

ആഗോളതലത്തിൽ ദശലക്ഷക്കണക്കിന് സ്ത്രീകളാണ് ദിവസവും പലരൂപത്തിലുള്ള സംയോജിത ഹോർമോൺ ഗർഭനിരോധന മാർഗങ്ങൾ ഉപയോഗപ്പെടുത്തുന്നത്. ഈസ്ട്രജനെയും പ്രോജസ്റ്റോജനെയും സംയോജിപ്പിച്ച് രൂപപ്പെടുത്തുന്ന ഗർഭനിരോധന മാർഗങ്ങൾ ഗുളിക, പാച്ചസ്, വജീനൽ റിങ് എന്നിങ്ങനെ പലരൂപത്തിൽ ലഭ്യമാണ്. ഇവ ഓവുലേഷൻ, സെർവിക്കൽ മ്യൂക്കസിലും ഗർഭാശയ പാളിയിലും മാറ്റങ്ങൾ ഉണ്ടാക്കിയും ഗർഭധാരണം തടസപ്പെടുത്തുന്നു. എന്നാൽ തികച്ചും സുരക്ഷിതമെന്ന് കരുതപ്പെടുന്ന ഇത്തരം മാർഗങ്ങൾ സ്ത്രീകൾക്ക് പക്ഷാഘാത സാധ്യത വർധിപ്പിക്കുമെന്ന് പുതിയ പഠനം കണ്ടെത്തി.
യൂറോപ്യൻ സ്ട്രോക്ക് ഓർഗനൈസേഷൻ കോൺഫറൻസിൽ അവതരിപ്പിച്ച പഠനത്തിൽ സംയോജിത ഓറൽ ഹോർമോൺ ഗർഭനിരോധന മാർഗങ്ങൾ സ്ത്രീകൾക്ക് ക്രിപ്റ്റോജെനിക് സ്ട്രോക്ക് (Stroke Risk in Women) ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് വ്യക്തമാക്കുന്നു. ചെറുപ്പക്കാരായ സ്ത്രീകളിൽ മൊത്തത്തിലുള്ള സ്ട്രോക്കുകളുടെ ഏതാണ്ട് 40 ശതമാനം ക്രിപ്റ്റോജെനിക് സ്ട്രോക്ക് ആണെന്ന് മുൻ പഠനങ്ങൾ തെളിയിക്കുന്നു. 18 നും 49 നും ഇടയിൽ പ്രായമായ സ്ത്രീകളിൽ ഉണ്ടാകുന്ന പക്ഷാഘാതത്തിന്റെ കാരണങ്ങൾ കണ്ടെത്താനുള്ള ഒരു അന്താരാഷ്ട്ര അന്വേഷണമായിരുന്നു ഇത്.
13 യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള ക്രിപ്‌റ്റോജെനിക് ഇസ്കെമിക് സ്ട്രോക്ക് ബാധിച്ച 608 രോഗികളിലാണ് പഠനം നടത്തിയത്. പഠനത്തിൽ സംയോജിത ഓറൽ ഗർഭനിരോധന മാർഗങ്ങൾ ഉപയോഗിക്കുന്ന സ്ത്രീകൾക്ക് അവ ഉപയോഗിക്കാത്തവരെ അപേക്ഷിച്ച് ക്രിപ്‌റ്റോജെനിക് സ്ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത മൂന്നിരട്ടി കൂടുതലാണെന്ന് കണ്ടെത്തി. പൊണ്ണത്തടി, മൈഗ്രെയിൻ പോലുള്ള പക്ഷാഘാത സാധ്യതയുള്ള മറ്റ് ഘടകങ്ങൾ പരിഗണിച്ച ശേഷവും ഈ ബന്ധം നിലനിന്നുവെന്ന് ഗവേഷകർ പറയുന്നു.
രണ്ട് ദശലക്ഷത്തിലധികം സ്ത്രീകളെ നിരീക്ഷിച്ച ഒരു പഠനത്തിൽ സിന്തറ്റിക് ഈസ്ട്രജനും പ്രോജസ്റ്റോജനും അടങ്ങിയ ഗുളികകൾ, ഗർഭാശയ ഉപകരണങ്ങൾ (ഐയുഡി), പാച്ചുകൾ, വജീനൽ റിങ്ങുകൾ എന്നിവയുൾപ്പെടെയുള്ള സംയോജിത ഹോർമോൺ ഗർഭനിരോധന മാർഗങ്ങൾ പക്ഷാഘാതത്തിനും ഹൃദയാഘാതത്തിനും ഉയർന്ന അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കണ്ടെത്തി.വജീനൽ റിങ് പക്ഷാഘാത സാധ്യത 2.4 മടങ്ങും ഹൃദയാഘാത സാധ്യത 3.8 മടങ്ങും ഗർഭനിരോധന പാച്ചുകൾ പക്ഷാഘാത സാധ്യത ഏകദേശം 3.5 മടങ്ങും വർധിപ്പിക്കുന്നതായി കണ്ടെത്തി. എന്നാൽ പ്രോജസ്റ്റിൻ മാത്രമുള്ള ഗർഭനിരോധന മാർഗം (ഐയുഡി) ഹൃദയാഘാതത്തിനോ പക്ഷാഘാതത്തിനോ ഉള്ള സാധ്യത കുറവാണെന്നും കണ്ടെത്തി. ഇതിലൂടെ പക്ഷാഘാതത്തിനുള്ള പ്രധാന ഘടകം ഈസ്ട്രജനായിരിക്കാമെന്നാണ് ഗവേഷകരുടെ നിഗമനം.
ശരീരത്തിലെ സ്വാഭാവിക ഈസ്ട്രജൻ രക്തം കട്ടപിടിക്കാൻ സഹായിക്കുന്നു. ഇത് മുറിവുകൾ പെട്ടെന്ന് ഉണങ്ങുന്നതിനും അമിത രക്തസ്രാവം തടയുന്നതിനും പ്രധാനമാണ്. എന്നാൽ ഗർഭനിരോധന മാർഗങ്ങളിൽ അടങ്ങിയ സിന്തറ്റിക് ഈസ്ട്രജൻ കൂടുതൽ ശക്തിയുള്ളതും ഉയർന്നതും സ്ഥിരവുമായ അളവിൽ വിതരണം ചെയ്യുന്നതുമാണ്. ഇത് കരളിനെ അധിക കട്ടപിടിക്കുന്ന പ്രോട്ടീനുകൾ ഉത്പാദിപ്പിക്കാൻ ഉത്തേജിപ്പിക്കുകയും സ്വാഭാവിക ആന്റികോഗുലന്റുകൾ കുറയ്ക്കുകയും ചെയ്യുന്നു - ഇത് രക്തം കട്ടപിടിക്കുന്നത് എളുപ്പമാക്കുന്നതിലേക്ക് നയിക്കുന്നു. അമിത രക്തസ്രാവം തടയാൻ ഇത് സഹായകമാണെങ്കിലും, സ്ട്രോക്ക് പോലുള്ള അവസ്ഥകളിലേക്ക് നയിച്ചേക്കാവുന്ന അസാധാരണമായ രക്തം കട്ടപിടിക്കാനുള്ള സാധ്യത വർധിപ്പിക്കും. പുകവലിക്കുന്നവർ, മൈഗ്രെയ്ൻ അനുഭവിക്കുന്നവർ അല്ലെങ്കിൽ രക്തം കട്ടപിടിക്കാനുള്ള ജനിതക പ്രവണത ഉള്ളവരിൽ ഈ അപകടസാധ്യത വളരെ കൂടുതലായിരിക്കുമെന്നും ഗവേഷകർ പറയുന്നു.
തലച്ചോറിലേക്ക് രക്തം വിതരണം ചെയ്യുന്ന ധമനിയിൽ രക്തം കട്ടപിടിക്കുകയോ അല്ലെങ്കിൽ അത് പൊട്ടാൻ ഇടയാവുകയോ ചെയ്താൽ രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുകയും ഇസ്കെമിക് സ്ട്രോക്കിന് കാരണമാവുകയും ചെയ്യുന്നു. ഞരമ്പുകളിൽ വരെ രക്തം കട്ടപ്പിടിക്കാൻ ഇത് കാരണമാകുന്നു. മാത്രമല്ല, ഈസ്ട്രജൻ രക്തസമ്മർദം വർധിപ്പിക്കുകയും കാലക്രമേണ രക്തക്കുഴലുകളുടെ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യുന്നു, ഇത് പക്ഷാഘാത സാധ്യത വർധിപ്പിക്കുന്ന മറ്റൊരു ഘടകമാണ്. ക്രിപ്‌റ്റോജെനിക് സ്ട്രോക്ക് ഉണ്ടാകാനുള്ള വ്യക്തമായ കാരണം കണ്ടെത്തിയിട്ടില്ലെങ്കിലും ഹോർമോൺ മൂലമുണ്ടാകുന്ന രക്തം കട്ടപിടിക്കൽ പോലുള്ള സൂക്ഷ്മമായ അപകട ഘടകങ്ങളുമായി ഇത് കൂടുതലായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഗവേഷകർ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates