

മുംബൈ: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ സാംസങ്ങിന്റെ ഗാലക്സി എം47 ഫൈവ്ജി ഉടന്‍ ഇന്ത്യയിലെത്തും. ഇതിന്റെ ഭാഗമായി കമ്പനിയുടെ വെബ്സൈറ്റില്‍ 'നെക്സ്റ്റ് ലെവല്‍ മോണ്‍സ്റ്റര്‍' എന്ന ടാഗ്ലൈനോടെ പ്രത്യേക മൈക്രോസൈറ്റും ലൈവ് ആയിട്ടുണ്ട്. ഔദ്യോഗിക ടീസര്‍ ഫോണിന്റെ ഡിസൈനും ചുവപ്പ് നിറത്തിലുള്ള വേരിയന്റും വെളിപ്പെടുത്തുന്നു. എന്നാല്‍ ഇതിന്റെ വിലയും ഫീച്ചറുകളും സംബന്ധിച്ച് കമ്പനി ഇതുവരെ ഒരുകാര്യവും പുറത്തുവിട്ടിട്ടില്ല.
മൈക്രോസൈറ്റും പ്രൊമോഷണല്‍ ബാനറും ഫോണിന്റെ കടും ചുവപ്പ് അല്ലെങ്കില്‍ മെറൂണ്‍ നിറത്തിലുള്ള വേരിയന്റാണ് കാണിക്കുന്നത്. ഇതിന്റെ ഡാര്‍ക്ക് മാറ്റ് ബാക്ക് പാനലിന് ചുറ്റിലും കാമറ മൊഡ്യൂളിലും ഫ്രെയിമിന്റെ അരികുകളിലും തിളങ്ങുന്ന മെറ്റാലിക് റെഡ് ആക്‌സന്റുകള്‍ നല്‍കിയിരിക്കുന്നു. ഇതില്‍ എല്‍ഇഡി ഫ്‌ലാഷിനൊപ്പം ട്രിപ്പിള്‍ കാമറ സിസ്റ്റം അടങ്ങിയിരിക്കുന്നതായി കാണാം. ഫോണിന്റെ പവര്‍ ബട്ടണില്‍ തന്നെ സൈഡ് മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഉണ്ടെന്ന സൂചനയും ടീസര്‍ നല്‍കുന്നു.
ക്വാല്‍കോമിന്റെ ഒക്ടാ-കോര്‍ സ്നാപ്ഡ്രാഗണ്‍ 6 ജെന്‍ 3 (Snapdragon 6 Gen 3) ചിപ്സെറ്റാണ് ഫോണിലുള്ളതെന്ന് കരുതുന്നു. ഇതില്‍ 1.8GHz ക്ലോക്ക് സ്പീഡുള്ള നാല് എഫിഷ്യന്‍സി കോറുകളും 2.4GHz വരെയുള്ള നാല് പെര്‍ഫോമന്‍സ് കോറുകളും അടങ്ങിയിരിക്കുന്നു. ഏകദേശം 6.7 ഇഞ്ച് FHD+ 120Hz ഫ്‌ലാറ്റ് OLED ഡിസ്പ്ലേ, ട്രിപ്പിള്‍ റിയര്‍ കാമറ സെറ്റപ്പിന്റെ ഭാഗമായി 50MP OIS മെയിന്‍ കാമറയാണ് ഇതിലുള്ളത്. 5,000mAh ബാറ്ററിയാണ് മറ്റൊരു സവിശേഷത. ഫോണിന് 128GB ഇന്റേണല്‍ സ്റ്റോറേജ് ഉണ്ടാകുമെന്നും കരുതുന്നു. ഇന്ത്യയില്‍ 30,000 രൂപയില്‍ താഴെയായിരിക്കാം വില എന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates