

ഇരുമ്പൻപുളിയും നക്ഷത്രപ്പുളിയുമൊക്കെ അച്ചാറിടാനും അല്ലാതെ കഴിക്കാനുമൊക്കെ ഇഷ്ടപ്പെടുന്ന ഒരുപാട് ആളുകളുണ്ട്. എന്നാൽ വൃക്ക സംബന്ധമായ രോഗമുള്ളവർ ഇത്തരം ഭക്ഷണം ഒഴിവാക്കണമെന്ന് ആരോഗ്യവിദഗ്ധർ പൊതുവേ പറയാറുണ്ട്. കാരണം, ഇക്കൂട്ടരിൽ ഈ പഴങ്ങൾ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. വൃക്കകൾക്ക് ആരോഗ്യപ്രശ്നങ്ങളില്ലാത്തവരും ഈ പഴങ്ങളുടെ ഉപയോഗത്തിൽ കരുതലെടുക്കുന്നതാണു സുരക്ഷിതം.
ഇരുമ്പൻ പുളി അധികമായി കഴിക്കുമ്പോൾ അതു വൃക്കയുടെ ആരോഗ്യത്തിന് അപകടമായി മാറാം. ഇതിൽ ഓക്സാലിക് ആസിഡ് ഉയർന്ന അളവിലുണ്ട്. സാധാരണയായി ഈ ഓക്സാലിക് ആസിഡ‍് വൃക്കകളിലൂടെയാണ് പുറത്തു പോകേണ്ടത്. എന്നാൽ ഇവയുടെ അളവ് കൂടിയാൽ അത് കാത്സ്യം ഓക്സലേറ്റ് ക്രിസ്റ്റലുകളായി മാറാം. ഇത് വൃക്കകളിലൂടെ പുറത്തു പോകാതെ വൃക്കകളിൽ അടിഞ്ഞു വൃക്കസ്തംഭനത്തിലേക്ക് (അക്യൂട്ട് റീനൽ ഫെയ്‌ലിയർ) നയിക്കുന്നതായി പഠനങ്ങൾ പറയുന്നു.
കൊളസ്ട്രോളും ശരീരഭാരവും കുറയ്ക്കുന്നതിനായി ഇരുമ്പൻപുളി ജ്യൂസ് ആയി കുടിക്കുന്നവരുണ്ട്. അത് അനാരോഗ്യകരമാണ്. ഇരുമ്പൻപുളി അധികമായി കഴിച്ചതിന്റെ ഫലമായി വൃക്കകളുടെ പ്രവർത്തനം പരാജയപ്പെട്ട് ഡയാലിസിസ് ചെയ്യുന്നവരുടെ എണ്ണവും കൂടിവരികയാണ്.
വൃക്കരോഗമുള്ളവർ സ്‌റ്റാർ ഫ്രൂട്ട് എന്ന നക്ഷത്രപ്പുളി കഴിക്കുന്നതും ദോഷഫലങ്ങൾ ഉണ്ടാക്കുമെന്ന് പഠനങ്ങൾ വിശദീകരിക്കുന്നു. സ്‌റ്റാർ ഫ്രൂട്ടിലും ഉയർന്ന അളവിൽ ഓക്സാലിക് ആസിഡ് അടങ്ങിയിട്ടുണ്ട്. സ്‌റ്റാർഫ്രൂട്ടിൽ കാണുന്ന ചില പദാർഥങ്ങൾ തലച്ചോറിനെ ബാധിക്കുകയും നാഡീ വ്യവസ്ഥയിലെ തകരാറുകൾക്കു കാരണമാകുകയും ചെയ്യും.
ഈ വിഷ പദാർഥം ന്യൂറോടോക്സിൻ എന്ന് അറിയപ്പെടുന്നു. ആരോഗ്യകരമായ വൃക്കകളുള്ളവർക്ക് ഈ പദാർഥത്തെ സംസ്കരിച്ചു ശരീരത്തിൽ നിന്ന് പുറന്തള്ളാൻ സാധിക്കും. എന്നാൽ വൃക്ക രോഗമുള്ളവർ ഇത് കഴിക്കുമ്പോൾ അത് ശരീരത്തിൽ തന്നെ നിലനിൽക്കുകയും ഗുരുതര ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യാം. പ്രമേഹത്തിന് ഫലപ്രദമാണെന്ന് കരുതി നക്ഷത്രപ്പുളി ജ്യൂസ് കുടിക്കുന്നവരിലും ഓക്സലേറ്റ് സാന്നിധ്യം വൃക്കത്തകരാറിലേക്ക് നയിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ഇവ പഴമായി കഴിക്കുമ്പോഴും അളവ് ഏറെ പരിമിതപ്പെടുത്തണം. ഡോക്ടറുടെ നിർദേശം തേടുന്നതും നല്ലതാണ്. ഈ പഴങ്ങൾ അമിതമായ അളവിലും അതുപോലെ കോൺസൻട്രേറ്റഡ് ജ്യൂസ് ആയും ഉപയോഗിക്കുമ്പോൾ ആരോഗ്യകരമായ വൃക്കകൾ ഉള്ളവരിലും അപകടസാധ്യതയുണ്ട് എന്നാണ് പഠനങ്ങൾ പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates