

നല്ല ഉറക്കം ആരോഗ്യകരമായ ജീവിതത്തിന്റെ അടിത്തറയാണ്. ശരീരത്തിന് വിശ്രമം എന്നതിനപ്പുറം, തലച്ചോറിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും ഓർമശക്തി നിലനിർത്താനും മാനസികാരോഗ്യം സംരക്ഷിക്കാനും ഉറക്കം സഹായിക്കുന്നു. എന്നാൽ തിരക്കേറിയ ജീവിതശൈലിയും ചില ദൈനംദിന ശീലങ്ങളും നമ്മൾ അറിയാതെ തന്നെ ഉറക്കത്തിന്റെ ഗുണനിലവാരത്തെ ബാധിക്കാം.
ഉറങ്ങാൻ കിടന്നാൽ ഏറെ നേരം കഴിഞ്ഞിട്ടും ഉറക്കം വരുന്നില്ലേ? എങ്കിൽ നിങ്ങളുടെ ദൈനംദിന ശീലങ്ങളിൽ ചില മാറ്റങ്ങൾ വരുത്തേണ്ടതുണ്ടോ എന്ന് പരിശോധിക്കണം.
രാത്രി ഉറങ്ങുന്നതിന് മുമ്പ് മൊബൈൽ ഫോൺ പരിശോധിക്കുന്നത് മിക്കയാളുകൾക്കും പതിവാണ്. സോഷ്യൽമീഡിയ, വാട്സ്ആപ്പ് അങ്ങനെ സമയം പോകുന്നത് അറിയില്ല. എന്നാൽ ഈ ശീലം ഉറക്കത്തെ ബാധിച്ചേക്കാം. ഫോണിൽ നിന്നുള്ള വെളിച്ചവും തുടർച്ചയായ ഉള്ളടക്കങ്ങൾ കാണുന്നതിലൂടെ തലച്ചോറിനുണ്ടാകുന്ന ഉത്തേജനവും ഉറങ്ങാൻ വൈകാൻ കാരണമാകാം.
ഉറങ്ങുന്നതിന് കുറഞ്ഞത് 30 മിനിറ്റ് മുമ്പെങ്കിലും മൊബൈൽ, ലാപ്ടോപ് തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ മാറ്റിവയ്ക്കുക. പകരം പുസ്തകം വായിക്കുകയോ ശാന്തമായ സംഗീതം കേൾക്കുകയോ ചെയ്യാം.
ക്ഷീണം മാറ്റാനും ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും പലരും വൈകുന്നേരങ്ങളിൽ ചായയോ കാപ്പിയോ കുടിക്കാറുണ്ട്. എന്നാൽ ഇവയിലെ കഫീൻ ഉറക്കത്തെ പ്രോത്സാഹിപ്പിക്കുന്ന സ്വാഭാവിക പ്രക്രിയകളെ തടസ്സപ്പെടുത്താം. കഫീൻ്റെ സ്വാധീനം മണിക്കൂറുകളോളം ശരീരത്തിൽ നിലനിൽക്കുന്നതിനാൽ വൈകുന്നേരം കുടിച്ച കാപ്പി പോലും രാത്രിയിലെ ഉറക്കത്തെ ബാധിച്ചേക്കാം. ഉറങ്ങുന്നതിന് ആറു മുതൽ എട്ട് മണിക്കൂർ മുമ്പെങ്കിലും കഫീൻ അടങ്ങിയ പാനീയങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുക.
ജോലിത്തിരക്കുകൾ കാരണം അത്താഴം വൈകുന്നതും രാത്രി വൈകി വയറുനിറയെ ഭക്ഷണം കഴിക്കുന്നതും പലരുടെയും ശീലമാണ്. എന്നാൽ വലിയ അളവിലുള്ള ഭക്ഷണം കഴിച്ച ഉടൻ കിടക്കുന്നത് ദഹനസംബന്ധമായ അസ്വസ്ഥതകൾക്കും നെഞ്ചെരിച്ചിലിനും കാരണമാകാം. ഇത് ഉറക്കത്തെ തടസ്സപ്പെടുത്താനും സാധ്യതയുണ്ട്.
ഉറങ്ങുന്നതിന് രണ്ട് മുതൽ മൂന്ന് മണിക്കൂർ മുമ്പെങ്കിലും അത്താഴം കഴിക്കാൻ ശ്രമിക്കുക. രാത്രി വിശക്കുന്നുണ്ടെങ്കിൽ ചെറിയ അളവിൽ ലഘുഭക്ഷണം തിരഞ്ഞെടുക്കാം.
വാരാന്ത്യങ്ങളിൽ രാത്രി വൈകി ഉറങ്ങുകയും പ്രവൃത്തിദിവസങ്ങളിൽ നേരത്തെ എഴുന്നേൽക്കുകയും ചെയ്യുന്ന ശീലം ശരീരത്തിന്റെ സ്വാഭാവിക ഉറക്കക്രമത്തെ ബാധിച്ചേക്കാം. ഉറങ്ങുന്ന സമയവും ഉണരുന്ന സമയവും നിരന്തരം മാറുന്നത് ശരീരത്തിന്റെ ജൈവഘടികാരത്തിന്റെ താളം തെറ്റിക്കാം. എല്ലാ ദിവസവും ഏകദേശം ഒരേ സമയത്ത് ഉറങ്ങാനും ഉണരാനും ശ്രമിക്കുക. അവധി ദിവസങ്ങളിലും ഈ ക്രമം പരമാവധി പാലിക്കുക.
കിടക്കയിൽ ലാപ്ടോപ് ഉപയോഗിച്ച് ജോലി ചെയ്യുക, ഇ-മെയിലുകൾ പരിശോധിക്കുക, ഓഫീസ് കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുക തുടങ്ങിയ ശീലങ്ങൾ മനസ്സിന് വിശ്രമം ലഭിക്കുന്നത് തടസ്സപ്പെടുത്താം. ജോലി സംബന്ധമായ സമ്മർദം ഉറങ്ങാൻ ആവശ്യമായ മാനസിക ശാന്തത കുറയ്ക്കുകയും ചെയ്യും.
ഉച്ചഭക്ഷണത്തിന് ശേഷമോ വൈകുന്നേരങ്ങളിലോ ദീർഘനേരം ഉറങ്ങുന്നത് രാത്രിയിൽ ഉറക്കം വരാൻ വൈകാൻ കാരണമാകാം. പ്രത്യേകിച്ച് വൈകുന്നേരത്തെ ഉറക്കം രാത്രിയിലെ ഉറക്കത്തിനുള്ള സ്വാഭാവിക സമ്മർദം കുറച്ചേക്കാം.
പകൽ ഉറങ്ങേണ്ടി വന്നാൽ 20 മിനിറ്റിനുള്ളിൽ ഉറക്കം പരിമിതപ്പെടുത്താൻ ശ്രമിക്കുക. വൈകുന്നേരം വൈകിയുള്ള ഉറക്കം ഒഴിവാക്കുന്നതും നല്ലതാണ്.
ദിവസം മുഴുവൻ ഇരുന്ന് ജോലി ചെയ്യുകയും ശാരീരിക പ്രവർത്തനങ്ങൾ കുറയുകയും ചെയ്യുന്നത് പൊതുവായ ആരോഗ്യത്തെയും ഉറക്കത്തെയും ബാധിച്ചേക്കാം. സ്ഥിരമായ ശാരീരിക പ്രവർത്തനങ്ങൾ ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ സഹായിക്കും.
ശബ്ദങ്ങളും മുറിയിലെ അസൗകര്യകരമായ താപനിലയും ഉറക്കത്തെ തടസ്സപ്പെടുത്താം. കിടപ്പുമുറി ശാന്തവും ഇരുണ്ടതും സുഖകരമായ താപനിലയുള്ളതുമാക്കുക. ഫോൺ സൈലന്റ് മോഡിലാക്കുകയോ ആവശ്യമില്ലാത്ത നോട്ടിഫിക്കേഷൻ ഓഫാക്കുകയോ ചെയ്യാം. സുഖകരമായ തലയിണയും മെത്തയും ഉറക്കത്തിന് അനുയോജ്യമായ അന്തരീക്ഷം ഒരുക്കാൻ സഹായിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates