

അമിതമായ ചൂടും നിർജലീകരണവും മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ കൂടിവരികയാണ്. ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിനും അകം തണുപ്പിക്കുന്നതിനും ഡയറ്റിൽ ചില മാറ്റങ്ങൾ വരുത്താം.
ഏതാണ്ട് 95 ശതമാനവും ജലാംശം അടങ്ങിയ വെള്ളരിക്ക, കക്കരിക്ക പോലുള്ളവ വേനൽക്കാലത്ത് ധാരാളം കഴിക്കുന്നത് ശരീരത്തിൽ ജലാംശം നിലനിർത്താനും നിർജ്ജലീകരണം ഒഴിവാക്കാനും സഹായിക്കും. മാത്രമല്ല, ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ ദഹനപ്രക്രിയ സുഗമമാക്കാനും സഹായിക്കും. സലാഡിലോ സ്മൂത്തിയിലോ ജ്യൂസ് ആക്കിയോ ഇവ ഡയറ്റിൽ ഉൾപ്പെടുത്താം.
പ്രകൃതിദത്തമായ ഇലക്ട്രോലൈറ്റുകളുടെ കലവറയാണ് കരിക്കിൻ വെള്ളം. കഠിനമായ ചൂടിൽ ശരീരത്തിൽ നിന്ന് നഷ്ടമാകുന്ന പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കൾ വീണ്ടെടുക്കാൻ കരിക്കിൻ വെള്ളം കുടിക്കുന്നത് സഹായിക്കും. ശരീരത്തിൽ ക്ഷീണം അകറ്റി, ശരീരത്തിന് ഊർജ്ജം പകരാനും ജലാംശം നിലനിർത്താനും ഇത് സഹായിക്കും.
ഭക്ഷണത്തിന് രുചിയും മണവും നൽകാൻ മാത്രമല്ല, ശരീരത്തെ തണുപ്പിക്കാനും പുതിനയിലയ്ക്ക് പ്രത്യേക കഴിവുണ്ട്. പുതിനയില ചേർത്ത വെള്ളമോ ചായയോ കുടിക്കുന്നത് ഉന്മേഷം നൽകും. ഇതിലെ മെന്തോൾ ഘടകങ്ങൾ ശരീരത്തിലെ ചൂട് നിയന്ത്രിക്കാൻ സഹായിക്കുന്നവയാണ്.
തണ്ണിമത്തനിലെ ഉയർന്ന ജലാംശവും ലൈക്കോപീൻ പോലുള്ള ആന്റിഓക്‌സിഡന്റുകളും സൂര്യതാപം മൂലമുള്ള ചർമ്മപ്രശ്നങ്ങളെ തടയാൻ സഹായിക്കുന്നു. ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാനും തണ്ണിമത്തൻ മികച്ചതാണ്.