

വിശപ്പകറ്റാൻ എളുപ്പം, രുചിയിൽ വൈവിധ്യം, തയ്യാറാക്കാൻ കുറഞ്ഞ സമയം... ഇതെല്ലാമാണ് പാക്കറ്റ് ഭക്ഷണങ്ങളെ നമ്മുടെ പലരുടെയും ഭക്ഷണക്രമത്തിന്റെ ഭാഗമാക്കുന്നത്. രാവിലെ തിരക്കിനിടയിൽ ബിസ്കറ്റും ചായയും, ഉച്ചയ്ക്ക് ഇൻസ്റ്റന്റ് നൂഡിൽസും, വൈകുന്നേരം ചിപ്സും മധുരപാനീയങ്ങളും കഴിക്കുന്നവരുടെ എണ്ണം കുറവല്ല. എന്നാൽ ഇത്തരം ഭക്ഷണങ്ങൾ പതിവായി കഴിക്കുന്നത് നമ്മുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്.
ഇക്കഴിഞ്ഞ സെപ്റ്റംബറിൽ 'Family Medicine and Community Health' എന്ന മെഡിക്കൽ ജേണലിലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്. പഠനത്തിൽ ഏകദേശം 88 ലക്ഷം പേരുടെ വിവരങ്ങൾ ഗവേഷകർ വിശകലനം ചെയ്തു.
അതിൽ അൾട്രാ പ്രോസസ്ഡ് ഭക്ഷണങ്ങളുടെ ഉയർന്ന ഉപയോഗം ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, അമിതവണ്ണം, പ്രമേഹം, ദഹനസംബന്ധമായ രോഗങ്ങൾ, വിഷാദം, ഉത്കണ്ഠ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുടെ ഉയർന്ന അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നതായി പഠനം കണ്ടെത്തി. പാക്കറ്റ് ഭക്ഷണം കൂടുതലായി കഴിക്കുന്നവരിൽ ദഹനരോഗ സാധ്യത 31% കൂടുതൽ ആണെന്നും പഠനത്തിൽ പറയുന്നു.
അൾട്രാ പ്രോസസ്ഡ് ഭക്ഷണങ്ങളുടെ ഉയർന്ന ഉപയോഗം കുട്ടികളിലും കൗമാരക്കാരിലും അമിതവണ്ണം, ശരീരത്തിലെ കൊഴുപ്പ് വർധിക്കൽ തുടങ്ങിയ പ്രശ്നങ്ങളുടെ കാരണമാണെന്നും കണ്ടെത്തിയിട്ടുണ്ട്. കുട്ടികളുടെ വളർച്ചയ്ക്കും ആരോഗ്യത്തിനും സമീകൃത ഭക്ഷണം പ്രധാനമാണെന്നതും ഗവേഷകർ ഓർമ്മപ്പെടുത്തുന്നു.
എന്താണ് അൾട്രാ പ്രോസസ്ഡ് ഭക്ഷണങ്ങൾ?
വ്യാവസായികമായി കൂടുതൽ സംസ്കരിക്കുകയും രുചി, നിറം, ഘടന, സൂക്ഷിപ്പുകാലം എന്നിവ മെച്ചപ്പെടുത്താൻ വിവിധ ചേരുവകൾ ചേർക്കുകയും ചെയ്യുന്ന ഭക്ഷണങ്ങളെയാണ് അൾട്രാ പ്രോസസ്ഡ് ഭക്ഷണങ്ങൾ എന്നു പറയുന്നത്. പാക്കറ്റ് ചിപ്സ്, ചില ഇൻസ്റ്റന്റ് നൂഡിൽസ്, പാക്കറ്റ് കേക്കുകൾ, മധുരപാനീയങ്ങൾ, ചില റെഡി ടു ഈറ്റ് ഭക്ഷണങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടാം. എന്നാൽ എല്ലാ പാക്കറ്റ് ഭക്ഷണങ്ങളും ഈ വിഭാഗത്തിൽപ്പെടണമെന്നില്ല.
ആരോഗ്യത്തെ എങ്ങനെ ബാധിക്കാം?
ഇത്തരം ചില ഭക്ഷണങ്ങളിൽ പഞ്ചസാര, ഉപ്പ്, പൂരിത കൊഴുപ്പ് എന്നിവ കൂടുതലും നാരുകൾ കുറവുമായിരിക്കാം. പതിവായുള്ള ഉപയോഗം ശരീരഭാരം കൂടാനുള്ള സാധ്യത വർധിപ്പിക്കുകയും പോഷകസമൃദ്ധമായ ഭക്ഷണങ്ങളുടെ ഉപയോഗം കുറയ്ക്കുകയും ചെയ്യാം. കുട്ടികളിലും കൗമാരക്കാരിലും അമിതവണ്ണം, ശരീരത്തിലെ കൊഴുപ്പ് വർധിക്കൽ തുടങ്ങിയ പ്രശ്നങ്ങളുമായും ഉയർന്ന ഉപയോഗം ബന്ധപ്പെട്ടതായി ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.
പാക്കറ്റ് ഭക്ഷണം ഒഴിവാക്കണോ?
എല്ലാ പാക്കറ്റ് ഭക്ഷണങ്ങളും ഒഴിവാക്കേണ്ടതില്ല. വാങ്ങുമ്പോൾ പോഷകവിവരങ്ങൾ പരിശോധിച്ച് പഞ്ചസാരയും ഉപ്പും പൂരിത കൊഴുപ്പും കുറഞ്ഞവ തിരഞ്ഞെടുക്കുക. ചിപ്സിനും ബിസ്കറ്റിനും പകരം പഴങ്ങൾ, കടല, പരിപ്പ്, മുട്ട എന്നിവ കഴിക്കാം. ഇൻസ്റ്റന്റ് നൂഡിൽസ് പതിവാക്കാതെ പച്ചക്കറികളും പ്രോട്ടീനും ഉൾപ്പെടുത്തിയ വീട്ടുഭക്ഷണത്തിന് മുൻഗണന നൽകുക. മധുരപാനീയങ്ങൾക്ക് പകരം വെള്ളം തിരഞ്ഞെടുക്കുന്നതും നല്ല ശീലമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates