ഗർഭിണികൾ പാരസെറ്റമോൾ കഴിക്കുമ്പോൾ സൂക്ഷിക്കണം, കുഞ്ഞിന് എഡിഎച്ച്ഡി, ഓട്ടിസം ഉണ്ടാകാനുള്ള സാധ്യത കൂടുതലെന്ന് പഠനം
ഓട്ടിസം, എഡിഎച്ച്ഡി തുടങ്ങിയ നാഡീ വികസന വൈകല്യങ്ങൾ ഉള്ള കുട്ടികളുടെ എണ്ണം ഇന്ന് വലിയ തോതിൽ വർധിച്ചുവരികയാണ്. പല ഘടകങ്ങൾ ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും ഗർഭകാലത്ത് അമ്മമാർ പാരസെറ്റമോൾ കഴിക്കുന്നത് കുഞ്ഞിന് ഓട്ടിസം, ശ്രദ്ധക്കുറവ്, ഹൈപ്പർ ആക്റ്റിവിറ്റി ഡിസോർഡർ തുടങ്ങിയ നാഡീ സംബന്ധ വൈകല്യങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് ബയോമെഡ് സെൻട്രലിൽ പ്രസിദ്ധീകരിച്ച പുതിയ പഠനത്തിൽ വ്യക്തമാക്കുന്നു.
ഗർഭിണികൾക്ക് പാരസെറ്റമോൾ മരുന്നുകൾ പൊതുരെ സുരക്ഷിതമെന്നാണ് കണക്കാക്കുന്നത്. ഗർഭകാലത്ത് തലവേദന, പനി, വേദന എന്നിവ കൈകാര്യം ചെയ്യുന്നതിന് പാരസെറ്റമോൾ അഥവാ അസറ്റാമിനോഫെൻ ഉപയോഗിക്കാറുണ്ട്. എന്നാൽ പ്രസവത്തിന് മുൻപുള്ള അസറ്റാമിനോഫെൻ ഉപയോഗം ഓട്ടിസത്തിന്റെയും എഡിഎച്ച്ഡിയുടെയും അപകടസാധ്യതകളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് യുഎസിലെ മൗണ്ട് സിനായിലെ ഇക്കാൻ സ്കൂൾ ഓഫ് മെഡിസിനിലെ ഗവേഷകരുടെ പഠനത്തിൽ പറഞ്ഞു.
ഒന്നിലധികം രാജ്യങ്ങളിലായി ഒരു ലക്ഷത്തിലധികം പേർ പങ്കെടുത്ത 46 പഠനങ്ങളെ ഗവേഷകർ വിശകലനം ചെയ്ത പുതിയ പഠനമാണ് പുറത്തു വന്നിരിക്കുന്നത്. പാരസെറ്റമോൾ ഗർഭിണികളിൽ പ്ലാസന്റൽ പാളിക്കുള്ളിലേക്ക് കടക്കുകയും ഇത് ഓക്സിഡേറ്റീവ് സമ്മർദത്തിന് കാരണമാകുകയും ഹോർമോണുകളെ തടസ്സപ്പെടുത്തുകയും കുഞ്ഞിന്റെ മസ്തിഷ്ക വികാസത്തെ തടസ്സപ്പെടുത്തുന്ന എപ്പിജെനെറ്റിക് (ജീൻ സ്വഭാവം നിരീക്ഷിക്കാവുന്ന സ്വഭാവവിശേഷങ്ങൾക്ക് കാരണമാകുന്നു) മാറ്റങ്ങൾക്ക് കാരണമാവുകയും ചെയ്തേക്കാം എന്ന് ഗവേഷകർ വിശദീകരിച്ചു.
ഓട്ടിസം, എഡിഎച്ച്ഡി കേസുകളുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യത്തിൽ ഈ കണ്ടെത്തൽ കാര്യമായ സ്വാധീനം ചെലുത്തുന്നുവെന്ന് ഗവേഷകർ പറയുന്നു. പാരസെറ്റമോൾ കുട്ടികളിൽ നേരിട്ട് നാഡീ വികാസ വൈകല്യങ്ങൾക്ക് കാരണമാകുമെന്ന് പഠനം കാണിക്കുന്നില്ലെങ്കിലും പഠനത്തിൽ നിന്നുള്ള തെളിവുകൾ ഈ ബന്ധത്തെ ശക്തിപ്പെടുത്തുകയും നിലവിലെ ക്ലിനിക്കൽ രീതികളെക്കുറിച്ച് ആശങ്കകൾ ഉയർത്തുകയും ചെയ്യുന്നുവെന്ന് ഗവേൽകർ കൂട്ടിച്ചേർത്തു.
ഗർഭിണികൾ കൃത്യമായ മെഡിക്കൽ മേൽനോട്ടത്തിൽ ജാഗ്രതയോടെയും സമയപരിമിതിയോടെയും ആയിരിക്കണം പാരസെറ്റമോൾ ഉപയോഗിക്കേണ്ടതെന്നും ഗവേഷകർ നിർദേശിക്കുന്നു. കണ്ടെത്തലുകൾ സ്ഥിരീകരിക്കുന്നതിന് കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും ഗവേഷകർ പറയുന്നു.
Study says taking paracetamol during pregnancy may lead to neurodevelopmental disorders in newborns
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


