കോഴിക്കോട്: വടകര ലോക്സഭ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി പി ജയരാജനെതിരെ രണ്ട് കൊലപാതക കേസുകളടക്കം പത്ത് കേസുകള്‍. കതിരൂര്‍ മനോജ് വധവും ഷൂക്കൂര്‍ വധക്കേസുമാണ് ജയരാജനെതിരെയുള്ള കൊലപാതക കേസുകള്‍. ഒരു കേസിൽ ശിക്ഷിച്ചിട്ടുണ്ട്. നാമനിര്‍ദേശ പത്രികക്കൊപ്പം ജയരാജന് നല്കിയ സത്യവാങ് മൂലത്തിലാണ് ഈ വിവരങ്ങളുള്ളത്.
അന്യായമായി സംഘം ചേർന്ന് പൊതുമുതൽ നശിപ്പിച്ച കേസിലാണ് ജയരാജൻ ശിക്ഷിക്കപ്പെട്ടത്. കൂത്തുപറമ്പ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിവിധ വകുപ്പുകൾ പ്രകാരം രണ്ടര വർഷം തടവിനും പിഴ അടക്കാനും ശിക്ഷിച്ചത്. ഇതിനെതിരെ നൽകിയ അപ്പീലിൽ തീരുമാനമാവുന്നതുവരെ വിധി നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞിരിക്കുകയാണ്.
കതിരൂർ മനോജ് വധക്കേസ്, പ്രമോദ് വധശ്രമക്കേസ് എന്നിവയിൽ ഗൂഢാലോചന നടത്തി, അരിയിൽ ഷുക്കൂറിനെ കൊല്ലാനുള്ള പദ്ധതി മറച്ചുവെച്ചു എന്നിവയാണ് ജയരാജന്റെ പേരിലുള്ള കേസുകളിൽ തീവ്ര സ്വഭാവമുള്ളത്. മറ്റുള്ളവ അന്യായമായി സംഘം ചേർന്നതിനും ഗതാഗതം തടസ്സപ്പെടുത്തിയതിനുമാണ്.
ജയരാജന്റെ കൈവശം 2,000 രൂപയും ഭാര്യയുടെ പേരിൽ 5,000 രൂപയുമാണ് ഉള്ളത് എന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ജയരാജന്റെ നിക്ഷേപം 8,22,022 രൂപയും (ബാങ്ക് നിക്ഷേപവും ഓഹരിയുമടക്കം) ഭാര്യയുടെ നിക്ഷേപം 31,75,418 രൂപയുമാണ്. ജയരാജന്റെയും ഭാര്യയുടേയും സംയുക്ത ഉടമസ്ഥതയില്‍ 37 ലക്ഷം രൂപയുടെ സ്വത്താണുള്ളത്. ഭാര്യയുടെ പേരില്‍ 16 ലക്ഷത്തിന്റെ സ്വത്ത് വേറെയുമുണ്ട്. ജയരാജന്റെ പേരില്‍ വായ്പയൊന്നുമില്ല. ഭാര്യയുടെ പേരില്‍ 6,20,213 രൂപയുടെ ബാധ്യതയുണ്ട്. ജയരാജന്റെ പേരില്‍ 3.25 ലക്ഷം മതിപ്പുവിലയുള്ള ടാറ്റ മാജിക്കും ഭാര്യയുടെ പേരില്‍ 3.5 ലക്ഷത്തിന്റെ മാരുതി സ്വിഫ്റ്റുമുണ്ടെന്നും സത്യവാങ്മൂലത്തിലുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates