

ഉയർന്ന രക്തസമ്മർദം ഇന്ന് വളരെ സാധാരണമായ ഒരു ആരോഗ്യപ്രശ്നമായി മാറിയിരിക്കുകയാണ്. എന്നാൽ ദീർഘകാലം തുടരുന്ന ഉയർന്ന രക്തസമ്മർദം ഹൃദ്രോഗസാധ്യത ഇരട്ടിയാക്കും. ഹൃദയത്തിന് മാത്രമല്ല, തലച്ചോറ്, വൃക്ക, കണ്ണുകൾ തുടങ്ങിയ അവയവങ്ങളെയും ബാധിക്കാനുള്ള സാധ്യത കൂടുതലാണ്.
എന്നാൽ മരുന്നിലൂടെയും ജീവിതശൈലി മാറ്റങ്ങളിലൂടെയും ഉയർന്ന രക്തസമ്മർദം നിയന്ത്രണത്തിലാക്കാൻ സാധിക്കും. പ്രമുഖ കാർഡിയോളജിസ്റ്റ് ആയ ഡോ. അലോക് ചോപ്ര ഉയർന്ന രക്തസമ്മർദം നിയന്ത്രിക്കാൻ സഹായിക്കുന്ന ചില പ്രായോഗിക ടിപ്സ് പങ്കുവയ്ക്കുന്നു.
രക്തസമ്മർദത്തിന്റെ അളവ്, നിങ്ങൾ കരുതുന്നതിലും അധികം കാര്യങ്ങൾ വെളിപ്പെടുത്തുണ്ട്. ഇത് വെറും ഉപ്പിന്റെ ഉപയോഗവുമായി മാത്രം ബന്ധപ്പെട്ടിരിക്കുന്നതല്ല. ഭക്ഷണ ശീലം, ഉറക്കം, മാനസിക സമ്മർദ്ദം, ശാരീരിക ചലനങ്ങൾ, ശരീരഭാരം, പ്രായം, പാരമ്പര്യം, മൊത്തത്തിലുള്ള ആരോഗ്യം എന്നിവയെല്ലാം നിങ്ങളുടെ രക്തസമ്മർദ്ദത്തെ സ്വാധീനിച്ചേക്കാമെന്ന് അദ്ദേഹം പറയുന്നു.
പായ്ക്ക് ചെയ്തതും അൾട്രാ-പ്രോസസ് ചെയ്തതുമായ ഭക്ഷണങ്ങൾക്ക് പകരം ഫ്രഷ് ആയതും അധികം പ്രോസസ് ചെയ്യാത്തതുമായ ഭക്ഷണം തിരഞ്ഞെടുക്കാം.
ചിപ്‌സും ഉപ്പിലിട്ട ലഘു ഭക്ഷണവും പരമാവധി ഒഴിവാക്കാം.
സംസ്‌കരിച്ച മാംസവും റെഡിമെയ്ഡ് സോസുകളും ഭക്ഷണങ്ങളും പരിമിതപ്പെടുത്തുക.
ഭക്ഷണത്തിലൂടെ ഒഴിഞ്ഞിരിക്കുന്ന സോഡിയം കുറയ്ക്കുന്നതിലൂടെ, നിങ്ങളുടെ രക്തസമ്മർദ്ദത്തെ പോസിറ്റീവായി സ്വാധീനിക്കാൻ കഴിയും.
പോഷകസമൃദ്ധവും അധികം പ്രോസസ് ചെയ്യാത്തുതുമായ ഭക്ഷണങ്ങൾക്ക് മുൻഗണന കൊടുക്കാം. രക്തസമ്മർദ്ദം ആരോഗ്യകരമായ നിലയിൽ നിലനിർത്താൻ സഹായിക്കുന്ന പൊട്ടാസ്യം, നാരുകൾ (fiber) അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാം.
ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ്
വിവിധതരം പഴങ്ങളും പച്ചക്കറികളും
പയറുവർഗ്ഗങ്ങളും ബീൻസും
മുഴുവൻ ധാന്യങ്ങൾ (whole grains)
പേശികൾ, നാഡികൾ, ഹൃദയ-രക്തക്കുഴലുകൾ എന്നിവയുടെ സാധാരണ പ്രവർത്തനത്തിന് മഗ്നീഷ്യം അത്യന്താപേക്ഷിതമാണ്. മഗ്നീഷ്യം ധാരാളമായി അടങ്ങിയ ഭക്ഷണങ്ങൾ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുക:
നട്‌സ് (പരിപ്പ് വർഗ്ഗങ്ങൾ)
വിത്തുകൾ
പയർവർഗ്ഗങ്ങൾ
ചീര
മുഴുവൻ ധാന്യങ്ങൾ
ഡോക്ടറുടെ നിർദേശപ്രകാരം ആവശ്യാനുസരണം പോഷക സപ്ലിമെന്റുകൾ ഉപയോഗിക്കുന്നതിനെക്കുറിച്ചും ആലോചിക്കാവുന്നതാണ്.
സങ്കീർണ്ണമായ വ്യായാമമുറകളില്ലാതെ തന്നെ നിങ്ങൾക്ക് ആരോഗ്യം മെച്ചപ്പെടുത്താം. ആഴ്ചയിൽ ഏകദേശം 150 മിനിറ്റ് നേരം മിതമായ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടാം. "ആഴ്ചയിൽ അഞ്ച് ദിവസം 30 മിനിറ്റ് വീതം വേഗത്തിൽ നടക്കുന്നത് (brisk walk) ഇതിനൊരു ലളിതമായ മാർഗ്ഗമാണെന്ന് അദ്ദേഹം നിർദ്ദേശിക്കുന്നു. തുടർച്ചയായുള്ള ശാരീരിക ചലനങ്ങൾ ആരോഗ്യകരമായ രക്തസമ്മർദ്ദം നിലനിർത്താനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
ഏഴ് മുതൽ 9 മണിക്കൂർ വരെ ഗുണനിലവാരമുള്ള ഉറക്കം കിട്ടുന്നതിന് മുൻഗണന നൽകുകയും വിശ്രമത്തിനായി സമയം കണ്ടെത്തുകയും ചെയ്യുക.
ആഴത്തിലുള്ള ശ്വസനരീതികൾ
മെഡിറ്റേഷൻ പരിശീലനങ്ങൾ
ലഘുവായ ശാരീരിക ചലനങ്ങൾ
കൃത്യമായ ഉറക്കശീലം
മനസ്സ് ശാന്തമാകുന്നതിനും ഉറക്കം മെച്ചപ്പെട്ടതാക്കുന്നതിനും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും മൊത്തത്തിലുള്ള ക്ഷേമം വർധിപ്പിക്കുന്നതിനും ഇത് സഹായിക്കും.
ചില ഘടകങ്ങൾ നിങ്ങൾക്ക് മാറ്റാൻ സാധിക്കും, മറ്റു ചിലത് മാറ്റാനാവില്ല. എന്നാൽ ഇത്തരം അളവുകളെ എന്താണ് ബാധിക്കുന്നത് എന്ന് മനസ്സിലാക്കുക എന്നതാണ് അവ നിയന്ത്രിക്കുന്നതിനുള്ള ആദ്യപടി. നിങ്ങളുടെ ആരോഗ്യ സൂചകങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കുക, അപകടസാധ്യത തിരിച്ചറിയുക, പ്രതിരോധമാണ് പ്രധാനമെന്നും അദ്ദേഹം പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates