

ജോലി സ്ഥലത്തേക്കും,ജിമ്മിലേക്കുമൊക്കെ പോകുമ്പോൾ നമ്മൾ വെള്ളക്കുപ്പി കൂടെ കരുതാറുണ്ട്. ആവശ്യത്തിന് വെള്ളം കുടിക്കാൻ സഹായിക്കുന്ന നല്ലൊരു ശീലമാണ് ഇത്. എന്നാൽ വെള്ളം നിറച്ച് ഉപയോഗിക്കുന്ന കുപ്പി എത്ര തവണ വൃത്തിയാക്കണമെന്ന കാര്യത്തിൽ പലരും വേണ്ടത്ര ശ്രദ്ധിക്കാറില്ല. ദിവസങ്ങളോളം കഴുകാതെ ഒരേ കുപ്പിയിൽ വെള്ളം നിറച്ച് കുടിക്കുന്ന ശീലമുണ്ടെങ്കിൽ അത് മാറ്റേണ്ട സമയമായി.
വെള്ളക്കുപ്പി കാഴ്ചയിൽ വൃത്തിയുള്ളതാണെന്ന് കരുതി അതിനുള്ളിൽ അണുക്കൾ ഇല്ലെന്ന് ഉറപ്പിക്കാനാകില്ല. വായ, കൈകൾ, പരിസരം എന്നിവയിൽനിന്നുള്ള സൂക്ഷ്മജീവികൾ കുപ്പിയുടെ വായ്ഭാഗത്തും അടപ്പിലും കുപ്പിക്ക് ഉള്ളിലും എത്താം. ഈർപ്പമുള്ള സാഹചര്യത്തിൽ അവ പെരുകാനുള്ള സാധ്യതയുമുണ്ട്.
വെള്ളക്കുപ്പി എത്ര തവണ കഴുകണം?
വെള്ളക്കുപ്പി ദിവസവും ഒരിക്കലെങ്കിലും കഴുകുന്നതാണ് നല്ലത്. വെള്ളം മാത്രമാണ് നിറയ്ക്കുന്നതെങ്കിലും കുപ്പി കഴുകണം. കുപ്പിയുടെ അകത്തളവും അടപ്പും വായ്ഭാഗവും നന്നായി വൃത്തിയാക്കണം. കുപ്പിയിൽനിന്ന് നേരിട്ട് വായവച്ച് കുടിക്കുന്നവരും മറ്റുള്ളവരുമായി കുപ്പി പങ്കിടുന്നവരും കൂടുതൽ ശ്രദ്ധിക്കണം.
കുപ്പിയിൽ ജ്യൂസ്, പാൽ, മധുരപാനീയങ്ങൾ, പ്രോട്ടീൻ ഡ്രിങ്കുകൾ തുടങ്ങിയവ നിറച്ചിട്ടുണ്ടെങ്കിൽ ഉപയോഗിച്ച ഉടൻ കഴുകണം. ഇത്തരം പാനീയങ്ങളുടെ അവശിഷ്ടങ്ങൾ കുപ്പിയിൽ തങ്ങിനിൽക്കുന്നത് ദുർഗന്ധത്തിനും സൂക്ഷ്മജീവികളുടെ വളർച്ചയ്ക്കും കാരണമാകാം.
വെള്ളക്കുപ്പി ശരിയായി വൃത്തിയാക്കേണ്ടത് എങ്ങനെ?
കുപ്പിക്കുള്ളിൽ വെള്ളവും പാത്രം കഴുകാനുള്ള ലിക്വിഡും ചേർത്ത് നന്നായി കഴുകുക. കുപ്പിയുടെ ഉള്ളിലേക്ക് കടന്നു ചെല്ലുന്ന ബ്രഷ് ഉപയോഗിക്കുന്നത് കൂടുതൽ ഫലപ്രദമാണ്.
കുപ്പിയുടെ അടപ്പിലും റബർ സീലിലും വെള്ളം കെട്ടിനിൽക്കാം. അതിനാൽ ഇവ അഴിച്ചുമാറ്റാൻ കഴിയുമെങ്കിൽ അഴിച്ച് പ്രത്യേകം വൃത്തിയാക്കണം.
സോപ്പിന്റെ അവശിഷ്ടങ്ങൾ നീങ്ങുന്നതുവരെ ശുദ്ധജലത്തിൽ കഴുകുക. തുടർന്ന് കുപ്പിയും അടപ്പും വായുസഞ്ചാരമുള്ള സ്ഥലത്ത് പൂർണമായി ഉണങ്ങാൻ അനുവദിക്കുക.
പ്ലാസ്റ്റിക്, സ്റ്റീൽ, ഗ്ലാസ് കുപ്പികൾ വൃത്തിയാക്കുമ്പോൾ അവയുടെ നിർമാതാക്കൾ നൽകുന്ന നിർദേശങ്ങൾ പാലിക്കുക.
കുപ്പിയിൽനിന്ന് ദുർഗന്ധം വരുക, അകത്ത് വഴുവഴുപ്പ് അനുഭവപ്പെടുക, കറുത്ത പാടുകൾ കാണുക എന്നിവ വൃത്തിയാക്കൽ ശരിയായിട്ടല്ല എന്നതിന്റെ സൂചനകളാണ്.
ബ്രഷും സോപ്പും ഉപയോഗിച്ച് നന്നായി കഴുകി പൂർണമായി ഉണക്കുക. പൂപ്പൽ നീക്കം ചെയ്യാൻ കഴിയുന്നില്ലെങ്കിൽ കുപ്പി മാറ്റുന്നതാണ് സുരക്ഷിതം. വ്യത്യസ്ത ക്ലീനിങ് രാസവസ്തുക്കൾ, പ്രത്യേകിച്ച് ബ്ലീച്ചും അമ്ലസ്വഭാവമുള്ള ക്ലീനറുകളും, ഒരുമിച്ച് കലർത്തരുത്.
പ്ലാസ്റ്റിക് കുപ്പി വീണ്ടും ഉപയോഗിക്കാമോ?
വീണ്ടും ഉപയോഗിക്കാനായി നിർമിച്ച പ്ലാസ്റ്റിക് കുപ്പികൾ നിർദേശങ്ങൾ പാലിച്ച് ഉപയോഗിക്കാം. എന്നാൽ ഒറ്റത്തവണ ഉപയോഗിക്കാനുള്ള കുപ്പികൾ ദീർഘകാലം വീണ്ടും ഉപയോഗിക്കുന്നത് ഒഴിവാക്കുക. കുപ്പിയിൽ വിള്ളലുകൾ, പോറലുകൾ, കേടായ അടപ്പ് എന്നിവ ഉണ്ടെങ്കിൽ മാറ്റുക. സ്റ്റീൽ, ഗ്ലാസ് കുപ്പികളും പതിവായി വൃത്തിയാക്കേണ്ടതുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates