

പുതിയ ഷൂ വാങ്ങുമ്പോൾ ഡിസൈനും ബ്രാൻഡും മാത്രം നോക്കിയാൽ പോരാ, കാലിന്റെ ആരോഗ്യത്തിനും എല്ലുകളുടെയും സന്ധികളുടെയും ശരിയായ പ്രവർത്തനത്തിനും അത് യോജിക്കുന്നുണ്ടോയെന്നും മനസ്സിലാക്കണം. ശരിയായ വലിപ്പത്തിലും രൂപത്തിലുമല്ലാത്ത ഷൂ തിരഞ്ഞെടുക്കുന്നത് വിരലുകളിൽ സമ്മർദം, കാലുവേദന, കാൽമുട്ട്-കണങ്കാൽ അസ്വസ്ഥത തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകാം.
ഷൂവിന്റെ മുൻഭാഗത്ത് കാൽവിരലുകൾ ഇരിക്കുന്ന ഭാഗമാണ് Toe Box എന്ന് വിളിക്കുന്നത്. പലരും ഷൂ വാങ്ങുമ്പോൾ ഏറ്റവും കൂടുതൽ അവഗണിക്കുന്ന ഭാഗമാണിത്. കാൽവിരലുകൾ സ്വാഭാവികമായി വിരിയാനും ചലിക്കാനും മതിയായ സ്ഥലം Toe Box-ൽ ഉണ്ടായിരിക്കണം. വളരെ ഇടുങ്ങിയ ഷൂ ധരിക്കുമ്പോൾ വിരലുകൾ തമ്മിൽ അമർന്നിരിക്കാം. ദീർഘനേരം ഇത്തരത്തിലുള്ള ഷൂ ഉപയോഗിക്കുന്നത് കാൽവിരൽ വേദന, മറ്റ് അസ്വസ്ഥതകൾ തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകാം.
കാൽവിരലുകൾ പരസ്പരം അമർന്നിരിക്കരുത്.
വലിയ വിരലിന് മുന്നിൽ ചെറിയ ഇടം ഉണ്ടായിരിക്കണം.
വിരലുകൾക്ക് സ്വതന്ത്രമായി ചലിക്കാൻ കഴിയണം.
നടക്കുമ്പോൾ വിരലുകൾ ഷൂവിന്റെ മുൻഭാഗത്ത് ഇടിക്കരുത്.
രാവിലെക്കാൾ വൈകുന്നേരം കാലിന് ചെറിയ തോതിൽ വീക്കം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ വൈകുന്നേരം ഷൂ പരീക്ഷിച്ചു നോക്കി വാങ്ങുന്നതാണ് നല്ലത്.
ഷൂവിനുള്ളിൽ കാലിന്റെ അടിഭാഗം സ്പർശിക്കുന്ന ഭാഗമാണ് Insole. നടക്കുമ്പോഴും നിൽക്കുമ്പോഴും കാലിന് ലഭിക്കുന്ന കംഫർട്ടും പിന്തുണയും പ്രധാനമാണ്. Insole വളരെ കട്ടിയുള്ളതോ വളരെ മൃദുവായതോ ആകണമെന്നില്ല. Insole നിങ്ങളുടെ കാലുകൾക്ക് സുഖകരവും സ്ഥിരതയുള്ളതുമായ പിന്തുണ നൽകുന്നുണ്ടോ എന്നതാണ് പ്രധാന കാര്യം.
ഷൂ ധരിച്ച് കുറച്ച് നടക്കുമ്പോൾ കാലിന്റെ അടിഭാഗത്ത് ഏതെങ്കിലും പ്രത്യേക ഭാഗത്ത് അമിത സമ്മർദം അനുഭവപ്പെടുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക. മറ്റൊരാൾക്ക് വളരെ കംഫർട്ട് ആയ insole നിങ്ങൾക്കും അനുയോജ്യമാകണമെന്നില്ല.
കാലിൻ്റെ അടിഭാഗത്ത് അമിത സമ്മർദം തോന്നുന്നുണ്ടോ?
നടക്കുമ്പോൾ ഷൂവിനുള്ളിൽ കാൽ വഴുതുന്നുണ്ടോ?
ദീർഘനേരം ധരിക്കുമ്പോൾ കാൽ ക്ഷീണിക്കുന്നുണ്ടോ?
ആവശ്യത്തിന് കുഷനിങ് ഉണ്ടോ? എന്നിവ ശ്രദ്ധിക്കാം.
വളരെ മൃദുവായ ആയ കുഷനിങ് ഉണ്ടായതു കൊണ്ട് മാത്രം നല്ല ഫുട് വെയർ ആയിരിക്കണമെന്നില്ല. കംഫർട്ട്, സ്റ്റബിലിറ്റി, ഫിറ്റ് എന്നിവയുടെ ശരിയായ കോമ്പിനേഷൻ ആണ് പ്രധാനം.
ഷൂവിന്റെ പിറകുവശത്ത് കുതികാലിനെയും കണങ്കാലിനെയും ചുറ്റിപ്പിടിക്കുന്ന ഭാഗമാണ് Heel Counter. ഷൂവിനുള്ളിൽ കാൽ അമിതമായി മുന്നോട്ടോ വശങ്ങളിലേക്കോ നീങ്ങുന്നത് കുറയ്ക്കാൻ ഇതിന് സഹായിക്കാം. Heel Counter വളരെ loose ആണെങ്കിൽ, നടക്കുമ്പോൾ കാൽ ഷൂവിനുള്ളിൽ ഉയർന്നിറങ്ങുന്നതായി തോന്നാം. ഇത് friction, blisters, heel discomfort എന്നിവയ്ക്ക് കാരണമാകാം. അതേസമയം വളരെ കട്ടിയുള്ളതോ അസ്വസ്ഥത ഉണ്ടാക്കുന്നതോ ആയ heel counter-ഉം അനുയോജ്യമല്ല.
നടക്കുമ്പോൾ കാൽ അമിതമായി ഉയരുന്നുണ്ടോ?
ഷൂവിന്റെ പിറകുഭാഗം കാലിൽ ഉരസുന്നുണ്ടോ?
കണങ്കാൽ ഭാഗത്ത് അമിത സമ്മർദമുണ്ടോ?
കാൽ ഷൂവിനുള്ളിൽ സ്ഥിരമായി നിൽക്കുന്നുണ്ടോ? എന്നിവ പരിശോധിക്കുക.
ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, ഷൂ സൈസ് നമ്പർ മാത്രം നേക്കി വാങ്ങരുത്. ഓരേ സൈസ് എന്ന രേഖപ്പെടുത്തിയിട്ടും വിവിധ ബ്രാൻഡുകളിലും മോഡലുകളിലും ഫിറ്റ് വ്യത്യാസപ്പെടാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates