാവ് ഫാത്തിമ തഹ്‌്‌ലിയ ശ്രദ്ധേയയായ യുവനേതാവാണ്. പക്ഷേ, ലീഗിന്റെ പരിഗണനാ പട്ടികയില്‍ ഇവരാരുമില്ല. 2021ലെ തെരഞ്ഞെടുപ്പിലും കേരളത്തിലെ ഒരു പ്രമുഖ പാര്‍ട്ടി സ്‌ത്രീവിരുദ്ധമായി തീരുമാനമെടുക്കുന്നു; കേരളം അത് വേറാരുടെയോ കാര്യമെന്ന മട്ടില്‍ നോക്കിനില്‍ക്കുക മാത്രം ചെയ്യുന്നു. അല്ല, വേറെന്തു ചെയ്യാന്‍?
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates