

ഒരു വിനോദയാത്ര ജീവിതത്തെ ആകെ മാറ്റിമറിച്ച അനുഭവമാണ് യുകെയിൽ നിന്നുള്ള ലൗറി ഡെൻമാൻ എന്ന 42കാരിക്ക് പറയാനുള്ളത്. ഒരിക്കൽ ഒരു റെസ്റ്റോറൻ്റിലെ ടോയ്ലറ്റ് ഉപയോഗിക്കുമ്പോൾ ഏതാണ്ട് ഒരു മീറ്റർ നീളമുള്ള വിര (Tape Worm) ശരീരത്തിൽ നിന്ന് പുറത്തുപോയി. 2011 ലായിരുന്നു ആ ഞെട്ടിക്കുന്ന സംഭവം. പരിശോധനകൾ നടത്തിയെങ്കിലും മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും കണ്ടെത്താനായില്ല.
പിന്നീട് ദിവസങ്ങൾ കടന്നു പോകുന്നതനുസരിച്ച് പല ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി. കഠിനമായ തലവേദന, ഓർമക്കുറവ്, തരിപ്പ്, അപസ്മാരം പോലുള്ള ഗുരുതര അവസ്ഥകൾ പ്രകടമായതോടെ വിശദമായ പരിശോധന നടത്തി. ബ്രെയിൻ സ്കാനിങ്ങിൽ ലൗറിയുടെ തലച്ചോറിൽ 38 പാരസൈറ്റുകളെ കണ്ടെത്തി. ന്യൂറോസിസ്റ്റിസെർക്കോസിസ് (Neurocysticercosis) എന്ന അപൂർവ രോഗാവസ്ഥയാണ് ലൗറിക്കെന്ന് വിദഗ്ധർ സ്ഥിരീകരിച്ചു.
2007-ൽ ലൗറി നടത്തിയ ഇന്ത്യ സന്ദർശനമാണ് പാരസൈറ്റ് ബാധയുടെ ഉറവിടമെന്നാണ് അവരെ ചികിത്സിച്ച ഡോ. ബ്രെൻഡൻ ഹീലിയുടെ നിഗമനം. ഭക്ഷ്യവിഷബാധ ഭയന്ന് ലൗറി പൂർണമായും സസ്യാഹാരമായിരുന്നു അന്ന് യാത്രക്കിടെ കഴിച്ചത്. മൂന്ന് മാസമായിരുന്നു സന്ദർശനം. എന്നാൽ ലൗറി അബദ്ധത്തിൽ എപ്പോഴെങ്കിലും പാരസൈറ്റ് മുട്ട അടങ്ങിയ പന്നിയിറച്ചി കഴിച്ചതാകാം രോഗാവസ്ഥയ്ക്ക് കാരണമായതെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം.
വർഷങ്ങൾ നീണ്ട ചികിത്സയ്ക്കുശേഷം 2022-ലാണ് ലൗറി ആരോഗ്യം വീണ്ടെടുത്തത്. ആന്റി പാരസൈറ്റിക് മരുന്നുകളും തലച്ചോറിലെ നീർക്കെട്ട് തടയാൻ സ്റ്റീറോയ്ഡുകളും കഴിച്ചു. തലച്ചോറിൽ വെച്ചു തന്നെ വിരകളെ നശിപ്പിക്കുന്ന രീതിയിലുള്ള ചികിത്സയാണ് സ്വീകരിച്ചത്. 2017ന് ശേഷം പിന്നീട് അപസ്മാരം ഉണ്ടായിട്ടില്ലെന്ന് ലൗറി പറയുന്നു. ജോലി ഉപേക്ഷിച്ച് ആറു മാസം ന്യൂറോ സൈകാട്രിക് ആശുപത്രിയിലും കഴിയേണ്ടി വന്നു.
തലച്ചോറിലെ പരാദങ്ങൾ നിലവിൽ കാൽസിഫൈഡ് ആയ അവസ്ഥയിലാണ്. ഈ രോഗാവസ്ഥയെക്കുറിച്ച് മറ്റുള്ളവരിൽ അവബോധം വളർത്താനാണ് ലാറി ഇപ്പോൾ ശ്രമിക്കുന്നത്. ഇതിനായി തന്റെ സുഹൃത്തും പ്രൊഡ്യൂസറുമായ നിക്കോള ബ്രൗണുമായി ചേർന്ന് '38 Parasites' എന്ന പേരിൽ ഒരു പോഡ്കാസ്റ്റ് പരമ്പര നിർമ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് ലോറി ഡെൻമാൻ.
പന്നിയിറച്ചിയിൽ കാണപ്പെടുന്ന 'ടീനിയ സോലിയം' (Taenia solium) എന്ന ടേപ്പ്‌വേമിന്റെ ലാർവകൾ മനുഷ്യന്റെ തലച്ചോറിനെയും കേന്ദ്ര നാഡീവ്യൂഹത്തെയും ബാധിക്കുമ്പോഴുണ്ടാകുന്ന അപൂർവവും ഗുരുതരവുമായ അണുബാധയാണ് ന്യൂറോസിസ്റ്റിസെർകോസിസ്.
അണുബാധയുള്ള കൈകളിൽ നിന്നോ ഭക്ഷണത്തിൽ നിന്നോ മുട്ടകൾ ഉള്ളിൽ ചെന്നാൽ ലാർവകൾ തലച്ചോറിലേക്ക് കുടിയേറുകയും സിസ്റ്റുകളായി മാറി ഇത്തരത്തിൽ പ്രയാസം സൃഷ്ടിക്കുകയും ചെയ്യും.
ലക്ഷണങ്ങൾ
അപസ്മാരം, കടുത്തതോ ആവർത്തിച്ചുള്ളതോ ആയ തലവേദന, ഛർദ്ദിയും ഓക്കാനവും, ശരീരഭാഗങ്ങളിൽ മരവിപ്പ് അല്ലെങ്കിൽ ബലക്കുറവ്, ആശയക്കുഴപ്പം, ഓർമക്കുറവ് തുടങ്ങിയ മാനസിക പ്രശ്‌നങ്ങൾ എന്നിവയാണ് സാധാരണ ലക്ഷണങ്ങൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates