

സംസ്ഥാനത്ത് നെയിൽ സലൂണുകൾ ഇപ്പോൾ വ്യാപകമാവുകയാണ്. വെറുമൊരു ട്രെൻഡ് എന്നതിനെക്കാൾ ഉപരി, ജെൽ പോളിഷും അക്രിലിക് നഖങ്ങളും നെയിൽ ആർട്ടുമൊക്കെ മാനസിക സമ്മർദം കുറയ്ക്കാനുള്ള ഒരു സെൽഫ് കെയർ രീതിയായി മാറിയിട്ടുണ്ട്. എന്നാൽ നഖങ്ങളിലെ ഈ തിളക്കത്തിന് പിന്നിൽ ഒളിഞ്ഞിരിക്കുന്ന ആരോഗ്യ അപകടങ്ങളെ കുറിച്ച് പലരും ബോധവാന്മാരല്ല.
കാഴ്ചയിൽ നഖങ്ങളിൽ ചെയ്യുന്ന ഇത്തരം പരീക്ഷണങ്ങൾ വലിയ ദോഷകരമല്ലെന്ന് തോന്നാമെങ്കിലും അവ പൂർണ്ണമായും അപകടസാധ്യത കുറഞ്ഞതാണെന്ന് പറയാനാകില്ലെന്ന് വിദഗ്ധർ പറയുന്നു. ജെൽ മാനിക്യൂറുകൾ കാൻസർ സാധ്യത വർധിപ്പിക്കുമെന്നതിനുള്ള ശാസ്ത്രീയ തെളിവുകൾ പരിമിതമാണ്. നഖങ്ങൾക്കിടയിലൂടെ വളരെ കുറഞ്ഞ അളവിൽ (ഏകദേശം 0.5 മുതൽ 2.5 ശതമാനം വരെ) മാത്രമേ യുവി രശ്മികൾ കടന്ന് പോകുന്നുള്ളൂ. അതിനാൽ സാധാരണ ഗതിയിൽ ഇതിന്റെ ആഘാതം കുറവാണ്.
ജെൽ മാനിക്യൂറുകളിൽ യുവി രശ്മികൾ ഏൽക്കുന്നത് 10 മുനുട്ടിൽ താഴെയായതിനാൽ ഇടയ്ക്കിടെ മാത്രം ഇത് ചെയ്യുന്നവർക്ക് വലിയ ഭീഷണിയുണ്ടാകില്ല. എങ്കിലും, യുവി രശ്മികൾ പുറപ്പെടുവിക്കുന്ന ഏതൊരു ഉപകരണവും കാൻസറിന് കാരണമായേക്കാവുന്ന ഘടകങ്ങളിൽ ഉൾപ്പെടുന്നതാണ്. അതിനാൽ, സ്കിൻ കാൻസർ സാധ്യതയുള്ളവർക്ക് ഇത് പൂർണ്ണമായും സുരക്ഷിതമാണെന്ന് പറയാനാകില്ലെന്ന് വിദഗ്ധർ പറയുന്നു.
അക്രിലിക് ഉൽപ്പന്നങ്ങൾ പതിവായി ഉപയോഗിക്കുന്നവരിൽ അലർജി കോൺടാക്റ്റ് ഡെർമറ്റൈറ്റിസ്, കൈകളിലെ എക്സിമ, ചുണ്ടിലെ എക്സിമ, നഖങ്ങളുടെ കേടുപാടുകൾ, അണുബാധകൾ എന്നിവ സാധാരണയായി കാണുന്നുവെന്ന് ഡോ. ശർമ്മ അഭിപ്രായപ്പെടുന്നു. അക്രിലിക് നഖങ്ങളിലും അവ ഒട്ടിക്കാൻ ഉപയോഗിക്കുന്ന പശകളിലും അടങ്ങിയിട്ടുള്ള രാസവസ്തുക്കളാണ് ഇതിന് കാരണം. ഇവ നഖങ്ങളെ ദുർബലപ്പെടുത്തുകയും ചുറ്റുമുള്ള ചർമത്തെ പ്രകോപിപ്പിക്കുകയും ചെയ്യുന്നു.
സലൂൺ തൊഴിലാളികൾ സൂക്ഷിക്കണം
ഉപഭോക്താക്കളേക്കാൾ അധികം ഇത്തരം രാസവസ്തുക്കളുമായി നേരിട്ട് സമ്പർക്കം പുലർത്തുന്നത് സലൂണുകളിൽ ജോലി ചെയ്യുന്ന ജീവനക്കാരാണ്. ഒരു ദിവസം എട്ടു മണിക്കൂർ വരെ രാസവസ്തുക്കളുടെ മണവും പുകയും നിറഞ്ഞ അന്തരീക്ഷത്തിലാണ് ഇവർ കഴിയുന്നത്.
ജീവനക്കാരെ സംബന്ധിച്ചിടത്തോളം യുവി രശ്മികളെക്കാൾ അക്രിലിക് രാസവസ്തുക്കളുമായുള്ള നിരന്തര സമ്പർക്കമാണ് പ്രയാസം ഉണ്ടാക്കുക. കാലക്രമേണ ഇത് ചർമ രോഗങ്ങൾക്കും ശ്വസന സംബന്ധമായ പ്രശ്നങ്ങൾക്കും ഇത് കാരണമായേക്കാം. ശരിയായ വായു സഞ്ചാരം എന്നിവ പല സലൂണുകളിലും കൃത്യമായി പാലിക്കപ്പെടുന്നില്ല എന്നതും ആശങ്ക ഉയർത്തുന്ന കാര്യമാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
സൗന്ദര്യ വർദ്ധക ചികിത്സകൾ പലപ്പോഴും ആരോഗ്യപരമായ വശങ്ങൾ പരിഗണിക്കാതെയാണ് ആളുകൾ ചെയ്യുന്നത്. മെഡിക്കൽ നടപടിക്രമങ്ങളിൽ നിന്ന് വ്യത്യസ്തമായി, കൃത്യമായ നിയന്ത്രണങ്ങളോ മുന്നറിയിപ്പുകളോ ദീർഘകാല അപകടസാധ്യതകളെ കുറിച്ചുള്ള ബോധവൽക്കരണമോ ഇതിൽ കുറവാണ്. സൗന്ദര്യ വിഭാഗത്തിൽ പെടുന്നത് കൊണ്ട് മാത്രം അത് പൂർണ്ണമായും സുരക്ഷിതമാണെന്ന് കരുതരുത്. അപകടസാധ്യതകളുണ്ട്, അവയ്ക്ക് കൂടുതൽ ശ്രദ്ധയും ഗവേഷണവും ആവശ്യമാണ്.
ഇത്തരം നെയിൽ ട്രെൻഡുകളെ പൂർണമായും ഉപേക്ഷിക്കണമെന്നല്ല, മറിച്ച് മിതമായ ഉപയോഗമാണ് വേണ്ടതെന്നാണ് വിദഗ്ധർ നിർദ്ദേശിക്കുന്നത്. ആവൃത്തി പരിമിതപ്പെടുത്തുക, നന്നായി വായുസഞ്ചാരമുള്ള സലൂണുകൾ തിരഞ്ഞെടുക്കുക, അലർജി പ്രതിപ്രവർത്തനങ്ങളെ കുറിച്ച് ബോധവാന്മാരായിരിക്കുക തുടങ്ങിയ ലളിതമായ ഘടകങ്ങൾ അപകടസാധ്യത കുറയ്ക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates