

ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രമേഹരോഗികളുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. ഓരോ വീട്ടിലും കുറഞ്ഞത് ഒരു പ്രമേഹ രോഗിയെങ്കിലും ഉണ്ടാകും. അവരുടെ ഭക്ഷണക്രമീകരണം, ദിനചര്യകൾ, ജീവിതശൈലി എന്നിവയെല്ലാം വളരെ പ്രധാനമാണ്.
പ്രായമാകുമ്പോൾ മാത്രം വരുന്നതാണ് പ്രമേഹമെന്ന മിഥ്യാധാരണ നമുക്കു ചുറ്റുമുണ്ട്. അതുകൊണ്ട് തന്നെ ചെറുപ്പക്കാർ ഭക്ഷണക്രമീകരണത്തിൽ ശ്രദ്ധനൽകാറില്ല. എന്നാൽ ആ ധാരണ തെറ്റാണെന്ന് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് വിശദീകരിക്കുകയാണ് കോഴിക്കോട് ഡയാബ്കെയർ ഇന്ത്യയിലെ ഡെയബറ്റോളജിസ്റ്റ് ഡോ. സുരേഷ് കുമാർ.
പ്രമേഹം ഏത് പ്രായത്തിലും വരാം. പ്രായം ടൈപ്പ് 2 പ്രമേഹ സാധ്യത വർധിപ്പിക്കുന്ന ഒരു പ്രധാന ഘടകമാണെങ്കിലും ഇന്ന് ചെറുപ്പക്കാരിലും കുട്ടികളിൽ പോലും കണ്ടുവരുന്നുണ്ട്. അതിനുള്ള പ്രധാന കാരണം ഉദാസീനമായ ജീവിതശൈലി, അമിതവണ്ണം, ജനിതക കാരണങ്ങൾ എന്നിവയാണ്. അതേസമയം ടൈപ്പ് 1 ഡയബറ്റീസ് കുട്ടിക്കാലത്തും കൗമാരപ്രായത്തിലും വികസിക്കുന്നുവെന്നും ഡോ. സുരേഷ് കുമാർ പറഞ്ഞു.
ആരോഗ്യകരമായ ഭക്ഷണക്രമവും വ്യായാമത്തിലൂടെയും പ്രമേഹത്തെ ഫലപ്രദമായി നിയന്ത്രിച്ചു നിർത്താൻ സാധിക്കും. ടൈപ്പ് 2 പ്രമേഹമുള്ള ചിലരിൽ ജീവിതശൈലി മാറ്റങ്ങൾ വലിയ മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
അമിതമായി പഞ്ചസാര കഴിക്കുന്നത് കൊണ്ടാണ് പ്രമേഹം ഉണ്ടാകുന്നത്!
അമിതമായി പഞ്ചസാര കഴിക്കുന്നതു മാത്രമല്ല പ്രമേഹ സാധ്യത വർധിപ്പിക്കുന്ന ഘടകം. ജനിതക കാരണങ്ങളും ഇൻസുലിൻ പ്രതിരോധം, അമിതവണ്ണം, അനാരോഗ്യകരമായ ജീവിതശൈലി തുടങ്ങിയ നിരവധി മറ്റ് ഘടകങ്ങളും പ്രമേഹ സാധ്യത വർധിപ്പിക്കാം. മധുരപാനീയങ്ങളുടെ നിരന്തരം ഉപഭോഗവും അമിത കലോറിയും ശരീരഭാരം വർധിപ്പിക്കാൻ കാരണമാകുന്നുണ്ട്. ഇത് പ്രമേഹസാധ്യത വർധിപ്പിക്കുമെന്നും അദ്ദേഹം പറയുന്നു.
തടിയുള്ളവർക്ക് മാത്രമാണ് പ്രമേഹം!
പ്രമേഹമുള്ള എല്ലാവർക്കും അമിതവണ്ണമുണ്ടാകണമെന്നില്ല. പ്രത്യേകിച്ച് ഇന്ത്യക്കാർക്ക്. പാരമ്പര്യമായ പ്രമേഹരോഗികളുള്ള കുടുംബമാണെങ്കിലും മക്കൾക്കും പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണ്. മാത്രമല്ല, മെലിഞ്ഞവരാണെങ്കിലും ഉയർന്ന രക്തസമ്മർദം, കോളസ്ട്രോൾ നിലയിലെ ഏറ്റക്കുറച്ചിലുള്ളവർ, പിസിഒഡി, 35 വയസ്സിന് ശേഷമുള്ള എല്ലാവരും രക്തത്തിലെ പഞ്ചസാര നിരന്തരം പരിശോധിക്കേണ്ടതുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates