

ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് ബ്രേക്ക്ഫാസ്റ്റ്. എന്നാൽ തിരക്കിനിടെ വിശദമായ പ്രഭാതഭക്ഷണം ഉണ്ടാക്കാനുള്ള സമയം മിക്കവാറും കിട്ടാറില്ല, അത്തരക്കാർക്ക് ബ്രെഡ്ഓംലെറ്റ് ആണ് ഏറ്റവും പെട്ടെന്നുള്ള ഓപ്ഷൻ. ഏതാണ്ട് അഞ്ചോ ആറോ മിനിറ്റിൽ ബ്രേക്ക്ഫാസ്റ്റ് റെഡിയാകും. എന്നാൽ ഇത് പതിവാക്കുന്നത് ആരോഗ്യകരമാണോ?
ബ്രെഡ് ഓംലെറ്റ് ഒരു ഹെല്‍ത്തി ബ്രെക്ക്ഫാസ്റ്റ് ആണ്. എന്നാല്‍ അതിലെ ചേരുവകളുടെ അടിസ്ഥാനത്തിലാണ് അവയുടെ പോഷകമൂല്യം അളക്കേണ്ടതെന്ന് പോഷകാഹാര വിദഗ്ധര്‍ പറയുന്നു. ചേരുവകളും അളവും ബാലൻസ്ഡ് ആണെങ്കിൽ, എല്ലാ ദിവസവും പ്രഭാതഭക്ഷണത്തിന് ബ്രെഡ് ഓംലെറ്റ് കഴിക്കുന്നത് ശരീരത്തിന് തികച്ചും ആരോഗ്യകരമാണ്.
പ്രോട്ടീൻ അടങ്ങിയ ഭക്ഷണമാണ് ഓംലറ്റ്. ആരോഗ്യകരമായ കൊഴുപ്പുകളും അവശ്യ അമിനോ ആസിഡുകളും വിറ്റാമിൻ ബി 12, വിറ്റാമിൻ ഡി എന്നിവയും ഇതിലുണ്ട്. ബ്രെഡില്‍ ഊര്‍ജ്ജിത്തിനായുള്ള കാര്‍ബോഹൈഡ്രേറ്റുകളും അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും ചേരുമ്പോള്‍ മാക്രോന്യൂട്രിയന്റുകൾ, പ്രോട്ടീൻ, കാർബ്സ്, കൊഴുപ്പ് തുടങ്ങി ഒരു ദിവസം തുടങ്ങാൻ ശരീരത്തിനാവശ്യമായതെല്ലാം ലഭിക്കുന്നു.
മുഴുധാന്യ ബ്രഡും മൾട്ടി ഗ്രെയ്ൻ ബ്രഡും നാരുകൾ ധാരാളം അടങ്ങിയതാണ്. ഇവ ദഹനത്തിന് സഹായിക്കുന്നതോടൊപ്പം ഏറെ നേരം വയർ നിറഞ്ഞ തോന്നലും ഉണ്ടാക്കുന്നു. എന്നാൽ വൈറ്റ് ബ്രെഡ് മൈദ കൊണ്ടുണ്ടാക്കിയതാണ്. ഇതിൽ നാരുകളില്ലെന്നു മാത്രമല്ല വളരെ പെട്ടെന്ന് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടാനും കാരണമാകും. അതുപോലെ വളരെ കൂടിയ അളവിൽ എണ്ണയും ബട്ടറും ചേർത്ത് ഓംലറ്റ് ഉണ്ടാക്കുന്നതും അനാരോഗ്യകരമാണ്.
അതുപോലെ ഓംലെറ്റ് ഉണ്ടാക്കുമ്പോള്‍ സവാളയ്ക്കും പച്ചമുളകിനുമൊപ്പം പച്ചച്ചീര, തക്കാളി തുടങ്ങിയവ ചേര്‍ക്കുന്നത് അതിന്‍റെ പോഷകമൂല്യം വര്‍ധിപ്പിക്കാന്‍ സഹായിക്കും.
എന്നാല്‍ മുട്ടയും ബ്രെഡും ജലാംശം കുറഞ്ഞ ഭക്ഷണങ്ങളാണ്. ഇവ കഴിക്കുമ്പോള്‍ ശരീരത്തില്‍ ജലാംശം നിലനിര്‍ത്തേണ്ടതും പ്രധാനമാണ്. ബ്രേക്ക്ഫാസ്റ്റിന് ചായ, കാപ്പി പോലുള്ള കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ ഒഴിവാക്കി ചെറു ചൂടുവെള്ളം കുടിക്കുന്നതാണ് നല്ലത്. കഫീന്‍ നിര്‍ജ്ജലീകരണം വഷളാക്കും.
എന്താണെങ്കിലും മിതത്വം പാലിക്കുക എന്നത് പ്രധാനമാണ്. റിഫൈൻഡ് ധാന്യങ്ങൾക്ക് പകരം മുഴുധാന്യം ഉപയോഗിക്കാനും ശ്രദ്ധിക്കണം. ഒരേ ഭക്ഷണ ആവർത്തിച്ചു കഴിക്കാതെ ഓരോ ദിവസവും വ്യത്യസ്ത വിഭവങ്ങൾ പ്രഭാതഭക്ഷണം ആയി കഴിക്കുക എന്നതും പ്രധാനമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates