നാലോ അഞ്ചോ ദിവസം നീണ്ടുനില്‍ക്കുന്ന ശ്വാസംമുട്ടല്‍, കടുത്ത ചുമ; ഒമൈക്രോണ്‍ ജെ.എന്‍.1നെ സൂക്ഷിക്കാം

ജെ.എന്‍.1 , കേരളത്തിലും റിപ്പോര്‍ട്ട് ചെയ്തതോടെ വരും ദിവസങ്ങളില്‍ കൂടുതല്‍ ജാഗ്രത വേണ്ടിവരുമെന്നുറപ്പ്
ചിത്രം: പിടിഐ
ചിത്രം: പിടിഐ
Updated on
2 min read

കേരളം ഇപ്പോള്‍ കോവിഡ് 19 വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ ജെ.എന്‍.1 ആവിര്‍ഭാവത്തിന് സാക്ഷ്യം വഹിക്കുകയാണ്. അതി നൂതന നിര്‍ണയ സംവിധാനങ്ങള്‍ പിന്തുടരുന്നതിനാല്‍ അതിവേഗം വൈറസിനെ തിരിച്ചറിയാനും മുന്നറിയിപ്പ് നല്‍കാനും നമുക്ക് സാധിച്ചു. അതിവേഗം പടരുന്ന കോവിഡ് വകഭേദമായതിനാല്‍ ഒമൈക്രോണ്‍ ജെ.എന്‍.1 , കേരളത്തിലും റിപ്പോര്‍ട്ട് ചെയ്തതോടെ വരും ദിവസങ്ങളില്‍ കൂടുതല്‍ ജാഗ്രത വേണ്ടിവരുമെന്നുറപ്പ്. 

ആശങ്കയും ലക്ഷണങ്ങളും 

സാധാരണ കോവിഡ് ലക്ഷണങ്ങളായ പനി, തലവേദന, തൊണ്ടവേദന തുടങ്ങിയവ തന്നെയാണ് പുതിയ വകഭേദമായ ഒമൈക്രോണ്‍ ജെ.എന്‍.1 ലും കണ്ടുവരുന്നത്. എന്നാല്‍ പല രാജ്യങ്ങളിലും ബാധിക്കപ്പെട്ടവരില്‍ ചെറിയ ലക്ഷണങ്ങളില്‍ തുടങ്ങി നാലോ അഞ്ചോ ദിവസം നീണ്ടുനില്‍ക്കുന്ന ശ്വാസംമുട്ടല്‍, കടുത്ത ചുമ പോലുള്ള കൂടുതല്‍ രോഗലക്ഷങ്ങളിലേക്ക് മാറുന്നതായാണ് കാണപ്പെടുന്നത്.

എന്നാല്‍ രോഗപ്രതിരോധശേഷി കുറഞ്ഞവരില്‍ പുതിയ ലക്ഷണങ്ങളായ വിശപ്പില്ലായ്മ തുടര്‍ച്ചയായ മനംപുരട്ടല്‍ എന്നിവകൂടാതെ അമിതമായ ക്ഷീണം, തളര്‍ച്ച, പേശികളിലെ വേദന എന്നിവ കണ്ടുവരുന്നുണ്ട്. മറ്റു കോവിഡ് രോഗികളില്‍നിന്നും വിഭിന്നമായി ചിലരില്‍ ഗ്യാസ് സംബന്ധമായ ബുദ്ധിമുട്ടുകളും ദഹന വ്യവസ്ഥയെ ബാധിക്കുന്നതിനാല്‍ തുടര്‍ച്ചയായ ഛര്‍ദി, മനംപിരട്ടല്‍ എന്നിവയും പുതിയ വകഭേദത്തില്‍ പ്രകടമാണ്. കേരളത്തിലെ കാലാവസ്ഥ പ്രകാരം ശ്വസനേന്ദ്രിയ അണുബാധ സ്വാഭാവികമായ സാഹചര്യത്തില്‍ ലക്ഷണങ്ങളെ ശ്രദ്ധിക്കാതെ പോകുന്നതും സ്വാഭാവികമാണ്. മറ്റു അണുബാധകള്‍പോലെയാണ് പുതിയ വകഭേദമായ ഒമൈക്രോണ്‍ ജെ.എന്‍.1  എന്നതാണ് ശ്രദ്ധിക്കാതെ പോകുന്നതിന്റെ കാരണം ഇത് ഒരുപക്ഷെ വലിയ തോതിലുള്ള രോഗവ്യാപനത്തിനു കാരണമാകാം. അതിനാല്‍ ലക്ഷണങ്ങള്‍ പ്രകടമാകുമ്പോള്‍ സൂക്ഷിക്കണം.

രോഗവ്യാപനം പേടിക്കേണ്ടതുണ്ടോ

കഴിഞ്ഞ ഏതാനും മാസങ്ങളായി ലോകരാജ്യങ്ങളില്‍ പടരുന്ന കോവിഡിന്റെ  ഒരു അപ്‌ഡേറ്റഡ് വേര്‍ഷനാണ്. വളരെ പെട്ടെന്ന് തന്നെ ഇത് നമ്മുടെ കേരളത്തില്‍ എത്തിയതും ആശങ്കപ്പെടുത്തുന്ന ഒന്നാണ്. ആളുകളില്‍ പ്രതിരോധശേഷി കുറഞ്ഞുവരുന്നതും വൈറസുകള്‍ സ്വയം ശക്തി പ്രാപിക്കുന്നതും രോഗികളില്‍ പുതിയ ലക്ഷണങ്ങള്‍ കൊണ്ടുവരുന്നതിന് കാരണമാണ്. ജെ.എന്‍. 1 മറ്റു കോവിഡ്  വകഭേദങ്ങളെ  ആപേക്ഷിച്ച് വ്യാപനശേഷി കൂടുതലാണ് എന്നാല്‍ വേണ്ടത്ര മുന്‍കരുതല്‍ എടുക്കുന്നതിലൂടെ ഒരു പരിധിവരെയെങ്കിലും തടഞ്ഞു നിര്‍ത്താവുന്നതുമാണ്.

ആഘോഷങ്ങള്‍ ആശങ്കയോ?

ക്രിസ്മസ് പുതുവത്സര അവധികള്‍ പ്രമാണിച്ച് ലോകത്താകമാനം നിരവധിപേര്‍ അന്താരാഷ്ട്ര  യാത്രചെയ്യുന്ന സാഹചര്യമുണ്ട് ഇത് വലിയ രീതിയിലുള്ള വ്യാപനത്തിന് കാരണമാകും. എന്നാല്‍ മുന്‍പ് കോവിഡ് ബാധിച്ചവരിലും വാക്‌സിന്‍ എടുത്തവരിലും പ്രതിരോധശേഷി ഉണ്ടാകുമെന്നും ഇത് രോഗബാധയില്‍ നിന്നും സംരക്ഷണം നല്‍കുമെന്നും. ലക്ഷണങ്ങള്‍ പ്രകടമെങ്കില്‍ പൊതുഇടങ്ങളില്‍ നിന്ന് മാറിനില്‍ക്കുന്നതും വ്യാപനം തടയാന്‍ സഹായകമാകുന്നതാണ്.

പ്രായമായവരില്‍ രോഗം വില്ലനോ?

മുന്‍കാല കോവിഡ് ബാധകള്‍ പോലെ തന്നെ യുവാക്കളില്‍ കാര്യമായി ബാധിക്കാതെയും പ്രായമായവരില്‍  പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചും കടന്നുപോവുന്ന രീതിതന്നെ തുടരുന്ന സാഹചര്യത്തിനുള്ള സാധ്യതകളാണ് കൂടുതലായും കാണുന്നത്. അതിനാല്‍ തന്നെ പ്രായമായവരും മറ്റുരോഗങ്ങള്‍ അലട്ടുന്നവരും  രോഗപ്രതിരോധത്തിനുള്ള നിര്‍ദേശങ്ങള്‍ സ്വീകരിക്കേണ്ടതാണ്. 

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

നമ്മുടെ നാട്ടില്‍ ജനസാന്ദ്രത കൂടിയിരിക്കുന്നതിനാലും പൊതുകൂടിച്ചേരലുകള്‍ കൂടുതലായതിനാലും കാലാവസ്ഥയുടെ മാറ്റങ്ങള്‍ കാരണവും വ്യാപനനിരക്ക് കൂടുന്നതിനു സാധ്യതയുണ്ട്, ആയതിനാല്‍ താഴെ പറയുന്നകാര്യങ്ങള്‍ ശ്രദ്ദിക്കണം.

പ്രായമായവരും  പ്രമേഹം, രക്താതിമര്‍ദ്ദം, കാന്‍സര്‍, ശ്വാസകോശരോഗങ്ങള്‍ എന്നിയവയുമുള്ളവര്‍ പുറത്ത് പോകുമ്പോഴെല്ലാം നിര്‍ബന്ധമായും  മാസ്‌ക് ഉപയോഗിക്കാനും സാനിറ്റൈസര്‍ ഉപയോഗിച്ചു കൈകള്‍ വൃത്തിയാക്കാനും തിരികെ വീട്ടിലെത്തുമ്പോള്‍ കൈകള്‍ ഇടയ്ക്കിടെ കഴുകാനും പ്രത്യേകം ശ്രദ്ധിക്കണം.

നിലവില്‍ ജീവിതശൈലീരോഗങ്ങള്‍ക്കു ചികിത്സ എടുക്കുന്നവര്‍ അതിനു ഒരു മുടക്കവും വരുത്തരുത്, ഒപ്പം പ്രതിരോധശേഷി നിലനിര്‍ത്താന്‍ ആവശ്യമായ മുന്‍കരുതല്‍ എടുക്കുകയും വേണം.

മഞ്ഞുകാലമായതിനാല്‍ ചുമയും തൊണ്ടവേദനയും സ്വാഭാവികമാണ് എന്നിരുന്നാലും ലക്ഷണങ്ങളുണ്ടെങ്കില്‍ ചികിത്സതേടാതെയിരിക്കരുത്, സ്വയം ചികിത്സ പൂര്‍ണമായും ഒഴിവാക്കുക.

ഒമൈക്രോണ്‍ ജെ.എന്‍.1 കോവിഡിന്റെ തീവ്രത കുറവായിരിക്കാമെങ്കിലും രോഗം ബാധിച്ച് ഭേദപ്പെട്ടാലും കൂടുതല്‍ പേരിലും എതെങ്കിലും തരത്തിലുള്ള കോവിഡാനന്തര രോഗങ്ങള്‍ (Post Covid Diseases) ഉണ്ടാവാന്‍ സാധ്യതയുണ്ട്,  ഇത് മനസിലാക്കി തുടര്‍ന്നും വേണ്ട വൈദ്യസഹായം അത്യാവശ്യമാണ്.

വാക്‌സിനേഷന്‍ ഷെഡ്യുള്‍ പൂര്‍ത്തിയാക്കാത്തവര്‍ നമുക്കിടയില്‍ ധാരാളമുണ്ട് അവര്‍ കഴിയാവുന്നത്ര വേഗം വാക്‌സിനേഷന്‍ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കണം.

വാക്‌സിനേഷന്‍ എടുത്തവരിലും പുതിയ വകഭേദം രോഗമുണ്ടാക്കാന്‍ സാധ്യതയുണ്ടെങ്കിലും രോഗതീവ്രത കുറവായിരിക്കുമെന്ന് മനസ്സിലാക്കിയിരിക്കണം.

ക്രിസ്മസ് ന്യൂഇയര്‍ ആഘോഷങ്ങള്‍ക്ക് ആള്‍കൂട്ടങ്ങള്‍ കഴിവതും ഒഴിവാക്കുകയും രോഗസാധ്യത കൂടുതലുള്ള സന്ദര്‍ഭങ്ങളിലും സ്ഥലത്തും മാസ്‌ക് ഉപയോഗിക്കാനും ശ്രദ്ധിക്കണം.

ആശുപത്രികള്‍,  എയര്‍പോര്‍ട്ട്,  റെയില്‍വേസ്‌റ്റേഷന്‍,  അടഞ്ഞ ഏ സി മുറികള്‍, എന്നിവിടങ്ങളിലും ഉത്സവങ്ങള്‍, പൊതുയോഗങ്ങള്‍ തുടങ്ങിയ ആള്‍കൂട്ട സ്ഥലങ്ങളിലും മാസ്‌ക് ഉപയോഗിക്കുന്നത് ശീലമാക്കണം.

 
(കോഴിക്കോട് ആസ്റ്റര്‍ മിംസ് ജനറല്‍ മെഡിസിന്‍ വിഭാഗം കണ്‍സള്‍ട്ടന്റ് ആണ് ലേഖകന്‍)

ഇതു കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com