Dr.GR-Manikandan bad breath
Oral health.

പ്രമേഹരോഗികളില്‍ പഴം ചീഞ്ഞളിഞ്ഞ ഗന്ധം, വായ്നാറ്റം ചില രോഗങ്ങളുടെ ലക്ഷണമാകാം

കുടലിലുള്ള ഹെലിക്കോബാക്ടർ പൈലോറി ബാക്ടീരിയ അധികമായാലും വായ്‌നാറ്റം ഉണ്ടാകാം.
Published on

വായില്‍ നിന്ന് വരുന്ന ദുര്‍ഗന്ധമാണ് വായ്നാറ്റം. ഇത് ആരോഗ്യത്തെ മാത്രമല്ല, ആത്മവിശ്വാസത്തെയും ബാധിക്കും. പേരുപോലെ ഇത് വായിലെ പ്രശ്നങ്ങള്‍ കൊണ്ട് മാത്രം വരുന്നതല്ല. ശരീരത്തിലെ മറ്റ് രോഗങ്ങളുടെ ലക്ഷണമായോ അണുബാധ കാരണമോ വായ്നാറ്റം ഉണ്ടാകാമെന്ന് തിരുവനന്തപുരം, ഗവ. അര്‍ബന്‍ ദന്തല്‍ ക്ലിനിക്കിലെ മോണരോഗവിദഗ്ധന്‍ ഡോ. മണികണ്ഠന്‍ ജി ആര്‍ സമകാലിക മലയാളത്തോട് വിശദീകരിക്കുന്നു.

നിരവധി കാരണങ്ങള്‍ കൊണ്ട് വായ്നാറ്റം ഉണ്ടാകാം. ഈ കാരണങ്ങളെ ഫിസിയോളജിക്കല്‍, പത്തോളജിക്കല്‍ എന്നിങ്ങനെ തിരിക്കാം.

രാവിലെ എഴുന്നേറ്റ ശേഷം ബ്രഷ് ചെയ്യുന്നതു വരെ ചെറിയ രീതിയില്‍ വായ്‌നാറ്റം ഉണ്ടാകാം. കൂടാതെ ഉപവസിക്കുന്ന സമയങ്ങളിലും ചെറിയ തോതില്‍ വായ്‌നാറ്റം വരാം. കൂടാതെ സള്‍ഫര്‍ അടങ്ങിയ ഭക്ഷണം- ഉള്ളി, വെളുത്തുള്ളി, പനീര്‍ പോലുള്ളത് കഴിക്കുമ്പോഴും വായ്നാറ്റം അനുഭവപ്പെടാം. ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ സംഭവിക്കുമ്പോള്‍ ചിലപ്പോഴൊക്കെ വായ്‌നാറ്റം ഉണ്ടാകാം. ഇതൊക്കെ ഫിസിയോളജിക്കലാണ്. അതായത് തല്‍ക്കാലികവും ചികിത്സ ആവശ്യവുമില്ലാത്തതുമാണ്.

Dr.GR-Manikandan bad breath
ഗ്രില്‍ഡ് ചിക്കനും വിഷാദവും; ഓറൽ കാൻസർ വരുന്ന വഴി!

ഏതെങ്കിലും രോഗം മൂലം ഉണ്ടാകുന്ന വായ്നാറ്റമാണ് പത്തോളജിക്കല്‍ വിഭാഗത്തില്‍ വരുന്നത്. ഇത് തന്നെ രണ്ട് തരമുണ്ട്- ഓറല്‍, എക്‌സ്ട്ര ഓറല്‍. 80 ശതമാനം കേസുകളിലും ഓറല്‍ കാരണങ്ങള്‍ കൊണ്ടാണ് വായ്നാറ്റം സംഭവിക്കുന്നത്. ബാക്കിയുള്ള 20 ശതമാനത്തില്‍ 15 ശതമാനവും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ള അസുഖങ്ങള്‍ മൂലമാണ് വായ്നാറ്റം ഉണ്ടാകുന്നത്.

ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍, മൂക്കിന്റെ പാലത്തിന് വളവ്, മൂക്കില്‍ ദശ വളര്‍ച്ച, സൈനസറ്റിസ്, ഗ്യാസ്ട്രിക് പ്രശ്‌നങ്ങള്‍ എന്നിവയുടെ ലക്ഷണമായും വായ്നാറ്റം ഉണ്ടാകാം. ചില പ്രത്യേക അസുഖങ്ങള്‍ക്ക് ചില പ്രത്യേക ഗന്ധം തന്നെ ഉണ്ടാകാം. പ്രമേഹ രോഗികള്‍ക്കാണെങ്കില്‍ പഴം ചീഞ്ഞളിഞ്ഞ പോലുള്ള ഗന്ധം അനുഭവപ്പെടാം. വൃക്ക രോഗമുള്ളവരില്‍ മത്സ്യത്തിന്റെ ഗന്ധം ഉണ്ടാം.

ചുരുക്കം ചില ആളുകളില്‍ സ്യൂഡോ ഹാലിറ്റോസിസ് എന്ന അവസ്ഥയും ഉണ്ടാകാറുണ്ട്. പണ്ട് എപ്പഴോ വായ്‌നാറ്റം ഉണ്ടായിട്ടുണ്ടാകാം. അത് ഇപ്പോഴും ഉണ്ടെന്ന അമിത ചിന്തയാണ് സ്യൂഡോ ഹാലിറ്റോസിസ് എന്ന അവസ്ഥ. ഇത് ദൈനംദിന പ്രവര്‍ത്തനങ്ങളെ വരെ ബാധിക്കാം. ഇതൊരു മാനസിക പ്രശ്‌നമാണ്.

കുടലിലുള്ള ഒരു തരം ബാക്ടീരിയ ഉണ്ട്, ഹെലിക്കോബാക്ടർ പൈലോറി. ഈ ബാക്ടീരിയ അധികമായാലും വായ്‌നാറ്റം ഉണ്ടാകാം. വായ്നാറ്റത്തിന്‍റെ കാരണം അറിഞ്ഞു ചികിത്സിക്കുകയാണ് പ്രധാനം.

മൗത്ത് വാഷും വായ്നാറ്റവും

വായ്നാറ്റം ഉള്ളവര്‍ക്ക് വേണ്ടിയാണെങ്കിലും ആവശ്യത്തിനും അനാവശ്യത്തിനും മൗത്ത് വാഷ് ഉപയോഗിക്കുന്ന നിരവധി ആളുകളുണ്ട്. യഥാര്‍ഥത്തില്‍ മൗത്ത് വാഷ് സ്ഥിരമായി ഉപയോഗിക്കേണ്ടതില്ല. ഡോക്ടറുടെ നിര്‍ദേശപ്രകാരം ഒരു നിശ്ചതിത സമയത്തേക്ക് മാത്രം മൗത്ത് വാഷ് ഉപയോഗിച്ചാല്‍ മതിയാകും.

Dr.GR-Manikandan bad breath
ജെല്‍ പേസ്റ്റ് ബാര്‍ സോപ്പിന് സമം, സോഫ്റ്റ് ടൂത്ത് ബ്രഷ് മോണരോ​ഗമുള്ളവർക്ക്

മൗത്ത് വാഷ് തിരഞ്ഞെടുക്കുമ്പോഴും വേണം ശ്രദ്ധ

മൗത്ത് വാഷ് വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട രണ്ട് പ്രധാന കാര്യങ്ങള്‍

  • ഷുഗര്‍ ഫ്രീ ആയിരിക്കണം

  • ആല്‍ക്കഹോള്‍ ഫ്രീ ആയിരിക്കണം

വായിലുള്ള ഈര്‍പ്പക്കുറവ് അല്ലെങ്കില്‍ നിര്‍ജ്ജലീകരണമാണ് വായ്‌നാറ്റത്തിനുള്ള ഒരു പ്രധാന കാരണം. ആല്‍ക്കഹോള്‍ അടങ്ങിയ മൗത്ത് വാഷ് വായിലെ ഈര്‍പ്പത്തെ വീണ്ടും കുറയ്ക്കുന്നു. അത് വായ്നാറ്റം വര്‍ധിപ്പിക്കും.

മൗത്ത് വാഷ് സ്ഥിരമായി ഉപയോഗിക്കുന്നത് പല്ലുകളില്‍ കറയുണ്ടാകാനും നാവിലെ ടേയ്സ്റ്റ് ബഡുകള്‍ നശിച്ചു പോകാനും കാരണമാകും.

Summary

Oral Health: how to reduce Bad breath and its causes

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com