

സ്മാർട്ട്ഫോൺ ഉപയോഗം മാനസികാവസ്ഥയെയും കാഴ്ചശക്തിയെയും ബാധിക്കുമെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. എന്നാൽ ഇത് നമ്മുടെ ഭക്ഷണശീലങ്ങളെ തകരാറിലാക്കാനും ഈറ്റിങ് ഡിസോഡറിനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുമെന്ന് ജേണൽ ഓഫ് മെഡിക്കൽ ഇന്റർനെറ്റ് റിസർച്ചിൽ പ്രസിദ്ധീകരിച്ച പുതിയ പഠനത്തിൽ വിശദീകരിക്കുന്നു.
സ്മാർട്ട്ഫോൺ അമിതമായി ഉപയോഗിക്കുന്ന ചെറുപ്പക്കാരിൽ ഫോൺ ഇല്ലാത്തപ്പോൾ ഉത്കണ്ഠ ഉണ്ടാകുന്ന അവസ്ഥ അല്ലെങ്കിൽ ഉപയോഗം നിർത്താൻ കഴിയാത്ത അവസ്ഥ ഉണ്ടാകുന്നുണ്ട്. ഇത് അവരുടെ ഭക്ഷണശീലം, സ്വന്തം ശരീരത്തെ കുറിച്ചുള്ള കാഴ്ചപ്പാട് എന്നിവയുടെ കാര്യത്തിൽ നിയന്ത്രണം നഷ്ടമാകുന്ന സ്ഥിതിയിലേക്ക് കൊണ്ടുവരുന്നതായി ഗവേഷകർ നിരീക്ഷിച്ചു. വികാരങ്ങളെ നേരിടുന്നതിനായി ഭക്ഷണം കഴിക്കുക, സ്വന്തം രൂപത്തോട് അസംതൃപ്തി തോന്നുക എന്നീ ആദ്യകാല ലക്ഷണങ്ങൾ ഇത്തരം യുവതലമുറയിൽ സാധാരണയായി കാണപ്പെട്ടു.
ലോകമെമ്പാടുമുള്ള 52,000 ലധികം ആളുകൾ പങ്കെടുത്ത 35 പഠനങ്ങളാണ് ഗവേഷകർ വിശകലനം ചെയ്തത്. ശരാശരി 17 വയസ്സുള്ളവരാണ് പഠനത്തിന്റെ ഭാഗമായത്. പഠനത്തിലെ പ്രധാന കണ്ടെത്തലുകൾ ഇവയാണ്:
സ്മാർട്ട്ഫോണുകളുടെ അമിത ഉപയോഗവും ക്രമരഹിതമായ ഭക്ഷണരീതികളും തമ്മിൽ ശക്തമായ ബന്ധമുണ്ട്
ഇമോഷണൽ ഈറ്റിങ്- വിഷാദത്തിലോ ദുഃഖത്തിലോ ആയിരിക്കുമ്പോൾ പ്രതികരണമായി ഭക്ഷണം കഴിക്കുക.
നിയന്ത്രണമില്ലാത്ത ഭക്ഷണം: ഒരിക്കൽ ആരംഭിച്ചാൽ നിർത്താൻ കഴിയില്ലെന്ന് തോന്നുക.
ഫുഡ് അഡിക്ഷൻ-ഭക്ഷണവുമായി ബന്ധപ്പെട്ട ആസക്തികൾ അനുഭവപ്പെടുക.
ഏഴ് മണിക്കൂറിലധികം സ്മാർട്ട്ഫോൺ ഉപയോഗിക്കുന്ന ചെറുപ്പക്കാരിൽ പ്രതികൂല ഫലങ്ങൾ ശക്തമായി കാണപ്പെട്ടു.
അമിതമായ സ്മാർട്ട്‌ഫോൺ ഉപയോഗം സ്വന്തം ശരീരത്തെ കുറിച്ചുള്ള കടുത്ത അസംതൃപ്തിക്ക് കാരണമാകും.
ഒരു വ്യക്തി മാനസികമായ ഫോണിനെ ആശ്രയിക്കുന്ന അവസ്ഥയാണ് പ്രോബ്ലമാറ്റിക് സ്മാർട്ട്ഫോൺ യൂസ് (PSU). അതായത്,
ഫോൺ എടുത്തുകൊണ്ടുപോകുമ്പോൾ ദേഷ്യം, അസ്വസ്ഥത അല്ലെങ്കിൽ ഉത്കണ്ഠ എന്നിവ അനുഭവപ്പെടുക.
ഫോണിൽ ചെലവഴിക്കുന്ന സമയം കുറയ്ക്കാൻ കഴിയുന്നില്ല.
ഫോൺ ഉപയോഗം ദൈനംദിന ജീവിതത്തിലോ മാനസിക ക്ഷേമത്തിലോ പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ തുടങ്ങുന്നു.
സ്മാർട്ട്ഫോൺ അഡിക്ഷൻ്റെ മറ്റ് അപകടങ്ങൾ
അമിതമായ സ്മാർട്ട്‌ഫോൺ ഉപയോഗം വർദ്ധിച്ച വിഷാദം, നിരാശ, ഏകാന്തത എന്നിവയിലേക്ക് നയിക്കുമെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.
ദീർഘനേരത്തെ സ്മാർട്ട്‌ഫോൺ ഉപയോഗം കണ്ണ് വേദന, ഉറക്കം തടസപ്പെടൽ, നിഷ്‌ക്രിയത്വം നിറഞ്ഞ പെരുമാറ്റം എന്നിവയിലേക്ക് നയിച്ചേക്കാം. ഇത് അമിതവണ്ണം അല്ലെങ്കിൽ പോസ്ചറൽ പ്രശ്‌നങ്ങൾ പോലുള്ള ശാരീരിക ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകും.
സ്മാർട്ട്ഫോണുകളുടെ അമിതമായ ഉപയോഗം ശ്രദ്ധ വ്യതിചലിക്കാൻ ഇടയാക്കും. ഇത് ജോലിയിലോ സ്‌കൂളിലോ ശ്രദ്ധയും ഉൽപ്പാദനക്ഷമതയും കുറയ്ക്കുന്നു.
സ്മാർട്ട്‌ഫോൺ അടിമത്തം സ്വന്തം സുരക്ഷയ്ക്കുതന്നെ ഗൗരവതരമായ ഭീഷണി ഉയർത്താം. ഉദാഹരണത്തിന്, വാഹനമോടിക്കുമ്പോൾ സ്മാർട്ട്‌ഫോൺ ഉപയോഗിക്കുന്നത് അപകട സാധ്യത ഗണ്യമായി വർധിപ്പിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates