

സ്പടികത്തിലെ ആടുതോമ പച്ചമുട്ട കുടിക്കുന്നത് കണ്ട് ആവേശം കൊണ്ട ആരാധകർ ഒരുപാടുണ്ട്. പച്ചമുട്ട ആരോഗ്യത്തിന് വലിയ ഗുണം ചെയ്യുമെന്ന പ്രതീതി പണ്ടുകാലം മുതലുള്ളതാണ്. എന്നാൽ നേരെ തിരിച്ചാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം.
പച്ചമുട്ട കഴിക്കുന്നതിലൂടെ ഉണ്ടാകുന്ന ഏറ്റവും വലിയ ഭീഷണി ഭക്ഷ്യവിഷബാധയാണ്. 'സാൽമൊണല്ല' പോലുള്ള മാരകമായ ബാക്ടീരിയകൾ പച്ചമുട്ടയിൽ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇത് ശരീരത്തിലെത്തിയാൽ കടുത്ത വയറിളക്കം, പനി, വയറുവേദന, ഛർദി എന്നിവ ഉണ്ടാകാം. സാധാരണക്കാർക്ക് ഇത് പെട്ടെന്ന് ഭേദമാകുമെങ്കിലും ഗർഭിണികൾ, മുതിർന്ന പൗരന്മാർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവരിൽ സാൽമൊണല്ല ബാധ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം.
പച്ചമുട്ടയുടെ വെള്ളയിൽ അവിഡിൻ എന്നൊരു പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. പച്ചമുട്ട സ്ഥിരമായി കഴിക്കുന്നത് ശരീരത്തിൽ ബയോട്ടിൻ ആഗിരണം ചെയ്യപ്പെടുന്നതിനെ തടസപ്പെടുത്തും. ഇത് ശരീരത്തിൽ ബയോട്ടിന്റെ കുറവിനും അതുവഴി മറ്റ് ശാരീരിക ബുദ്ധിമുട്ടുകൾക്കും കാരണമാകും. എന്നാൽ മുട്ട പാകം ചെയ്യുമ്പോൾ അവിഡിൻ പ്രോട്ടീന്റെ ഈ ദോഷഫലം ഇല്ലാതാകുന്നു.
മാത്രമല്ല, പാകം ചെയ്ത മുട്ടയിലാണ് ശരീരത്തിന് എളുപ്പത്തിൽ ആഗിരണം ചെയ്യാൻ സാധിക്കുന്ന പ്രോട്ടീൻ കൂടുതൽ അടങ്ങിയിട്ടുള്ളത്. മുട്ട ചൂടാക്കി പാകം ചെയ്യുമ്പോൾ അതിലെ പ്രോട്ടീനുകളുടെ ഘടനയിൽ വ്യത്യാസം വരുന്നു. ഇത് നമ്മുടെ ദഹനവ്യവസ്ഥയ്ക്ക് പ്രോട്ടീനുകളെ എളുപ്പത്തിൽ ദഹിപ്പിക്കാനും ശരീരത്തിലേക്ക് ആഗിരണം ചെയ്യാനും സഹായിക്കുന്നു.
ശരീരത്തിന് ആവശ്യമായ പോഷക ഗുണങ്ങൾ പൂർണമായി ലഭിക്കുന്നതിനും ഒപ്പം ആരോഗ്യ സുരക്ഷിതത്വത്തിനും മുട്ട എപ്പോഴും പാകം ചെയ്ത് കഴിക്കുന്നതാണ് ഏറ്റവും നല്ലത്. ഏതെങ്കിലും പ്രത്യേക വിഭവങ്ങൾ തയ്യാറാക്കാൻ പച്ചമുട്ട ഉപയോഗിക്കേണ്ടി വരികയാണെങ്കിൽ, സാധാരണ മുട്ടയ്ക്ക് പകരം പാസ്ചറൈസ് ചെയ്ത മുട്ടകൾ തിരഞ്ഞെടുക്കാൻ ഡോ.കുനാൽ സൂദ് നിർദേശിച്ചു. ഇത് ഭക്ഷ്യവിഷബാധയ്ക്കുള്ള സാധ്യത ഒരു പരിധി വരെ കുറയ്ക്കാൻ സഹായിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates