

പ്രസവരക്ഷയുമായി ബന്ധപ്പെട്ടു നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട ചികിത്സാക്രമങ്ങളിലൊന്നാണ് വേതുകുളി. പഴയ തലമുറയില്‍പ്പെട്ടവര്‍ക്ക് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം സ്വയം ചെയ്യാന്‍ അറിയാമായിരുന്നു. എന്നാല്‍ പുതുതലമുറയ്ക്ക് എന്തുകൊണ്ടോ ഇത്തരം അറിവുകള്‍ അന്യമായിപ്പോയി. ഇതിന് പല കാരണങ്ങള്‍ ഉണ്ടെങ്കിലും പ്രധാനമായും തൊടിയും പറമ്പുമൊക്കെ നഷ്ടമാക്കിക്കൊണ്ടുള്ള പുതിയ ജീവിതശൈലിയിലേക്കുള്ള ചുവടുമാറ്റം തന്നെയാണെന്ന് പറയേണ്ടിവരും.
ഇതിലൂടെ പല കാര്യങ്ങളാണ് സംഭവിച്ചത്. വേതുകുളി അടക്കമുള്ള നാട്ടുചികിത്സകളെല്ലാം അനാവശ്യവും പ്രയോജനരഹിതവുമാണെന്ന ഒരു ചിന്താഗതിയുടെ വളര്‍ച്ചയാണ് ഇതിലൊന്ന്. രണ്ടാമത്തേത് നഗരജീവിതം അനിവാര്യമാക്കുന്ന ഒരുതരം നിസ്‌സഹായതയാണ്. വീട്ടുമുറ്റത്തും തൊടിയിലുമൊന്നും ഇന്ന് ഔഷധസസ്യങ്ങളെന്നല്ല ഒന്നിനേയും ആരും വളര്‍ത്തുന്നില്ല. ആകെയുള്ളത് ചെടിച്ചട്ടിയിലോ തൂക്കുചട്ടികളിലോ വളരുന്ന ആന്തൂറിയമോ ഓര്‍ക്കിഡുകളോ ഒക്കെ ആയിരിക്കും.
ഫ്ലാറ്റ് ചതുരങ്ങളിലെ കിളിക്കൂടുകളിലൊതുങ്ങി ആകാശങ്ങളില്‍ ചേക്കേറുന്നവര്‍ക്ക് ഒരു പ്ലാവില പോലും സ്വപ്നം കാണാനേ കഴിയൂ. അവരോട് ആറിനം ഇലകള്‍ ചേര്‍ത്തുണ്ടാക്കുന്ന വേതുവെള്ളത്തെക്കുറിച്ച് വെറുതേ പറയാനല്ലേ കഴിയൂ! എങ്കിലും വേതുകുളിയുടെ പ്രയോജനങ്ങളെക്കുറിച്ച് പുതിയ തലമുറയില്‍ ചിലര്‍ക്കെങ്കിലും അല്‍പ്പമൊക്കെ ബോധ്യം ഉണ്ടായിവന്നിട്ടുള്ളത് ആശ്വാസകരമാണ്.
വീട്ടിനുചുറ്റിലും പറമ്പിലും സാധാരണമായി കാണപ്പെടുന്ന ചില വ്യക്ഷങ്ങളുടെ ഇലകള്‍ ഇട്ട് തിളപ്പിച്ചവെള്ളത്തിലുള്ള കുളിയാണ് വേതുകുളി. എന്നാല്‍ ഏതെങ്കിലും മരങ്ങളുടെ ഇലകള്‍ ഇട്ട് തിളപ്പിച്ചാല്‍ അത് വേത്‌വെള്ളം ആവുകയുമില്ല. വാതഹര സ്വഭാവമുള്ള ഇലകള്‍ ആണ് ഇതിനായി ഉപയോഗിക്കുന്നത്. ഇവ തലേദിവസം രാത്രിയില്‍ വെള്ളത്തിലിട്ട് വെച്ചശേഷം പിറ്റേദിവസം ആ വെള്ളം തന്നെ തിളപ്പിച്ച് ഉപയോഗിക്കുന്നു. പൊള്ളിക്കുന്ന ചൂടില്‍ വേണം ഇത് ചെയ്യാന്‍ എന്നൊക്കെയുള്ള തെറ്റിദ്ധാരണയുണ്ട്. അതിന് അടിസ്ഥാനമേതുമില്ല. ചൂട് കുറയ്ക്കാനായി തണുത്ത വെള്ളം ഒഴിക്കരുത് എന്നത് പക്ഷേ നിര്‍ബന്ധമാണ്. ഇങ്ങനെയുള്ള ചൂടുകുറയ്ക്കല്‍ ആവശ്യമാണെന്നത് മുന്‍കൂട്ടിക്കണ്ട് അതിനായി ചൂടാറിത്തണുത്ത വെള്ളം നേത്തേ കരുതിവെക്കേണ്ടതാണ്.
സാധാരണപ്രസവം ആയിരുന്നുവെങ്കില്‍ അഞ്ചുദിവസം കഴിഞ്ഞും സിസേറിയന്‍ ആയിരുന്നുങ്കെില്‍ പത്തുദിവസം കഴിഞ്ഞും വേതുകുളി നടത്താം. വേതുവെള്ളം ഒരിക്കലും തലയില്‍ ഒഴിക്കരുത്. ഇതിനായി വേറെ വെള്ളം പ്രത്യേകമായി തയ്യാറാക്കണം. ഉണക്കനെല്ലിക്ക, രാമച്ചം, ചന്ദനം എന്നിവയിട്ട് തിളപ്പിച്ച വെള്ളം തണുത്തതിനു ശേഷം ഇതിനായി ഉപയോഗിക്കാം. പ്രസവാനന്തര ആരോഗ്യത്തിന് വേതുകളി നിര്‍ബന്ധമാണ്. നടുവേദന, നീര്‍ക്കെട്ട് മുതലായവ മൂലമുള്ള ക്‌ളേശങ്ങളെ അകറ്റിനിറുത്താന്‍ വേതുകുളി സഹായിക്കും. പ്രസവശേഷം 45 ദിവസങ്ങള്‍ക്കുള്ളില്‍ വേതുകുളി നടത്തിയിരിക്കണം.
‘അഭ്യംഗം’ അഥവാ എണ്ണതേപ്പ് കഴിഞ്ഞ് അരമണിക്കൂറോളം കഴിഞ്ഞതിനു ശേഷമാണ് വേതുകുളി നടത്തേണ്ടത്. ആവണക്കെണ്ണ, എള്ളെണ്ണ, നെയ്യ് എന്നിവ ചേര്‍ന്നുള്ള ‘മുക്കൂട്ട്’, ധന്വന്തരം കുഴമ്പ് എന്നിവയാണ് സാധാരണയായി ഇതിനായി ഉപയോഗിക്കുന്നത്.
സിസേറിയന്‍ മുറിവുകള്‍ ഒഴിവാക്കി വേണം കുഴമ്പ് പുരട്ടേണ്ടത്. വേദനയുണ്ടെങ്കില്‍ അല്‍പ്പം സഹചരാദിതൈലം കുഴമ്പിനൊപ്പം ചേര്‍ത്ത് പുരട്ടാം. കുഴമ്പുപുരട്ടലും തിരുമ്മലും 10-15 മിനിട്ട് തുടരുക. അരമണിക്കൂര്‍ കഴിഞ്ഞശേഷം വേത്‌വെള്ളത്തില്‍ കുളിക്കാവുന്നതാണ്. ശരീരത്തില്‍ മഞ്ഞള്‍ പുരട്ടുന്നതും നല്ലതാണ്. തലയില്‍ സാധാരണയായി പുരട്ടുന്ന എണ്ണ തന്നെ ഉപയോഗിക്കാവുന്നതാണ്.
വേതുവെള്ളത്തില്‍ ഏതൊക്കെ ചേരുവകളാണ് ചേര്‍ക്കേണ്ടത് എന്ന കാര്യത്തില്‍ പ്രാദേശികഭേദങ്ങള്‍ നിലവിലുണ്ട്. ഇക്കാര്യത്തില്‍ ഏകദേശം എട്ടുതരം വേത്‌വെള്ളക്കൂട്ടുകള്‍ നിലവിലുള്ളതായി കാണുന്നു. അവ താഴെ ചേര്‍ക്കുന്നു.
ഇലകള്‍ ആണോ ഉണങ്ങിയ പുറന്തൊലി ആണോ വേരാണോ ചേര്‍ക്കേണ്ടത് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുമല്ലോ:
വേത്‌വെള്ളക്കൂട്ട് 1: പേഴ്, തെങ്ങ,് പേരാല്‍, ഇത്തി, അത്തി, അരയാല്‍, മാവ്: (എല്ലാത്തിന്റേയും ഉണങ്ങിയ പുറന്തൊലി).
വേത്‌വെള്ളക്കൂട്ട് 2: പേഴ്, പറങ്കിമാവ്, പേരാല്‍, അത്തി, അരയാല്‍: (എല്ലാത്തിന്റേയും ഉണങ്ങിയ പുറന്തൊലി) + പുല്ലാഞ്ഞി, പെരുവേലം, വാഴ, കുരുമുളക്, കരിഞൊട്ട, പേര, കരിനൊച്ചി (എല്ലാത്തിന്റേയും ഉണങ്ങാത്ത പച്ചഇലകള്‍).
വേത്‌വെള്ളക്കൂട്ട് 3: പേരാല്‍, ഇത്തി, അത്തി, അരയാല്‍ (എല്ലാത്തിന്റേയും ഉണങ്ങിയ പുറന്തൊലി).
വേത്‌വെള്ളക്കൂട്ട് 4: പേരാല്‍, ഇത്തി, അത്തി, അരയാല്‍ (എല്ലാത്തിന്റേയും ഉണങ്ങിയ പുറന്തൊലി), പേഴ് (പച്ചപുറന്തൊലി), പ്‌ളാവ്, വേപ്പ്, കുരുമുളക് (എല്ലാത്തിന്റേയും ഉണങ്ങാത്ത പച്ചഇലകള്‍), മുക്കുറ്റി (ചെടി മുഴുവന്‍), തെങ്ങിന്റെ മടല്‍, ചിരട്ട.
വേത്‌വെള്ളക്കൂട്ട് 5: എരിക്ക്, കരിഞൊട്ട, പുളി (എല്ലാത്തിന്റേയും ഉണങ്ങാത്ത പച്ചഇലകള്‍).
വേത്‌വെള്ളക്കൂട്ട് 6: ആടലോടകം, പുല്ലാഞ്ഞി, പെരുവേലം, വാഴ, കരിഞൊട്ട, പുളി (എല്ലാത്തിന്റേയും ഉണങ്ങാത്ത പച്ചഇലകള്‍), പേഴ് (ഉണങ്ങിയ പുറന്തൊലി).
വേത്‌വെള്ളക്കൂട്ട് 7: വേപ്പ്, എരിക്ക്, കൈത, പേര (എല്ലാത്തിന്റേയും ഉണങ്ങാത്ത പച്ചഇലകള്‍), പേരാല്‍, ഇത്തി, അത്തി, അരയാല്‍ (എല്ലാത്തിന്റേയും ഉണങ്ങിയ പുറന്തൊലി), തഴുതാമ, ഞെരിഞ്ഞില്‍ (വേര്), മഞ്ഞളിന്റെ ഇലയും കിഴങ്ങും.
വേത്‌വെള്ളക്കൂട്ട് 8: പ്‌ളാവ്, പാഞ്ചി, തെച്ചി (എല്ലാത്തിന്റേയും ഉണങ്ങാത്ത പച്ചഇലകള്‍), തെങ്ങിന്റെ മടല്‍, മഞ്ഞളിന്റെ ഇലയും കിഴങ്ങും.
ചെമ്പുകൊണ്ടുള്ളതും ആഴമുള്ളതുമായ വലിയ പാത്രമാണ് വേതുവെള്ളം തിളപ്പിക്കുന്നതിനായി ഉപയോഗിക്കുന്നത്. എന്നാല്‍ ചെമ്പുപാത്രം തന്നെ വേണം എന്ന കാര്യത്തില്‍ നിര്‍ബന്ധമൊന്നുമില്ല. വലിയ പാത്രമായിരിക്കണം എന്നേയുള്ളൂ. അലൂമിനിയം പാത്രവും ഇതിനായി ഉപയോഗിക്കാം. സാധാരണയായി കുളിമുറിക്ക് ഉള്ളില്‍ത്തന്നെയാണ് ഇതിനായുള്ള സൗകര്യം ഒരുക്കുന്നത്.