

നമ്മുടെ വസ്തുക്കൾ മറ്റുള്ളവർക്ക് കൂടി പങ്കിടുന്നത് പൊതുവെ നല്ല ശീലമായാണ് കണക്കാക്കുന്നതെങ്കിലും, വ്യക്തിഗത ശുചിത്വ വസ്തുക്കൾ, അതായത് ടവൽ, റേസർ, ടൂത്ത് ബ്രഷ് പോലുള്ളവ പങ്കിടുന്നത് രോഗാണുക്കളെ ക്ഷണിച്ചു വരുത്തുന്നതിന് തുല്യമാണ്.
കുളി കഴിഞ്ഞ് തോർത്ത് മുറിയുടെ ഏതെങ്കിലും ഒരു മൂലയിലേക്ക് വലിച്ചെറിയും, അടുത്ത ആൾ അതേ തോർത്ത് എടുത്ത് സുന്ദരൻ ഒരു കുളി പാസാക്കും. കുളിക്കുമ്പോൾ ചെളിയും രോഗാണുക്കളും മുഴുവൻ ഒഴുകി പോകുമെന്നാണെല്ലോ!
സോപ്പും വെള്ളവും ഉപയോഗിച്ച് കുളിച്ചാലും മുഴുവൻ രോഗാണുക്കളും നിങ്ങളുടെ ശരീരത്തിൽ നിന്ന് പോകണമെന്നില്ല, കൂടാതെ മറ്റൊരാൾ ഉപയോഗിച്ച തോർത്തിൽ അയാളുടെ ശരീരത്തിൽ നിന്നുള്ള ബാക്ടീരിയ, ഫംഗസ്, വൈറസുകൾ പറ്റിപ്പിടിച്ചിരിക്കാം. അതേ തോര്‍ത്ത് ഉപയോഗിക്കുമ്പോള്‍ അവ നിങ്ങളുടെ ശരീരത്തിലും ബാധിക്കാം.
അവ ദിവസങ്ങളോളം ആ തുണിയിൽ പറ്റിപ്പിടിച്ചിരിക്കാം. തോർത്ത് അല്ലെങ്കിൽ ടവലുകൾ വെള്ളം പെട്ടെന്ന് വലിച്ചെടുക്കുകയും മണിക്കൂറുകളോളം ഈർപ്പമുള്ളതായി ഇരിക്കുകയും ചെയ്യുന്നു. ഇത് രോഗാണുക്കൾ പെരുകുന്നതിന് അനുയോജ്യമായ സാഹചര്യമാണ്. ടവൽ പോലുള്ളവ പങ്കിടുന്നത് അണുബാധ ഉണ്ടാകാനോ പകരാനോ ഉള്ള സാധ്യത എട്ട് മടങ്ങായി വർധിക്കുമെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.
കുളിമുറിയിൽ തോർത്തും ടൂത്ത് ബ്രഷുമൊക്കെ സൂക്ഷിക്കുന്നവരുണ്ടാകും. ഇത് സുരക്ഷിതമാണെന്ന് കരുതിയാലും ആരോഗ്യകരമല്ല. കുളിമുറിയിലെ ചൂടും ഈർപ്പവും നിറഞ്ഞ അന്തരീക്ഷം രോഗാണുക്കൾ പെരുകാൻ കാരണമാകും. ഇത് തുണിയിലും പ്ലാസ്റ്റിക് പ്രതലങ്ങളിലും വളരാനും പെട്ടെന്ന് അണുബാധ ഉണ്ടാകാനും കാരണമാകും. ആസ്പര്‍ജില്ലസ് എന്ന ഫംഗസ് തുണികളിലും പ്ലാസ്റ്റിക്കിലും ഒരു മാസത്തിലധികം നിലനില്‍ക്കുമെന്ന് വിദഗ്ധർ പറയുന്നു. ചില ബാക്ടീരിയകള്‍ക്ക് ഈ പ്രതലങ്ങളില്‍ വര്‍ഷങ്ങളോളം നിലനില്‍ക്കാന്‍ കഴിയും.
റേസർ പോലുള്ള കഠിനമായ വസ്തുക്കളിലും സൂക്ഷ്മാണുക്കൾ നിലനിൽക്കാം. റേസർ ഉപയോഗിക്കുമ്പോൾ മിക്കവാറും മുറിവുകൾ സാധാരണമായിരിക്കും. നിങ്ങൾ റേസർ പങ്കിടുമ്പോൾ രക്തത്തിലൂടെ വൈറസുകൾ പകരാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ റേസറുകൾ, ടവലുകൾ പോലുള്ള മറ്റ് വ്യക്തിഗത ശുചിത്വ വസ്തുക്കൾ പങ്കുവെയ്ക്കുന്നത് അരിമ്പാറയ്ക്ക് കാരണമാകുന്ന മനുഷ്യ പാപ്പിലോമ വൈറസുകൾ പരത്താനും സാധ്യതയുണ്ട്. അതുകൊണ്ട് ഓരോ വ്യക്തിക്കും അവരുടേതായ വസ്തുക്കൾ ഉണ്ടായിരിക്കണം.
കുഞ്ഞുകളിലും, പ്രായമായവരിലും, കാൻസർ മരുന്നുകൾ, ഓറൽ കോർട്ടികോസ്റ്റീറോയിഡുകൾ, അവയവം മാറ്റിവയ്ക്കൽ കഴിഞ്ഞ് കഴിക്കുന്ന മരുന്നുകൾ തുടങ്ങിയ രോഗപ്രതിരോധ ശേഷി കുറയ്ക്കുന്ന മരുന്നുകൾ കഴിക്കുന്ന ആളുകളിലും, ടൈപ്പ് 2 പ്രമേഹമുള്ളവരും പ്രത്യേകിച്ച് ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates