

വൈകുന്നേരം നേരത്തെ കിടന്ന് ഉറങ്ങുന്ന ദിവസം, പുലർച്ചെ രണ്ടിനും മൂന്നു മണിക്കും എഴുന്നേറ്റ് താൻ ഒരുപാട് ഉറങ്ങി പോയോ എന്ന് സംശയിച്ച് എഴുന്നേൽക്കാത്തവർ ഉണ്ടാകില്ല. ഉറക്കം തെളിഞ്ഞാലും അൽപ സമയത്തിന് ശേഷം വീണ്ടും മയക്കത്തിലേക്ക് വീഴുകയും ചെയ്യും. രാത്രി തൻ്റെ ഉറക്കം തടസപ്പെട്ടുവെന്ന് നിരാശപ്പെടുന്നവരുണ്ടെങ്കിൽ, ഉറക്കത്തെ സംബന്ധിച്ചുള്ള ചരിത്രവും പഠനങ്ങളും അറിയാത്തതു കൊണ്ടാണ്.
തുടർച്ചയായ എട്ട് മണിക്കൂർ ഉറക്കമെന്നത് ആധുനിക കാലത്തിൻ്റെ ശീലമാണ്. കൃത്യമായി പറഞ്ഞാൽ, വ്യാവസായിക വിപ്ലവത്തിന് ശേഷം. അതു വരെ മനുഷ്യ ഉറങ്ങിയിരുന്നത് രണ്ട് ഷിഫ്റ്റിലായിരുന്നു. അവയെ ഫസ്റ്റ് സ്ലീപ്പ്, സെക്കൻ്റ് സ്ലീപ്പ് എന്ന് ഗവേഷകർ വിശേഷിപ്പിക്കുന്നു. അതായത്, സൂര്യാസ്തമയത്തിന് മുൻപ് തന്നെ ആളുകൾ ഉറങ്ങുകയും അർദ്ധരാത്രി എഴുന്നേൽക്കുകയും ഒത്തുകൂടുകയും ചെയ്തിരുന്നു. പിന്നീട് പുലർച്ചെ വരെ വീണ്ടും ഉറങ്ങുകയും ചെയ്തിരുന്നു.
വിളക്കുകളുടെ കണ്ടുപിടിത്തത്തോടെ, ക്രമേണ ഈ ഉറക്ക രീതി നഷ്ടപ്പെടുകയും ഫസ്റ്റ് സ്ലീപ്പ് മാത്രമുള്ള രീതിയിലേക്ക് എത്തുകയും ചെയ്തു. പുരാതന ഗ്രീക്ക് കവി ഹോമർ, റോമൻ കവി വിർജിൽ തുടങ്ങിയവരുടെ സാഹിത്യത്തിൽ ഫസ്റ്റ് സ്ലീപ്പ് അവസാനിപ്പിക്കുന്ന ഇടവേളയെ പരാമർശിച്ചിട്ടുണ്ട്, സെക്കൻ്റ് സ്ലീപ്പ് എത്ര സാധാരണമായിരുന്നുവെന്ന് ഇത് സൂചിപ്പിക്കുന്നു. ഫസ്റ്റ് സ്ലീപ്പിൻ്റെ ഇടവേളയെ ആളുകൾ പലരീതിയിൽ ഉപയോഗപ്പെടുത്തിയിരുന്നു.
ചിലർ വായിക്കാനും എഴുതാനുമുള്ള ശാന്തമായ സമയമായി കരുതിയിരുന്നു, മറ്റ് ചിലർ മൃഗങ്ങളെ പരിപാലിക്കാനും ഉപയോഗപ്പെടുത്തി. എന്നാൽ 1700 കളിലും 1800 കളിലും എണ്ണകൊണ്ട് കത്തുന്ന വിളക്കുകളും പിന്നീട് ഗ്യാസ് വിളക്കുകളും, ഒടുവിൽ വൈദ്യുത വിളക്കുകളും രാത്രിയെ കൂടുതൽ ഉപയോഗപ്രദമായ ഉണർന്നിരിക്കുന്ന സമയമാക്കി മാറ്റാൻ തുടങ്ങി.
സൂര്യാസ്തമയത്തിനു തൊട്ടുപിന്നാലെ ഉറങ്ങാൻ പോകുന്നതിനുപകരം, രാത്രി വൈകിയും ആളുകൾ ഉണർന്നിരിക്കാൻ തുടങ്ങി. രാത്രിയിലെ തിളക്കമുള്ള വെളിച്ചം സർക്കാഡിയൻ താളം തകിടം മറിക്കുകയും, കുറച്ച് മണിക്കൂർ ഉറക്കത്തിനു ശേഷം ശരീരം ഉണരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്തു.
മാത്രമല്ല, ഉറങ്ങുന്നതിനു മുമ്പ് സാധാരണ മുറിയിലെ വെളിച്ചം മെലറ്റോണിന്റെ അളവ് കുറയ്ക്കുകയും ഉറങ്ങാൻ കാലതാമസം വരുത്തുകയും ചെയ്യുന്നു.
വ്യാവസായിക വിപ്ലവം ആളുകൾ ജോലി ചെയ്യുന്ന രീതിയെ മാത്രമല്ല, ഉറങ്ങുന്ന രീതിയെയും മാറ്റിമറിച്ചു. ഫാക്ടറി ഷെഡ്യൂളുകൾ തുടർച്ചയായ ഉറക്കത്തെ പ്രോത്സാഹിപ്പിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് എട്ട് മണിക്കൂർ തടസ്സമില്ലാതെ ഉറക്കം എന്ന ആശയം ഉയർന്നത്. ഇത് പഴയ ശീലത്തെ പൂർണമായും തുടച്ചു നീക്കി.
എന്നാൽ ഘടികാരങ്ങളോ രാത്രി വെളിച്ചമോ നീക്കം ചെയ്ത സാഹചര്യത്തിൽ ഒന്നിലധികം ആഴ്ച നീണ്ടുനിൽക്കുന്ന ഉറക്ക പഠനങ്ങളിൽ, ആളുകൾ ശാന്തമായ ഉണർവ് ഇടവേളയോടെ രണ്ട് ഷിഫ്റ്റിൽ ഉറങ്ങുന്നതായി കണ്ടെത്തിയെന്നും ഗവേഷകർ പറയുന്നു. വൈദ്യുതിയില്ലാത്ത ഒരു മഡഗാസ്കൻ കാർഷിക സമൂഹത്തെക്കുറിച്ച് 2017-ൽ നടത്തിയ ഒരു പഠനത്തിൽ, ആളുകൾ ഇപ്പോഴും പ്രധാനമായും രണ്ട് ഭാഗങ്ങളായി ഉറങ്ങുകയും അർദ്ധരാത്രിയിൽ എഴുന്നേൽക്കുകയും ചെയ്യുന്നുണ്ടെന്ന് ഗവേഷകർ വിശദീകരിക്കുന്നു.
ഉറക്കമില്ലായ്മയ്ക്കുള്ള കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി (CBT-I) ആളുകളെ രാത്രി ഫസ്റ്റ് സ്ലീപ്പിൻ്റെ ഇടവേളയിൽ ഏകദേശം 20 മിനിറ്റ് ഉണർന്നതിനു ശേഷം കിടക്കയിൽ നിന്ന് ഇറങ്ങാനും, മങ്ങിയ വെളിച്ചത്തിൽ വായന പോലുള്ള നിശബ്ദമായ പ്രവർത്തനം നടത്താനും, തുടർന്ന് ഉറക്കം വരുമ്പോൾ തിരികെ കിടക്കയിൽ കിടക്കാനും നിർദേശിക്കുന്നു. ഉറങ്ങാൻ ബുദ്ധിമുട്ടുമ്പോൾ സമയം നോക്കി സമയം അളക്കുന്നത് ഒഴിവാക്കണമെന്ന് ഉറക്ക വിദഗ്ധർ നിർദേശിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
