

പണ്ട് നാടകനടന്‍മാര്‍ മുഖത്ത് ചുണ്ണാമ്പും കുങ്കുമക്കായ് പൊട്ടിച്ചതും കലര്‍ത്തി മുഖത്ത് തേച്ചിട്ടാണ് അഭിനയിച്ചിരുന്നത്. അരക്കിലാമ്പ് എന്ന പേരിലറിയപ്പെട്ടിരുന്ന ഒരു ഒറ്റവിളക്കിന്റെ ചുവട്ടില്‍ നിന്നായിരുന്നു അഭിനയം. മുഖത്തെ ഭാവപ്രകടനങ്ങള്‍ വളരെ ദൂരെ നിന്ന് നാടകം കാണുന്നവര്‍ക്ക് പോലും കണ്ടറിയാനാവണം എന്നതാണ് ഈ ചുണ്ണാമ്പുതേക്കലിന്റെ പൊരുള്‍. എന്നാല്‍ ചുണ്ണാമ്പ് കൂടിപ്പോയാല്‍ മുഖം പൊള്ളും! ഇന്ന് ചാനല്‍ അവതാരകര്‍ പോലും ഈ പ്രശ്‌നം അിമുഖീകരിക്കുന്നുണ്ട്. ചുണ്ണാമ്പിന്റെ സ്ഥാനം അതിനേക്കാള്‍ പതിന്‍മടങ്ങ് ദോഷം ചെയ്യുന്ന രാസവസ്തുക്കള്‍ കയ്യടക്കിയിരിക്കുന്നുവെന്ന് മാത്രം.
റിസപ്ഷനിസ്റ്റുകള്‍ മുതല്‍ സെയില്‍സ് ഗേളുകള്‍ വരെ ഇന്ന് ഒരു പരിധിവരെ നിര്‍ബന്ധപൂര്‍വ്വം തന്നെ ഇതിന് വിധേയരാവേണ്ടിവരുന്നു. ഇത് പുതിയൊരു ലോകക്രമത്തിന്റെ ഭാഗമാണെന്ന് കരുതാമെങ്കിലും തൊലി ലോകത്തിന്റേതല്ല, നമ്മുടേതാണെന്നോര്‍ക്കുക! എങ്കിലും പ്രാഫഷണലിസം നമ്മളെക്കൊണ്ട് നമ്മളോടു തന്നെ പല ‘കടുംകൈ’കളും ചെയ്യിക്കുന്നു. എന്താണിതിന് പരിഹാരം? ആധുനികതയുടെ ലോകത്തില്‍ ചര്‍മസംരക്ഷണം ഒരു പഴഞ്ചന്‍ ആചാരം മാത്രമാണോ?
ഉത്തരം ആണെന്നാണെങ്കില്‍ നിങ്ങള്‍ക്ക് ഉടനെ തന്നെ ഒരു അപ്രിയസന്ദര്‍ശകന്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്: കാന്‍സര്‍. അതോടൊപ്പം ചര്‍മരോഗങ്ങളുടെ ഒരു നീണ്ട അകമ്പടിയും. ഹാഫ് ഡേ ലീവുമെടുത്ത് ഡെര്‍മെറ്റോളജിസ്റ്റിനെ കാണാന്‍ പുറപ്പെടേണ്ട അവസ്ഥയിലേക്കെത്തും മുമ്പ് ചില കാര്യങ്ങള്‍ അിയാന്‍ ശ്രമിക്കാം: ആയുര്‍വേദം പറയുന്നതനുസരിച്ച് ‘രക്തധാതു’ക്കളുടെ സ്വാംശീകരണത്തിലൂടെയാണ് ശരീരത്തിന്റെ പുറംപാളിയായ ചര്‍മം രൂപപ്പെടുന്നത്. ഓരോ വ്യക്തി യുടേയും പ്രക്യതിക്കനുസരിച്ച് ചര്‍മംം വ്യത്യസ്തമായിരിക്കും. അതിന്റെ തിളക്കം, നിറം, ഘടന, കട്ടി, രോമങ്ങളുടെ സാന്നിധ്യം മുതലായവയിലും വ്യത്യാസമുണ്ടായിരിക്കും. അതിനാല്‍ തന്നെ ചര്‍മസംരക്ഷണരീതികളും വ്യത്യസ്തമായിരിക്കുന്നു.
സൗന്ദര്യം ഉളവാക്കാന്‍ ഒരു ഗുളികയുമില്ല. സ്‌നേഹപൂര്‍വ്വമായ ഒരു ‘സ്പര്‍ശം' എപ്പോഴും ഉറപ്പുവരുത്തുക. അല്ലെങ്കില്‍ സ്വയം സ്‌നേഹിക്കുക. അതിനു ശേഷം മാത്രമേ സൗന്ദര്യം വര്‍ദ്ധിപ്പി ക്കാനോ നിലനിര്‍ത്താനോ കഴിയുന്ന ഭക്ഷ്യവസ്തുക്കളോ ഔഷധക്കൂട്ടുകളോ വരുന്നുള്ളൂ. സൗന്ദര്യം നിലനില്‍ക്കണമെങ്കില്‍ നമ്മള്‍ പോഷകസമൃദ്ധവും പ്രകൃതിദത്തവുമായ ഭക്ഷണം കഴിക്കുകയും ദോഷകരമായ രാസവസ്തുക്കളില്‍ നിന്ന് ശരീരത്തെ അകറ്റിനിര്‍ത്തുകയും വേണം. ചര്‍മരോഗങ്ങള്‍ക്കും അസ്വാസ്ഥ്യങ്ങള്‍ക്കും അടിസ്ഥാനമായി മാറുന്ന ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാന്‍ കഴിയുന്ന നിരവധി ഔഷധങ്ങള്‍ ആയുര്‍വേദം നമുക്ക് പറഞ്ഞുതരുന്നുണ്ട്. ചര്‍മത്തിന് 'അക്ഷരാര്‍ത്ഥത്തില്‍'ത്തന്നെ തിളക്കം നല്‍കാന്‍ കഴിയുന്ന ചില ഔഷധസസ്യങ്ങള്‍ ഇതാ!
വിപണിയില്‍ സര്‍വ്വസാധാരണമായിരിക്കുന്നതും നാം സാധാരണയായി ഉപയോഗിക്കുന്നതും ‘ബ്ലാക്ക് ടീ’ ആണ്. കട്ടന്‍ചായ എന്ന അര്‍ത്ഥത്തിലാണ് ഈ ഇംഗ്‌ളീഷ് വാക്ക് നമ്മള്‍ സാധാരണയായി ഉപയോഗിക്കുന്നതെങ്കിലും ലോകവിപണിയില്‍ ‘ബ്ലാക്ക് ടീ’ എന്നാല്‍ അര്‍ത്ഥം വേറെയാണ്. ‘ഗ്രീന്‍ ടീ’ അല്ലാത്തതെല്ലാം ‘ബ്ലാക്ക് ടീ’ ആണ്. നിര്‍മ്മാണവേളയില്‍ ‘ഫെര്‍മെന്റേഷന്‍’ എന്ന പ്രക്രിയയിലൂടെ കടന്നുപോവുന്നതാണ് ‘ബ്ലാക്ക് ടീ’. മറ്റെല്ലാം ‘ഗ്രീന്‍ ടീ’ ആയും കണക്കാക്കുന്നു. ‘ഗ്രീന്‍ ടീ’ എന്ന പേരില്‍ വിപണനം ചെയ്യപ്പെടുന്ന വയില്‍ തേയില ഒരു ഘടകം ആവണമെന്നില്ല എന്ന സ്ഥിതിയുണ്ടായിരുന്നു, അടുത്ത കാലം വരെ.
എന്നാല്‍ ഈയിടെ കേന്ദ്രസര്‍ക്കാര്‍ ഇതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. തേയിലച്ചെടിയുടെ ഇല ഒരു ഘടകമെങ്കിലും ആവുന്ന ഉല്‍പ്പന്നങ്ങള്‍ മാത്രമേ ഇനിമേല്‍ ‘തേയില’ എന്ന പേരില്‍ വില്‍ക്കാനനുവദിക്കൂ. ‘ബ്ലാക്ക് ടീ’യും ‘ഗ്രീന്‍ ടീ’യും ഇതില്‍ ഉള്‍പ്പെടുന്നു. തേയിലച്ചെടിയില്‍ നിന്നും നുള്ളിയെടുത്തതിനു തൊട്ടുപിന്നാലെ ആവിയില്‍ വേവിച്ച് ഉണക്കിയ ഇലകളില്‍ നിന്നാണ് ‘ഗ്രീന്‍ ടീ’ നിര്‍മ്മിക്കുന്നത്. 100 ഗ്രാം ‘ഗ്രീന്‍ ടീ’യില്‍ ഏകദേശം 100 മില്ലിഗ്രാം വിറ്റാമിന്‍ സി ഉണ്ടായിരിക്കും. ഇത് ഒരു നാരങ്ങയില്‍ കാണപ്പെടുന്നതിന് ഏകദേശം തുല്യമായിരിക്കും.
‘ഗ്രീന്‍ ടീ’യില്‍ ആന്റിഓക്‌സിഡന്റുകളും സമ്യദ്ധമായി അടങ്ങിയിരിക്കുന്നു. ഇവയുടെ ഗുണഫലങ്ങള്‍ നന്നായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ‘ബ്ലാക്ക് ടീ’യിലാവട്ടെ, വിറ്റാമിന്‍ സി യുടെ 90 ശതമാനത്തിലധികവും ‘ഫെര്‍മെന്റേഷന്‍’ എന്ന പ്രക്രിയ കാരണം നശിപ്പിക്കപ്പെടുന്നു. എന്നിരുന്നാലും, ‘ബ്ലാക്ക് ടീ’യിലും ‘ഗ്രീന്‍ ടീ’യിലും സമാനമായ അളവില്‍ വിറ്റാമിന്‍ ബി6, വിറ്റാമിന്‍ ഇ, വിറ്റാമിന്‍ കെ എന്നിവ അടങ്ങിയിട്ടുണ്ട്. ചുരുക്കത്തില്‍ ടാനിനുകള്‍, ഫ്‌ളാവനോയിഡുകള്‍, അമിനോ ആസിഡുകള്‍, വിറ്റാമിനുകള്‍, കഫീന്‍, പോളിസാക്കറൈഡുകള്‍ എന്നിവയുടെ ഒരു കോക്ക്‌ടെയിലാണ് ചായ.
അതേസമയം പോളിഫെനോളുകളാണ് ‘ഗ്രീന്‍ ടീ’യിലെ പ്രധാന ഘടകങ്ങള്‍. കാറ്റെച്ചിനുകള്‍ ആണ് ‘ഗ്രീന്‍ ടീ’യിലെ ഏറ്റവും പ്രധാനപ്പെട്ട പോളിഫെനോളുകള്‍. ഇവയ്ക്ക് സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികളുടെ പ്രഭാവം തടയാനാവും. കണ്ണുകള്‍ക്ക് താഴെയുള്ള കറുത്ത നിറവും തടിപ്പും മാറ്റാന്‍ ഗ്രീന്‍ ടീ ബാഗുകള്‍ തണുപ്പിച്ചേ ശഷം ഉപയോഗിക്കാം. ‘ഗ്രീന്‍ ടീ’ ഉള്ളില്‍ കഴിച്ചാല്‍ കൊഴുപ്പിന്റെ അളവ് കുറയുകയും മുഖത്തെ അമിതമായ എണ്ണമയം മാറുകയും ചെയ്യും. ഇതുകരണം വിയപ്പുഗ്രന്ഥികള്‍ അടഞ്ഞുപോകാതിരിക്കുകയും മുഖക്കുരു വരുന്നതിനുള്ള സാധ്യത കുറയുകയും ചെയ്യുന്നു.
ബാക്ടീരിയക്കെതിരെ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന കുര്‍ക്കുമിന്‍ എന്ന ജൈവഘടകം അടങ്ങിയിരിക്കുന്നതാണ് മഞ്ഞള്‍. ഇത് പൊടിച്ചാണ് ഉപയോഗിക്കേണ്ടത്. അണുനാശനശക്തി ഉള്ളതിനാല്‍ ഇത് മുറിവുകളില്‍ പുരട്ടാവുന്നതാണ്. അകാലവാര്‍ദ്ധക്യം കടന്നുവരുന്നതിന്റെ ലക്ഷണങ്ങള്‍, മുഖക്കുരു, പൊള്ളല്‍, എക്‌സിമ, സൂര്യതാപം ഏല്‍ക്കുന്നതിന്റെ ദുഷ്ഫലങ്ങള്‍ എന്നിവ അകറ്റിനിറുത്തുന്നതിന് മഞ്ഞള്‍പ്പൊടി ഉപയോഗിക്കാം.
പേശികള്‍ക്ക് സംഭവിക്കുന്ന പരിക്ക് മൂലമുണ്ടാകുന്ന ഉളുക്ക്, നീര്‍വീക്കം എന്നിവയ്ക്കും ആയുര്‍വേദം മഞ്ഞള്‍ നിര്‍ദ്ദേശിക്കുന്നു. പണ്ടുകാലത്ത് നവജാതശിശുക്കളുടെ ശരീരത്തില്‍ മഞ്ഞള്‍പ്പൊടി വിതറുന്നത് പൊക്കിള്‍ക്കൊടി മുറിഞ്ഞുപോയത് സുഖപ്പെടുത്താന്‍ സഹായിക്കും. മഞ്ഞളരച്ച് ശരീരത്തില്‍ പുരട്ടിയശേഷം കുളിക്കുക എന്നത് വിവാഹച്ചടങ്ങുകള്‍ക്ക് മുമ്പ് വധുവിനെ ഒരുക്കുന്നതിലെ ഒരു ചടങ്ങായിരുന്നു. കവിളുകള്‍ക്ക് ഇത് സ്വാഭാവികമായ ഒരു സ്വര്‍ണ്ണത്തിളക്കം ഉണ്ടാക്കും. മഞ്ഞള്‍പ്പൊടിക്കുഴമ്പിന് ചര്‍മത്തിലെ അള്‍സര്‍ പോലും സുഖപ്പെടുത്താന്‍ കഴിയും. മാത്രമല്ല, മഞ്ഞള്‍ പതിവായി പുരട്ടുന്നത് വാര്‍ദ്ധക്യം മൂലം തൊലിപ്പുറത്തുണ്ടാവുന്ന പ്രശ്‌നങ്ങള്‍ ലഘൂകരിക്കും. തൊലി ചുക്കിച്ചുളിയുന്നതും കറുത്ത കുത്തുകള്‍ പ്രത്യക്ഷപ്പെടുന്നതും ഒരു പരിധിവരെ തടയാന്‍ മഞ്ഞളിന് കഴിയും.
ചര്‍മത്തിന് മ്യദുത്വം നല്‍കുന്നതും ഒരു മോയിസ്ചറൈസര്‍ പോലെ പ്രവര്‍ത്തിക്കുന്നതുമാണ് ഉരുക്കുവെളിച്ചെണ്ണ. വെളിച്ചെണ്ണ ഉപയോഗിക്കുന്നത് മുടി ചീകുമ്പോള്‍ ഉണ്ടാകുന്ന പ്രോട്ടീന്‍ നഷ്ടം തടയാന്‍ സഹായിക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഉരുക്കുവെളിച്ചെണ്ണയും സാധാരണ വെളിച്ചെണ്ണയും തൊലിപ്പുറത്ത് ഏതൊരുവിധ പ്രതികൂലഫലങ്ങളും ഉളവാക്കുന്നവയല്ല. തലയില്‍ വെളിച്ചെണ്ണ ഉപയോഗിക്കുന്നത് തലയോട്ടിയിലെ തൊലിയെ നന്നായി നിലനിറുത്തും. ചര്‍മം വരളുന്നത്, പൊളിഞ്ഞിളകുന്നത്, നിറം മങ്ങുന്നത്, കരുവാളിക്കുന്നത് എന്നിവയെ തടയാന്‍ വെളിച്ചെണ്ണയുടെ സ്ഥിരമായ ഉപയോഗത്തിന് കഴിയും.
ഇത് ചര്‍മത്തിന് മൃദുത്വവും സ്‌നിഗ്ദ്ധതയും നിലനിറുത്താന്‍ സഹായിക്കും. വെളിച്ചെണ്ണയില്‍ അടങ്ങിയിരിക്കുന്ന ലോറിക് ആസിഡ് മുഖക്കുരു, ചര്‍മത്തിലെ അണുബാധ, വീക്കം എന്നിവ തടയാന്‍ സഹായിക്കും. കുളിച്ചതിനു ശേഷമോ കഴുകിയതിനു ശേഷമോ മുഖത്തും ചര്‍മ്മത്തിലും വെളിച്ചെണ്ണ യോ ഉരുക്കുവെളിച്ചെണ്ണയോ പുരട്ടാം. നാല് ടീസ്പൂണ്‍ വെളിച്ചെണ്ണ, രണ്ട് ടീസ്പൂണ്‍ തേന്‍, രണ്ട് ടീസ്പൂണ്‍ ഓട്‌സ് മാവ്, കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി എന്നിവ എടുക്കുക. ഇവയെല്ലാം ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്തും കഴുത്തിലും അരമണിക്കൂറോളം പുരട്ടിയിടുക.. തുടര്‍ന്ന് ചെറുചൂടുവെള്ളത്തില്‍ കഴുകുക.
മുടി മൃദുവാക്കാനും ശക്തിപ്പെടുത്താനും കഴിയുന്ന ഒന്നാണ് ബദാംഎണ്ണ. എന്നാല്‍ ചര്‍മ സംരക്ഷണത്തിന്റെ കാര്യത്തില്‍ അത് തൊലിപ്പുറം വ്യത്തിയാക്കുന്നതിനുള്ള ഏറ്റവും നല്ല ലായകമാണ്. ത്വക്കില്‍ അടിഞ്ഞുകൂടുന്ന അഴുക്കുകള്‍ നീക്കാനും വിയര്‍പ്പുരന്ധ്രങ്ങളെ തുറന്നുവെക്കാനും ബദാം എണ്ണയ്ക്ക് കഴിയും. ബദാംഎണ്ണ മുഖത്തെ പാടുകള്‍ കുറയ്ക്കുകയും ചര്‍മത്തിന്റെ ഘടനയും നിറവും മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇത് ചര്‍മത്തിന് തിളക്കം നല്‍കുന്നു.
വാര്‍ദ്ധ്യകം മൂലമുണ്ടാവുന്ന കറുത്ത പാടുകള്‍, കരുവാളിപ്പ് എന്നിവയെ തടയുന്നതിനും മുഖത്തിന് യുവത്വം നല്‍കുന്നതിനും ബദാംഎണ്ണ സഹായിക്കും. വരണ്ട ചര്‍മ്മമുള്ളവര്‍, രാത്രി ഉറങ്ങാന്‍ പോവുന്നതിനു മുമ്പ് മുഖത്ത് എണ്ണ പുരട്ടുന്നത് നല്ലതാണ്. രാവിലെ ആവുന്നതോടെ മാത്രം മുഖം കഴുകുക. ചര്‍മത്തിന് തിളക്കം ലഭിക്കുന്നതു വരെ ഇത് ദിവസവും ആവര്‍ത്തിക്കാം. എങ്കിലും എണ്ണമയമുള്ള മുഖമാണെങ്കില്‍ രാത്രിയില്‍ ഇത് പുരട്ടരുത്. ഒരു ടീസ്പൂണ്‍ ബദാം എണ്ണയും 2 ടീസ്പൂണ്‍ തേനും ചേര്‍ത്ത് മുഖത്ത് പേസ്റ്റ് ചെയ്യുക. 15-30 മിനിറ്റ് നേരത്തിനു ശേഷം പനിനീരുപയോഗിച്ച് കഴുകുക. ചര്‍മം മെച്ചപ്പെടുന്നതുവരെ ആഴ്ചയില്‍ 3-4 തവണ ഇത് ആവര്‍ത്തിക്കുക.
കണ്ണുകള്‍ക്ക് താഴെ കറുത്ത വൃത്തങ്ങളോ മുഖത്തിലുടനീളം കറുത്ത പാടുകളോ ഉണ്ടെങ്കില്‍, 2 ടീസ്പൂണ്‍ ബദാംഎണ്ണ, കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍, 3 ടീസ്പൂണ്‍ കടലപ്പൊടി എന്നിവ എടുത്ത് പനിനീരുമായി കലര്‍ത്തി മുഖത്ത് പുരട്ടുക. ഒരു മണിക്കൂറിനു ശേഷം കഴുകിക്കളയുക. കുറഞ്ഞത് ആറു മാസത്തേക്ക് ആഴ്ചയില്‍ മൂന്ന് തവണ ഇത് തുടരുക. ചര്‍മം തിളങ്ങുന്നത് കാണാം.
വിറ്റാമിന്‍ സിയുടെ സമ്പന്നമായ ഉറവിടമാണ് മാതളം. മാതളനാരങ്ങ എന്ന പേരിലും അറിയപ്പെടുന്ന ഇത് ഇരുമ്പ് ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവിനെ മെച്ചപ്പെടുത്തും. ഇതുവഴി വിളര്‍ച്ച തടയാന്‍ മാതളത്തിന് കഴിയും. ചര്‍മത്തിന് തിളക്കം നല്‍കാനും വാര്‍ദ്ധക്യം മൂലമുള്ള ചുളിവുകളെ അകറ്റാനും മാതളം സഹായിക്കും. ഇത്് ഒരു ശീലമാക്കുന്നത് നല്ലതാണ്.
മാതളത്തിന്റെ അല്ലികള്‍ ഒരു മിക്‌സര്‍ഗ്രൈന്‍ഡര്‍ ഉപയോഗിച്ച് അരയ്ക്കുക. ഇത് പനിനീരില്‍ കുഴച്ചെടുത്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് മസാജ് ചെയ്യാം. പതിനഞ്ച് മിനിറ്റിനു കഴുകിക്കളയാം. ഇത് ആഴ്ചയില്‍ മൂന്ന് തവണ ആവര്‍ത്തിക്കാം. മാതളത്തിന്റെ പുറന്തൊലി ഉണക്കി പൊടിച്ചെടുത്തത് ഒരു ടീസ്പൂണ്‍ പാല്‍പ്പാടയും രണ്ട് ടീസ്പൂണ്‍ കടലമാവും ചേര്‍ത്ത് മുഖത്ത് പുരട്ടിയാല്‍ കറുത്ത പാടുകള്‍ ഒഴിവാക്കാം. സൂര്യതാപം മൂലമുള്ള പൊള്ളലിനുംഇത് ഫലപ്രദമായ ഒരു ചികിത്സയാണ്.
മലയാളത്തില്‍ ‘മസൂര്‍പരിപ്പ്’ എന്നറിയപ്പെടുന്ന ചുവന്നപരിപ്പ് ചര്‍മസംരക്ഷണത്തിനുള്ള ഒരു വിശിഷ്ടവസ്തുവാണ്. വരണ്ടതും മങ്ങിയതുമായ ചര്‍മത്തിനുള്ള ചികിത്‌സയില്‍ ഇതിനെക്കാള്‍ മികച്ച മറ്റൊന്നില്ല. ഇത് ചര്‍മത്തിന്റെ നിറം മെച്ചപ്പെടുത്തുകയും അതിനെ മൃദുവും മിനുസമാര്‍ന്നതുമാക്കി നിലനിറുത്തുകയും ചെയ്യും. സൂര്യതാപത്തിന്റെ ഫലങ്ങള്‍ നീക്കം ചെയ്യുന്നതിനും വെയിലടിച്ച് തൊലി കറുക്കുന്നതിനും ഇത് ഒരു പ്രതിവിധിയാണ്.
ചുവന്ന പരിപ്പ് സ്ഥിരമായി ഉപയോഗിക്കുന്നത് മുഖക്കുരു വരാനുള്ള സാധ്യത കുറയ്ക്കുകയും മുഖത്ത് നിന്ന് അധികമായുള്ള എണ്ണമയം എളുപ്പത്തില്‍ നീക്കം ചെയ്യുകയും ചെയ്യും. ഇതിനായി, 50 ഗ്രാം ചുവന്നപരിപ്പ് ഒരു പാത്രത്തില്‍ എടുത്ത് ചെറുചൂടുള്ള വെള്ളത്തില്‍ കുതിര്‍ക്കാന്‍ വയ്ക്കുക. രാത്രി മുഴുവന്‍ കുതിരാനനുവദിച്ച ശേഷം രാവിലെ എടുത്ത് നന്നായി അരച്ച് കുഴമ്പുരൂപത്തിലാക്കുക. ഇതിലേക്ക് ഒരു ടീസ്പൂണ്‍ ബദാം ഓയില്‍, കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി (അല്ലെങ്കില്‍ ഓറഞ്ച്‌തൊലി ഉണക്കിപൊടിച്ചത് 25 ഗ്രാം), ഒരു ടേബിള്‍സ്പൂണ്‍ പാല്‍ എന്നിവ ചേര്‍ക്കുക. പാലിന് പകരം പനിനീരായാലും മതി. മുഖത്തും കഴുത്തിലും പുരട്ടി പതിനഞ്ച് മിനിറ്റ് വയ്ക്കുക. തുടര്‍ന്ന് തണുത്ത വെള്ളത്തില്‍ കഴുകുക.
മത്തങ്ങ നീര്‍വീക്കത്തിനുള്ള ഒരു പരമ്പരാഗത മരുന്നാണ്. ഇതിന്റെ വിത്തുകളില്‍ നിന്നുള്ള എണ്ണയില്‍ ലിനോലെയിക് ആസിഡ്, പാല്‍മിറ്റിക ആസിഡ്്, സ്റ്റിയറിക് ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്. മുഖക്കുരു, കാലിലെ അള്‍സര്‍ പോലെയുള്ള വ്രണങ്ങള്‍ എന്നിവ സുഖപ്പെടുത്താന്‍ ഇതിന് കഴിയും. ഹെര്‍പ്പസ്‌രോഗം മൂലം തൊലിപ്പുറത്തുണ്ടാവുന്ന കുമിളകളും അവ പൊട്ടിയുണ്ടാവുന്ന വ്രണങ്ങളും ലൈംഗികാവയവങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന കുരുക്കള്‍ക്കും മത്തങ്ങാവിത്തുകളില്‍ നിന്നുള്ള എണ്ണ പുരട്ടാം.
മത്തങ്ങാച്ചെടിയുടെ (മത്തന്‍) ഇലകള്‍ ഉളുക്ക്, പേശീവലിവ് എന്നിവയ്ക്കുള്ള ചികിത്സയായി ഉപയോഗിക്കാം. വെള്ളത്തില്‍ മത്തന്റെ വേരുകളിട്ട് തയ്യാറാക്കുന്ന കഷായം സിഫിലിസിനുള്ള ഫലപ്രദമായ ഔഷധമാണ്. എന്നാല്‍ ഗ്യഹവൈദ്യത്തില്‍ മുഖത്തെ മുഖക്കുരു, ബ്ലാക്ക്‌ഹെഡ്‌സ് എന്നിവ സുഖപ്പെടുത്തുന്നതിനുള്ള മരുന്നായി മാത്രമാണ് മത്തങ്ങയുടെ പ്രസക്തി.
വരണ്ട ചര്‍മത്തിനും എണ്ണമയമുള്ള ചര്‍മത്തിനും ഒരുപോലെ നല്ലതാണ് പപ്പായ പള്‍പ്പ്. ഇത് ചര്‍മത്തിന് സ്‌നിഗ്ധത നല്‍കുകയും അമിതമായ വരള്‍ച്ച കുറയ്ക്കുകയും ചെയ്യുന്നു. അധികമായ എണ്ണമയം നീക്കം ചെയ്യാനും ഇത് സഹായിക്കും. അഴുക്കും മൃതകോശങ്ങളും നീക്കം ചെയ്ത് ചര്‍മത്തെ വൃത്തിയാക്കാനും ഇതിന് കഴിയും. ചര്‍മത്തിലെ സുഷിരങ്ങള്‍ തുറക്കപ്പെടുന്നതിനാല്‍ അധികമായുള്ള എണ്ണ സ്വാഭാവികമായി ചര്‍മത്തില്‍ നിന്ന് പുറത്തുവരും. ഇത് മുഖക്കുരു വരാനുള്ള സാധ്യത കുറയ്ക്കും. മാത്രമല്ല, പഴുത്ത പപ്പായയില്‍ ബീറ്റാ ഹൈഡ്രോക്‌സി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മത്തിലെ ചുളിവുകള്‍ നീക്കം ചെയ്യുകയും തിളക്കമുള്ള രൂപം നല്‍കുകയും ചെയ്യും.
പഴുത്ത പപ്പായയുടെ തൊലി നീക്കം ചെയ്ത് ഒരു മിക്‌സര്‍ഗ്രൈന്‍ഡറില്‍ മാഷ് ചെയ്ത് പള്‍പ്പ് ഉണ്ടാക്കുക. ഈ പള്‍പ്പില്‍ ഒരു കപ്പ് എടുത്ത് 4 ടീസ്പൂണ്‍ തേനും 4 ടീസ്പൂണ്‍ പാലും ചേര്‍ക്കുക. നന്നായി ഇളക്കി മുഖത്തും കഴുത്തിലും പുരട്ടുക. പതിനഞ്ച് മിനിറ്റ് കഴിഞ്ഞ് വെള്ളത്തില്‍ കഴുകി കളയണം. മൃദുവും മിനുസമാര്‍ന്നതുമായ ചര്‍മം ലഭിക്കുന്നതു വരെ ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഇത് ആവര്‍ത്തിക്കുക. മുഖക്കുരു കൂടുതലുള്ള ചര്‍മ്മമുള്ളവര്‍ പാലിന് പകരം നാരങ്ങനീര് ചേര്‍ക്കണം. മുകളില്‍ പറഞ്ഞ മിശ്രിതം ഉപയോഗിച്ച് മുഖത്തെ വാര്‍ദ്ധക്യലക്ഷണം തടയാനും കഴിയും: പപ്പായയുടെ പള്‍പ്പ് തുല്യ അളവില്‍ വാഴപ്പഴത്തിന്റെ പള്‍പ്പും വെള്ളരിക്ക പൊടിച്ചതും ചേര്‍ത്ത് നന്നായി ഇളക്കുക. പതിനഞ്ച് മിനിറ്റ് മുഖത്ത് പുരട്ടിയിടുക. ആദ്യം ചെറുചൂടുള്ള വെള്ളത്തിലും പിന്നീട് തണുത്ത വെള്ളത്തിലും കഴുകാന്‍ ശ്രദ്ധിക്കുക.
ആയുര്‍വേദത്തിലെ ഒരു ഔഷധലേപനമാണ് കുങ്കുമാദിതൈലം. കുങ്കുമപ്പൂവ് ആണ് ഇതിലെ പ്രധാന ചേരുവ. പക്ഷേ, ഇരുപത് ചേരുവകള്‍ വേറെയുമുണ്ട് മുഖത്തിന്റെ നിറം മെച്ചപ്പെടുത്തുന്നതിനും തിളക്കമുള്ള മുഖം നേടുന്നതിനും കുങ്കുമാദിതൈലം പതിവായി ഉപയോഗിക്കാം. അള്‍ട്രാവയലറ്റ് രശ്മികളുടെ പ്രഭാവത്തില്‍ നിന്നും ചര്‍മത്തെ സംരക്ഷിക്കാന്‍ കുങ്കുമപ്പൂവിന് കഴിയും. ഇതിന്റെ ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ നിങ്ങള്‍ക്ക് തിളക്കമുള്ള ചര്‍മം പ്രദാനം ചെയ്യും. കുങ്കുമപ്പൂ സൂര്യതാപം മൂലം തൊലി കറുത്ത് കരുവാളിച്ച് പോവുന്നതിനെ സുഖപ്പെടുത്തുകയും ചെയ്യുന്നു.
കുങ്കുമപ്പൂവ് ലഭ്യമാണെങ്കില്‍ അത് ഇങ്ങനെ ഉപയോഗിക്കാം: 25 മില്ലി പനിനീരില്‍ രണ്ട് ഗ്രാം കുങ്കുമപ്പൂവ് കലര്‍ത്തുക. ഇത് പതിവായി രണ്ടുതവണ മുഖത്ത് പുരട്ടാം. അല്ലെങ്കില്‍ 50 ഗ്രാം തേനില്‍ 5 ഗ്രാം കുങ്കുമപ്പൂവ് നന്നായി കലര്‍ത്തുക. ഇത് ആഴ്ചയില്‍ രണ്ടുതവണ മുഖത്ത് പുരട്ടാം. മുപ്പതു മിനിറ്റിനു ശേഷം മുഖം ചെറുചൂടുള്ള വെള്ളത്തില്‍ കഴുകണം.
സൂര്യപ്രകാശം നിരന്തരമായി ഏല്‍ക്കേണ്ടിവരുന്ന ജോലി ചെയ്യുന്നവരില്‍ തൊലിക്ക് പ്രത്യേക സംരക്ഷണം ആവശ്യമാണ്. അള്‍ട്രാവയലറ്റ് വിരണങ്ങളുള്ള വെയില്‍ അധികമായി ഏല്‍ക്കുന്നതിലൂടെ തൊലിയുടെ സ്വാഭാവികനിറം നഷ്ടപ്പെട്ട് അത് പതുക്കെപ്പതുക്കെ കറുക്കാന്‍ തുടങ്ങുന്നു. ‘ഹൈപ്പര്‍ പിഗ്‌മെന്റേഷന്‍’എന്നാണ് ഇതറിയപ്പെടുന്നത്. ഇത് പരിഹരിക്കാന്‍ വെള്ളരിക്കയുടെ സത്ത് വളരെ പ്രയോജനപ്രദാണ്.
വെയിലേറ്റ് അതിന്റെ പ്രക്യതം തന്നെ നഷ്ടമായ ചര്‍മത്തെ തിരികെ കൊണ്ടുവരാന്‍ വെള്ളരിക്കയ്ക്ക് കഴിയും. കണ്‍തടങ്ങളില്‍ വെള്ളരിക്ക വട്ടത്തിലരിഞ്ഞ് വെച്ച് കണ്ണടച്ച് കിടക്കുന്നത് നല്ലതാണ്. ലാപ്‌ടോപ്പ്, കംപ്യൂട്ടര്‍ എന്നിവ ഉപയോഗിച്ച് ദീര്‍ഘനേരം ജോലിചെയ്യുന്നവരില്‍ കാണുന്ന കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം പരിഹരിക്കാന്‍ മുന്‍പറഞ്ഞ രീതി വളരെ ഫലപ്രദമാണ്. രാത്രി ഉറങ്ങുന്നതിനു മുമ്പ് ഇത് ചെയുന്നതാണുത്തമം. വെള്ളരിക്ക അരിഞ്ഞത് പിഴിഞ്ഞെടുത്ത സത്തിനോടൊപ്പം നാരങ്ങാനീര് കൂടി ചേര്‍ത്താല്‍ ഫലം ഇരട്ടിയാവും. ഇത് മുഖത്ത് പുരട്ടാന്‍ അത്യുത്തമമാണ്. ചര്‍മത്തിന്റെ നിറം മാത്രമല്ല തിളക്കവും ആരോഗ്യവും ഇത് വര്‍ദ്ധിപ്പിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates