രാവിലത്തെ ഓട്ടപ്പാച്ചിലിനിടയിൽ പ്രഭാതഭക്ഷണം പലർക്കുമൊരു പ്രഹസനമാണ്. എന്തെങ്കിലുമൊക്കെ കഴിച്ചെന്ന് വരുത്തിതീർത്ത് ഓഫീസിലേക്കോടും. ഉച്ചയ്ക്കാണെങ്കിൽ സമയം കിട്ടിയാൽ കഴിക്കും എന്ന അവസ്ഥയാണ്. ഇതിന്റെയെല്ലാം കേടുതീർക്കുന്നതാകട്ടെ അത്താഴത്തിനും. രാത്രി വളരെ വൈകിയും വയറു നിറയെയും ഭക്ഷണം കഴിക്കുന്നത് പലരുടെയും ഒരു ശീലമായി മാറിയിട്ടുണ്ട്. കുടുംബാംഗങ്ങളൊന്നിച്ചിരിക്കാനും സുഹൃത്തുക്കളുമായി പുറത്തുപോകാനുമെല്ലാം സമയം കണ്ടെത്തുന്നതും രാത്രിയാണ്.
വളരെ വൈകി അമിത അളവിൽ ഭക്ഷണം കഴിക്കുന്നത് നമ്മുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കും. അമിതമായ കൊഴുപ്പും കാലോറിയും അടങ്ങിയ ഭക്ഷണവും മാംസവിഭവങ്ങളും ആരോഗ്യത്തെ കാർന്നുതിന്നുന്നുണ്ട്. രാത്രിയിൽ അമിതമായി ശരീരത്തിലെത്തുന്ന കാലോറിയും കൊഴുപ്പും ഉടനടി വയറിലേക്കാണ് നിക്ഷേപിക്കപ്പെടുന്നത്. മേൽവയർ ചാടുന്നതിന്റെ പ്രധാന കാരണം ഇതാണ്. ഇൻസുലിൻ പ്രതിരോധത്തിനും തുടർന്ന് പ്രമേഹത്തിനും ഇത് കാരണമാകും.
എപ്പോൾ ഭക്ഷണം കഴിക്കുന്നു എന്നത് ശരീരത്തിലെ ഹോർമോണുകളെയും ഉപാപചയ പ്രവർത്തനങ്ങളെയും സ്വാധീനിക്കും. ഹൃദയസംബന്ധമായ രോഗങ്ങളും വില്ലനാകും. രക്തക്കുഴലുകളിൽ കൊഴുപ്പടിഞ്ഞ് ഹൃദ്രോഗം, വൃക്കരോഗം, പക്ഷാഘാതം എന്നിവ ഉണ്ടാകാൻ ഇത് കാരണമാകും. രാത്രി ഏറെ വൈകി ഭക്ഷണം കഴിക്കുമ്പോൾ അതുവരെ ജാഗ്രതയോടെയിരിക്കാൻ ശരീരം അഡ്രിനാലിൻ പോലുള്ള സ്ട്രെസ് ഹോർമോണുകളെ ഉൽപാദിപ്പിക്കും. ഇത് ബി പി ഉയരാനും ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയ ധമനീരോഗങ്ങൾക്കുള്ള സാധ്യതയും കൂടും.
മാംസവിഭവങ്ങളിൽ അടങ്ങിയിട്ടുള്ള പ്യൂരിൻ എന്ന ഘടകം യൂറിക് ആസിഡ് കൂടാൻ കാരണമാകും. റെഡ് മീറ്റ്, കടൽ വിഭവങ്ങൾ, അയല, ചൂര പോലുള്ള മീനുകൾ തുടങ്ങിയവയിലെല്ലാം പ്യൂരിൻ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് സന്ധിരോഗങ്ങൾക്കും രക്തധമനീ രോഗങ്ങൾക്കും കാരണമാകും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates