

കണ്ടാൽ കടുകുമണി വലിപ്പമേ ഉള്ളുവെങ്കിലും ചിയ വിത്തുകളെ ചെറുതായി കാണരുത്. നിരവധി പോഷകങ്ങൾ അടങ്ങിയ കുഞ്ഞുവിത്തുകളാണ് ചിയ. ഇന്ന് നമ്മുടെ ഭക്ഷണശീലങ്ങളിൽ തീരെ ഒഴിച്ചുകൂടാനാവാത്ത ഒന്നായി ചിയ വിത്തുകൾ മാറിക്കഴിഞ്ഞു. വെള്ളത്തിലോ പാലിലോ കുതിർക്കുകയാണെങ്കിൽ സ്വന്തം ഭാരത്തിന്റെ 10-12 ഇരട്ടി വെള്ളം വരെ ആഗിരണം ചെയ്ത്, ഒരു ജെല്ലി പോലെ കട്ടിയുള്ള രൂപത്തിലേക്ക് മാറാന്‍ ചിയ വിത്തുകള്‍ക്ക് കഴിയും.
ഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്ന ആളുകള്‍ ചിയ വിത്തുകൾ വെള്ളത്തിൽ കുതിർത്ത് കഴിക്കുന്നതാണോ അതോ പാലിൽ ചേർത്ത് കഴിക്കുന്നതാണോ കൂടുതൽ ഫലപ്രദം?
ചിയ വിത്തുകൾ സ്ഥിരമായി കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്ന നാരുകൾ ദഹനം എളുപ്പമാക്കുന്നു. വെള്ളത്തിൽ കുതിർക്കുമ്പോൾ ജെൽ രൂപത്തിലാകുന്ന ചിയ വിത്തുകൾ വയറുവീർക്കൽ, മലബന്ധം എന്നിവ കുറയ്ക്കാൻ സഹായിക്കും.
ഇതിൽ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകൾ ഹൃദയാരോഗ്യം സംരക്ഷിക്കാനും കൊളസ്ട്രോൾ നിയന്ത്രിക്കാനും ഉത്തമമാണ്.മാത്രമല്ല, ഇതിൽ അടങ്ങിയ ആന്റിഓക്സിഡന്റുകൾ ചർമവും മുടിയഴകും സംരക്ഷിക്കുന്നു.
വെള്ളത്തിൽ കുതിർത്താൽ?
കാലറി കൂടാതെ ശരീരഭാരം കുറയ്ക്കുകയാണ് വേണ്ടതെങ്കില്‍ വെള്ളത്തിൽ ചേർത്ത ചിയ വിത്തുകളാണ് നല്ലത്. ശരീരത്തിൽ ജലാംശം നിലനിർത്താൻ ഇത് സഹായിക്കും. ജലാംശം കൂടുന്നത് അനാവശ്യ വിശപ്പിനെ അകറ്റി നിർത്തും. പ്രധാന ഭക്ഷണത്തിന് മുൻപ് വെള്ളത്തിൽ കുതിർത്ത ചിയ വിത്തുകൾ കഴിക്കുന്നത് വയറു നിറഞ്ഞ പ്രതീതി ഉണ്ടാക്കാനും, അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും സഹായിക്കും. ചൂടുകാലത്ത് ശരീരത്തിന് തണുപ്പ് നൽകാനും ഇത് മികച്ചതാണ്.
പാലിൽ കുതിർത്താൽ
പ്രഭാതഭക്ഷണത്തിനോ അല്ലെങ്കിൽ വൈകുന്നേരത്തെ ലഘുഭക്ഷണത്തിനോ പകരമായി ഉപയോഗിക്കാൻ പറ്റിയതാണ് പാലിൽ ചേർത്ത ചിയ സീഡ്സ് അഥവാ ചിയ പുഡ്ഡിങ്. പാലിലെ കാത്സ്യം, പ്രോട്ടീൻ, വിറ്റാമിൻ ബി 12 എന്നിവ ശരീരത്തിന് ദിവസം മുഴുവൻ വേണ്ട ഊർജ്ജം നൽകുകയും വയറു നിറഞ്ഞ തോന്നൽ ഉണ്ടാക്കുകയും ചെയ്യുന്നു. എന്നാല്‍ കൊഴുപ്പ് കൂടിയ പാൽ ഉപയോഗിക്കുന്നത് കാലറി വർധിക്കാൻ കാരണമാകുമെന്നതിനാൽ അളവ് നിയന്ത്രിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
എന്നാൽ ചിയ വിത്തുകൾ ഉണങ്ങിയ രൂപത്തിൽ കഴിക്കുന്നത് ഒഴിവാക്കണമെന്ന് വിദഗ്ധര്‍ പറയുന്നു. ഇവ വെള്ളം വലിച്ചെടുത്ത് തൊണ്ടയിൽ വച്ച് വീർക്കാൻ സാധ്യതയുണ്ട്. ഇത് ശ്വാസംമുട്ടലിന് വരെ കാരണമായേക്കാം. അതുകൊണ്ട് എപ്പോഴും വെള്ളത്തിലോ പാലിലോ കുതിർത്ത ശേഷം മാത്രം കഴിക്കുക. ദിവസവും 1-2 ടേബിൾ സ്പൂൺ വരെ ചിയ വിത്തുകൾ കഴിക്കുന്നതാണ് നല്ലത്. ആദ്യമായി കഴിക്കുന്നവർ ചെറിയ അളവിൽ തുടങ്ങി ശീലമാക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates