

ജീവൻ നിലനിർത്തുന്നതിന് ഭക്ഷണം കഴിക്കുക എന്നത് ഒരു അടിസ്ഥാന ഘടകമാണ്. എന്നാൽ അതിനിടെ ചവയ്ക്കുക എന്ന ലളിതമായ പ്രക്രിയയെ കുറിച്ച് എത്ര തവണ ചിന്തിച്ചിട്ടുണ്ട്?ഭക്ഷണം കഴിക്കുന്നതിന്റെ വേഗത നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തിൽ കാര്യമായ സ്വാധീനം ചെലുത്തുന്നുമെന്ന് അറിയാമോ?
ചവയ്ക്കുന്നതിന് പിന്നിലെ ശാസ്ത്രം
ചെറിയ ക്ലാസുകൾ മുതൽ പഠിച്ചു വളർന്ന കാര്യമാണ് ദഹന പ്രക്രിയയുടെ ആദ്യപടിയാണ് ഭക്ഷണം വായിൽ നിന്ന് തന്നെ ചവയ്ക്കുക എന്നത്. ഭക്ഷണം നന്നായി ചവയ്ക്കുമ്പോൾ അതിനെ ചെറിയ കണങ്ങളാക്കി വിഘടിപ്പിക്കുകയും ദഹന എൻസൈമുകൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നത് എളുപ്പമാക്കുകയും ചെയ്യുന്നു. ഇത് വിശപ്പ് നിയന്ത്രിക്കുന്നതിനും അമിതമായി ഭക്ഷണം കഴിക്കുന്നത് കുറയ്ക്കാനും സഹായിക്കുന്നു. ഇതിലൂടെ ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.
ചൈനയിലെ ഹാർബിൻ മെഡിക്കൽ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ പതുക്കെ ചവയ്ക്കുന്നത് പോഷകങ്ങൾ അധികമായി ശരീരത്തിന് ലഭിക്കാൻ കാരണമാകുമെന്ന് കണ്ടെത്തി. ഭക്ഷണത്തിൽ അടങ്ങിയ അമിനോ ആസിഡുകൾ ചവയ്ക്കുമ്പോൾ വിഘടിക്കുകയും ശരീരത്തിൽ പോഷകങ്ങളും ആഗിരണം വർധിപ്പിക്കുകയും ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ഇത് മൊത്തത്തിലുള്ള ആരോഗ്യത്തെ മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
ഭക്ഷണം ചവയ്ക്കുന്നതും പ്രമേഹവും തമ്മിൽ എന്ത് ബന്ധം?
ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആളുകളെ ബാധിച്ചിരിക്കുന്ന പ്രമേഹത്തെ ചെറുക്കാനും ഭക്ഷണം നന്നായി ചവച്ച് കഴിക്കുന്നത് സഹായിക്കും. വേഗത്തിൽ ഭക്ഷണം കഴിക്കുന്നത് ഇൻസുലിൻ പ്രതിരോധം ഉണ്ടാക്കാനുള്ള സാധ്യത കൂടുതലാണെന്നും ഇത് ടൈപ്പ് 2 പ്രമേഹത്തിന് മുന്നോടിയാണെന്നും അന്നൽസ് ഓഫ് പീഡിയാട്രിക് എൻഡോക്രൈനോളജി & മെറ്റബോളിസം എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനം ഫറയുന്നു.
ശരീരത്തിലെ കോശങ്ങൾ ഇൻസുലിനോട് ശരിയായി പ്രതികരിക്കാത്തപ്പോൾ ഇൻസുലിൻ പ്രതിരോധം സംഭവിക്കുന്നു, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നതിലേക്ക് നയിക്കുന്നു. ഭക്ഷണം സാവധാനം നന്നായി ചവയ്ക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും കഴിയും. കൂടാതെ ചവയ്ക്കുമ്പോൾ ഉമിനീർ ഉൽപാദനം പ്രോത്സാഹിപ്പിക്കുന്നു. അതിലടങ്ങിയിരിക്കുന്ന എൻസൈമുകൾ കാർബോഹൈഡ്രേറ്റുകളുടെ ദഹനത്തിന് സഹായിക്കും. കാർബോഹൈഡ്രേറ്റുകളെ ഇത്തരത്തിൽ വായിൽ നിന്ന് തന്നെ ദഹിപ്പിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് തടയാനും ഇൻസുലിൻ പ്രതിരോധം, പ്രമേഹം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാനും സഹായിക്കും.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ചവയ്ക്കലും ശരീരഭാരം കുറയുന്നതും തമ്മിൽ
ഭക്ഷണം നന്നായി ചവയ്ക്കുന്ന ലളിതമായ ശീലം ശരീരഭാരം നിയന്ത്രിക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. അക്കാഡമി ഓഫ് ന്യൂട്രീഷൻ ആൻഡ് ഡയറ്ററ്റിക്സ് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ. വേഗത്തിൽ ഭക്ഷണം കഴിക്കുന്നവരെ അപേക്ഷിച്ച് സാവധാനം ഭക്ഷണം കഴിക്കുന്ന ആളുകൾ കുറച്ച് കലോറി ഉപഭോഗം ചെയ്യുന്നതായി കണ്ടെത്തി. കാരണം സാവധാനത്തിൽ ഭക്ഷണം കഴിക്കുന്നവർക്ക് പെട്ടെന്ന് പൂർണത അനുഭവപ്പെടുന്നു. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.
കൂടാതെ ഭക്ഷണം നന്നായി ചവയ്ക്കുന്നത് ഭക്ഷണത്തിൻ്റെ രുചികളും ഘടനകളും ആസ്വദിക്കാൻ പ്രോത്സാഹിപ്പിക്കുന്നു. ഇത് മൊത്തത്തിലുള്ള ഭക്ഷണാനുഭവം കൂട്ടുന്നു. ഇത് ഭക്ഷണത്തോട് സംതൃപ്തി തോന്നാനുള്ള സാധ്യത കൂടുതലാണ്.
ചവയ്ക്കുന്നത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തും
ദഹനത്തിന്റെ ആദ്യപടിയായ ചവയ്ക്കൽ പൂർത്തിയാകുമ്പോൾ ഭക്ഷണം ആമാശയത്തിനും കുടലിനും ദഹിപ്പിക്കാൻ എളുപ്പമാക്കുന്നു. ഇത് വയറുവേദന, ഗ്യാസ്, ദഹനക്കേട് തുടങ്ങിയ ദഹന പ്രശ്നങ്ങൾ തടയാൻ സഹായിക്കും. നന്നായി ചവയ്ക്കുന്നത് ഉമിനീർ ഉൽപാദനം കൂട്ടുന്നു. ആമാശയത്തിലെ ആസിഡിനെ നിർവീര്യമാക്കാനും ഉമിനീർ സഹായിക്കുന്നു. കൂടാതെ അന്നനാളത്തെ ആസിഡ് റിഫ്ലക്സിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates