

'മനസമാധാനം' എന്നത് ഇന്നത്തെ കാലത്ത് വളരെ അപൂർവമാണെന്ന് പറയുന്നതിൽ തെറ്റില്ല. മാനസികമായ സമ്മർദം ശാരീരികവും മാനസികവുമായും നമ്മെ തളർത്തും. പലപ്പോഴും ഇത് ദൈംദിന ജീവിതത്തെ തന്നെ ബാധിക്കാം. എന്നാൽ സമ്മർദം എല്ലായ്പ്പോഴും വലിയ തകർച്ചകളിൽ നിന്നോ പെട്ടെന്നുണ്ടാകുന്ന പ്രതിസന്ധികളിൽ നിന്നോ രൂപപ്പെടുന്നതല്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
മിക്കപ്പോഴും നാം പോലും അറിയാതെ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറുന്ന ചില കുഞ്ഞുകുഞ്ഞു ശീലങ്ങളാണ് വില്ലന്മാരാകുന്നത്. ഇവ ക്രമേണ നമ്മുടെ മാനസികാരോഗ്യത്തെ തകർക്കുന്നു. മനസമാധാനം കെടുത്തുന്ന ആറ് ശീലങ്ങൾ പരിശോധിക്കാം.
രാവിലെ ഉറക്കം ഉണരുന്ന ഉടൻ മൊബൈലിൽ നോക്കുന്നത് തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കുന്നു. മാത്രമല്ല, മനസ്സ് പൂർണമായും ഉണരുന്നതിന് മുൻപ് തന്നെ മറ്റുള്ളവരുടെ ആവശ്യങ്ങൾക്കും ലോകത്തെ നെഗറ്റീവ് വാർത്തകൾക്കും മുൻഗണന നൽകുന്നത് വഴിയുണ്ടാകുന്ന അസ്വസ്ഥത ദിവസം മുഴുവൻ നിങ്ങളെ വിടാതെ പിന്തുടരും.
മറ്റുള്ളവരെ പ്രീതിപ്പെടുത്താനോ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയാത്തത് കൊണ്ടോ നാം പലപ്പോഴും 'യെസ്' പറയാറുണ്ട്. എന്നാൽ താൽപര്യമില്ലാതെ ഏറ്റെടുക്കുന്ന കാര്യങ്ങൾ മനസ്സിൽ വലിയൊരു ഭാരം അടിച്ചേൽപ്പിക്കുകയാണ് ചെയ്യുന്നത്. അമിതമായ ഈ ബാധ്യതകൾ കാലക്രമേണ കടുത്ത മാനസിക സമ്മർദത്തിന് കാരണമാകുന്നു.
പകൽ മുഴുവൻ ജോലി ചെയ്ത ശേഷം രാത്രിയിൽ വീണ്ടും ഫോണിന് മുന്നിലിരിക്കുന്നത് തലച്ചോറിന് സമ്മർദം നൽകും. സ്ക്രീനിൽ നിന്നുള്ള നീല വെളിച്ചം ഉറക്കത്തിന് സഹായിക്കുന്ന മെലറ്റോണിൻ ഹോർമോണിന്റെ ഉൽപാദനത്തെ തടസ്സപ്പെടുത്തുന്നു. ഇത് ഉറക്കമില്ലായ്മയിലേക്കും അടുത്ത ദിവസം രാവിലെ അനുഭവപ്പെടുന്ന ക്ഷീണത്തിലേക്കും നയിക്കുന്നു.
വിശ്രമത്തെ ഒരു ആഡംബരമായി കാണാതെ, അതൊരു അനിവാര്യതയായി കാണുക. വിശ്രമമില്ലാതെ ജോലി ചെയ്യുന്നത് ഉൽപാദനക്ഷമത കുറയ്ക്കുകയും സ്ട്രെസ് വർധിപ്പിക്കുകയും ചെയ്യും.
പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുന്നത് ആശ്വാസം നൽകുമെങ്കിലും, അത് ആവർത്തിച്ച് സംസാരിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ഒരു നടപടിയും എടുക്കാതെ പ്രശ്നങ്ങളെക്കുറിച്ച് മാത്രം ചിന്തിച്ചുകൊണ്ടിരിക്കുന്നത് മനസ്സിനെ നിസ്സഹായാവസ്ഥയിലാക്കുന്നു. ഒരു ചെറിയ ചുവടുവയ്പ്പെങ്കിലും പരിഹാരത്തിനായി നടത്തുന്നത് ആത്മവിശ്വാസം നൽകുകയും സമ്മർദം കുറയ്ക്കുകയും ചെയ്യും.
ഭക്ഷണം ഒഴിവാക്കുന്നതോ ജോലിക്കിടയിൽ തിരക്കിട്ട് കഴിക്കുന്നതോ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവിൽ മാറ്റമുണ്ടാക്കുന്നു. ഇത് പെട്ടെന്നുള്ള ദേഷ്യം, ഉത്കണ്ഠ, ക്ഷീണം എന്നിവയ്ക്ക് കാരണമാകും. മനസ്സിനെ നിയന്ത്രിക്കാൻ ശരീരത്തിന് കൃത്യമായ ഇന്ധനം ആവശ്യമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates