

പുസ്തകങ്ങൾ കേവലം അറിവു വർധിപ്പിക്കാനുള്ള ഒരു മാർഗം മാത്രമല്ല, മറിച്ച് മാനസിക സമ്മർദം കുറയ്ക്കാനും മനസ്സ് ശാന്തമാകാനും സഹായിക്കുന്ന ഒരു ചികിത്സ രീതികൂടിയാണ്. കുട്ടിക്കാലം മുതൽ വായന ശീലമാക്കുന്നത് വൈജ്ഞാനിക പരീക്ഷകളിൽ മികച്ച പ്രകടനം കാഴ്ച വെയ്ക്കുമെന്നും കൗമാരക്കാലം എത്തുമ്പോഴേക്കും ഇവരുടെ മാനസികാരോഗ്യം മികച്ച രീതിയിലാകുമെന്നും സൈക്കോളജിക്കൽ മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു.
ചെറുപ്പം മുതൽ വായന സന്തോഷത്തോടെ സമീപിച്ച കുട്ടികൾ കൗമാരത്തിൽ എത്തിയപ്പോൾ അവരുടെ ഭാഷയിലും ഓർമശക്തിയിലും വാക്ചാതുരിയിലും അക്കാദമിക് തലങ്ങളിലും പോസിറ്റീവായ മാറ്റങ്ങൾ കണ്ടുവെന്ന് ഗവേഷകർ പറയുന്നു. മാത്രമല്ല, ഇവരിൽ വിഷാദം, സമ്മർദം തുടങ്ങിയ മാനസിക പ്രശ്നങ്ങൾ കുറവായിരുന്നെന്നും മാനസികാരോഗ്യം മറ്റുള്ളവരെ അപേക്ഷിച്ച് മികച്ചരീതിയിലായിരുന്നെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.
വായന മാനസികോല്ലാസം നൽകുക മാത്രമല്ല ചിന്തയെയും സർഗാക്തമകതയെയും പ്രോത്സാഹിപ്പിക്കുകയും സമ്മർദം കുറയ്ക്കുകയും ചെയ്യുന്നു. അതിലുപരി കുട്ടികളുടെ വളർച്ചയിൽ പോസിറ്റീവായ പല മാറ്റങ്ങൾക്കും വായന കാരണമാകുന്നുണ്ട്.
വായന കുട്ടികളുടെ മസ്തിഷ്ക ഘടനയെയും വൈജ്ഞാനിക ശേഷിയേയും മാനസികാരോഗ്യത്തെയും മെച്ചപ്പെടുത്തും. മസ്തിഷ്ക വികാസം നടക്കുന്ന പ്രായത്തിൽ വായനയ്ക്ക് കൂടുതൽ സമയം കണ്ടെത്തുന്നത് തലച്ചോറിൻ്റെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നതിനൊപ്പം മാനസികാരോഗ്യം മെച്ചപ്പെടുത്തുമെന്നും പഠനത്തിൽ പറയുന്നുണ്ട്.
മാനസിക സമ്മർദ്ദം കുറയ്ക്കുന്നു: വായനയ്ക്കായി സമയം കണ്ടെത്തുന്നത് ഹൃദയമിടിപ്പ് കുറയ്ക്കാനും പേശികളിലെ പിരിമുറുക്കം ഒഴിവാക്കാനും സഹായിക്കും. സംഗീതം കേൾക്കുന്നതിനും നടക്കാൻ പോകുന്നതിനും തുല്യമായ ഫലം വായനയിലൂടെയും ലഭിക്കും.
ഏകാഗ്രത വർധിപ്പിക്കുന്നു: വായനയിൽ മുഴുകുന്നത് നമ്മുടെ ശ്രദ്ധയെ വിഷമഘട്ടങ്ങളിൽ നിന്നും ആശങ്കകളിൽ നിന്നും മാറ്റി, കഥാസന്ദർഭങ്ങളിലേക്ക് കൊണ്ടുവരാൻ സഹായിക്കും. ഇത് മനസ്സമാധാനം നൽകുന്നു.
ഭാവനയും അറിവും: പുസ്തകങ്ങൾ പുതിയ ലോകങ്ങളെ പരിചയപ്പെടുത്തുകയും ഭാവനയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. ഇത് വിഷാദം, ഉത്കണ്ഠ എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു.
ഓർമശക്തിയും ബുദ്ധിശക്തിയും: സ്ഥിരമായി പുസ്തകം വായിക്കുന്നത് വാർദ്ധക്യത്തിൽ ഉണ്ടാകാനിടയുള്ള ബുദ്ധിമാന്ദ്യം 32 ശതമാനം വരെ കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇത് തലച്ചോറിന്റെ പ്രവർത്തനക്ഷമത വർധിപ്പിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates