

പത്തൊമ്പതാം വയസിലാണ് കനേഡിയൻ സ്വദേശിയായ ഹന്ന ബോര്‍ഡേജ് എന്ന യുവതിക്ക് 'ഹോഡ്ജ്കിൻ ലിംഫോമ' എന്ന കാന്‍സര്‍ സ്ഥിരീകരിക്കുന്നത്. താൻ ഒരിക്കലും വിചാരിക്കാത്ത തരത്തിലായിരുന്നു ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടതെന്ന് ഹന്ന സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. മദ്യപിച്ച് 10 മിനിറ്റിനുള്ളിൽ തീവ്രമായ കഴുത്തു വേദന അനുഭവപ്പെട്ടിരുന്നു. ആ വേദന തോളിലേക്കും ഇറങ്ങിയിരുന്നു.
കൂടാതെ രാത്രി മുറിയിൽ അധിക ചൂടില്ലെങ്കിൽ പോലും വിയർത്തുകുളിക്കുമായിരുന്നുവെന്ന് ഹന്ന പറയുന്നു. ഇതൊന്നും ഒരു കാൻസർ ലക്ഷണമായിരിക്കുമെന്ന് സ്വപ്നത്തിൽ പോലും ചിന്തിച്ചിരുന്നില്ലെന്നും ഹന്ന കൂട്ടിച്ചേർത്തു. രണ്ട് വർഷം മുൻപ് സോക്കർ പ്രാക്ടീസ് ചെയ്യുന്നതിനിടെ തലയ്ക്ക് പരിക്കേറ്റിരുന്നു. ആശുപത്രിയിൽ എത്തി ഫുൾ ബോഡി ചെക്കപ്പ് നടത്തിയപ്പോൾ പരിശോധന ഫലത്തിൽ ചെറിയ അപാകത ഡോക്ടർമാർ ചൂണ്ടിക്കാണിച്ചതിനെ തുടർന്ന് എക്കോകാർഡിയോഗ്രാം, ഇലക്ട്രോകാർഡിയോഗ്രാം, എംആർഐ എന്നിവയുൾപ്പെടെ കൂടുതൽ പരിശോധനകൾ നടത്തി.
പരിശോധനകളിൽ തന്റെ ഹൃദയത്തിന് സമീപം 12 സെന്റീമീറ്റർ നീളമുള്ള ട്യൂമർ കണ്ടെത്തി. തുടക്കത്തിൽ രക്താർബുദം ആണെന്നായിരുന്നു ഡോക്ടർമാർ സംശയിച്ചത്. ആഴ്ചകൾക്ക് ശേഷമാണ് ബയോപ്സി എടുക്കുന്നത്. പരിശോധനയിൽ ഹോഡ്ജ്കിൻ ലിംഫോമയുടെ അവസാന ഘട്ടമാണെന്ന് കണ്ടെത്തി. 12 റൗണ്ട് കീമോതെറാപ്പി ഉൾപ്പെടെയുള്ള ചികിത്സ വേണ്ടി വരുമെന്ന് ഡോക്ടർമാർ പറഞ്ഞു. ചികിത്സ രണ്ടാം വർഷത്തിൽ എത്തി നിൽക്കുന്നുവെന്നും പരമാവധി ആളുകളോട് ഇക്കാര്യങ്ങൾ പറയാൻ ആഗ്രഹിക്കുന്നുവെന്നും ഹന്ന പറയുന്നു.
ഹോഡ്ജ്കിൻ ലിംഫോമയിൽ ലിംഫ് നോഡുകൾ വീർത്തു വരുന്നതാണ് ഹോഡ്ജ്കിൻ ലിംഫോമയുടെ പ്രധാന ലക്ഷണം. ഇത് മദ്യപിക്കുമ്പോൾ വേദന, പനി, രാത്രി വിയപ്പ്, അലസത എന്നിവയിലേക്ക് നയിക്കുമെന്ന് അമേരിക്കൻ കാൻസർ സൊസൈറ്റി പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates