

പല രോഗങ്ങളുടെയും വേരുകള്‍ തപ്പി പോയാല്‍ അസിഡിറ്റി, ഗ്യാസ് പോലുള്ള ദഹന പ്രശ്‌നങ്ങള്‍ വളരെ വ്യക്തമായിരിക്കും. ഇവ രണ്ടും ഇന്നത്തെ കാലത്ത് വളരെ സാധാരണമാണ്. അതിന് പിന്നിലെ ഒരു പ്രധാന കാരണം നമ്മള്‍ കഴിക്കുന്ന ഫുഡ് കോമ്പോ തെറ്റി പോകുന്നതാണ്. നാവിന് രുചി നല്‍കുന്ന പല ഭക്ഷണ കോമ്പിനേഷനുകളും ആമാശയത്തില്‍ എത്തുമ്പോള്‍ പുളിച്ചുതികട്ടല്‍ അല്ലെങ്കില്‍ അസിഡിറ്റിക്ക് കാരണമാകാം. വിരുദ്ധാഹാരങ്ങളെ കുറിച്ച് ഇക്കോളജി എന്ന പുതിയ ചികിത്സ രീതിയെ പരിചയപ്പെടുത്തിയ കെവി ദയാല്‍ സമകാലിക മലയാളത്തോട് സംസാരിക്കുന്നു.
'പുട്ടിന്റെ കൂടെ എന്തും പോകില്ല'
മലയാളികളുടെ പ്രിയപ്പെട്ട ബ്രേക്ക്ഫാസ്റ്റ് ആണ് പുട്ട്. പുട്ടും പഴവും പുട്ടും കടലയും തുടങ്ങി പുട്ടു കോമ്പോകള്‍ വളരെ അധികമുണ്ട്. എന്നാല്‍ ഇതില്‍ പല കോമ്പിനേഷനും നമ്മുടെ ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന് കെവി ദയാല്‍ പറയുന്നു. ഇന്ന് മനുഷ്യരുടെ ഭക്ഷണക്രമം തന്നെ തെറ്റി പോയിരിക്കുകയാണ്. മനുഷ്യശരീരത്തിന് വിധിച്ച ഭക്ഷണം എന്നൊന്നുണ്ട്. എന്നാല്‍ അതല്ല നമ്മള്‍ ഇപ്പോള്‍ പിന്തുടരുന്നത്. വേവിച്ച ഭക്ഷണമാണ് നമ്മുടെ ഡയറ്റിന്‍റെ ഒരു 90 ശതമാനവും. അതിന്റെ കൂടെ ഭക്ഷണത്തിന്‍റെ കോമ്പിനേഷനും തെറ്റിപ്പോയിരിക്കുന്നു.
കേരളത്തില്‍ പുട്ടും പഴവും, പുട്ടും കടലയും, പുട്ടും പരിപ്പും, പുട്ടും പയറും വളരെ സാധാരണമാണ്. എന്നാല്‍ ഇത് നാലും കോമ്പിനേഷന്‍ തെറ്റാണ്. ഇവ രണ്ടും ദഹിക്കേണ്ട ദഹന രസം രണ്ടാണ്. കടല, പയറ്, പരിപ്പ് എന്നിവ പ്രോട്ടീന്‍ ആണ്. ഇവ ദഹിപ്പിക്കേണ്ടത് ഹൈഡ്രോക്ലോറിക് ആസിഡ് ആണ്. പുട്ട് കാര്‍ബോഹൈഡ്രേറ്റ് ആണ്. കാര്‍ബോഹൈഡ്രേറ്റിനെ ദഹിപ്പിക്കേണ്ടത് ശരീരത്തിലെ പ്രോബയോട്ടിക് ബാക്ടീരിയയാണ്. ഇവ രണ്ടും മിക്‌സ് ചെയ്താല്‍ ദഹനം കൃത്യമായിരിക്കില്ല.
പുട്ടും വെജിറ്റബിള്‍ കറിയുമാണ് ആരോഗ്യത്തിന് മികച്ച കോമ്പിനേഷന്‍. ഇവ രണ്ടും ഒരുമിച്ച് ദഹിക്കും. പയറു പരിപ്പ് വര്‍ഗവും കിഴങ്ങ് വര്‍ഗങ്ങളും വേറെയാണ് ചിലര്‍ ഇതിനെ പച്ചക്കറിയായി തെറ്റിദ്ധരിക്കാറുണ്ട്.
'ചിക്കനും ചോറും പാടില്ല'
ചിക്കന്‍ കാര്‍ബോഡ്രൈറ്റ് അടങ്ങിയ വിഭവങ്ങളുടെ കൂടെ കഴിക്കാന്‍ പാടില്ല. ചിക്കന്റെ ഒപ്പം പച്ചക്കറി കഴിക്കാം. ചോറിനൊപ്പവും പച്ചക്കറി കഴിക്കാം. എന്നാല്‍ ചിക്കനും ചോറും ഒരുമിച്ച് കഴിക്കുന്നത് ഗ്യാസ്, അസിഡിറ്റി എന്നിവയ്ക്ക് കാരണമാകും.
ജീവിതശൈലി മാറിയതോടെ നമ്മുടെ ദഹന വ്യവസ്ഥ തകരാറിലായിക്കൊണ്ടിരിക്കുകയാണ്. ആ സമയത്ത് കോമ്പിനേഷന്‍ കൂടി തെറ്റിയാല്‍ ആരോഗ്യ സങ്കീര്‍ണതകള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
'ഭക്ഷണത്തിന് മുന്‍പോ ശേഷമോ പഴങ്ങള്‍ കഴിക്കേണ്ടത്'
പഴത്തോടൊപ്പം അരി അല്ലെങ്കില്‍ ചോറ് കഴിക്കുമ്പോള്‍ പുളിച്ചുതികട്ടല്‍ ഉണ്ടാകും. ചോറ് കഴിച്ച് കുറഞ്ഞത് രണ്ടോ മൂന്നോ മണിക്കൂറിന് ശേഷം പഴങ്ങള്‍ കഴിക്കാം. പഴങ്ങള്‍ കഴിക്കുമ്പോള്‍ അത് മാത്രം കഴിക്കുന്നതാണ് നല്ലത്. കാര്‍ബോഹൈഡ്രേറ്റിനൊപ്പം കഴിക്കണമെങ്കില്‍ അത് വിധിച്ച കാര്‍ബോഹൈഡ്രേറ്റ് ആയിരിക്കണം.
മധുരക്കിഴങ്ങ്, മനുഷ്യശരീരത്തിന് ഏറ്റവും ഉചിതമായ ഒരു കാര്‍ബോഹൈഡ്രേറ്റ് ആണ്. വേവിക്കാത്ത മധുരക്കിഴങ്ങിനെ ഒരു സ്‌ക്രാപ്പര്‍ ഉപയോഗിച്ച് ഉരച്ചെടുക്കാം. അതിനൊപ്പം പഴം കഴിക്കുന്നത് അസിഡിറ്റിയോ ആരോഗ്യപ്രശ്നങ്ങളോ ഉണ്ടാക്കില്ല. ഇന്നത്തെ തൊണ്ണൂറു ശതമാനം രോഗങ്ങള്‍ക്ക് കാരണവും അസിഡിറ്റിയാണ്. ഫുഡ് കോമ്പിനേഷന്‍ തെറ്റിക്കുന്നതു കൂടാതെ മലബന്ധം, വിയര്‍പ്പ് കുറയുന്നത്, മാനസിക സമ്മര്‍ദം, ഉറക്കക്കുറവ്, അനിമല്‍ പ്രോട്ടീനോ പ്ലാന്‍റ് പ്രോട്ടീനോ കൂടുതല്‍ കഴിക്കുന്നതു കൊണ്ടും അസിഡിറ്റി ഉണ്ടാകാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates