

വർക്ക്ഔട്ട് ചെയ്യുന്നതിന് മുൻപ് കഴിക്കുന്ന ഭക്ഷണമാണ് പ്രീ-വർക്ക്ഔട്ട് ഫുഡ്. പ്രീ-വർക്ക്ഔട്ട് ഫുഡ് കഴിക്കാതെ രാവിലെ വെറും വയറ്റിൽ ജിമ്മിൽ പോയി വർക്ക്ഔട്ട് ചെയ്യാൻ മുതിർന്നാൽ ആരോഗ്യത്തിന് പണിയാകും. വ്യായാമം ചെയ്യുന്നതിന് മുൻപ് എന്തു കഴിക്കുന്നുവെന്നത്, വർക്ക്ഔട്ട് ചെയ്യുമ്പോഴുള്ള ഊർജ്ജം, പ്രകടനം, ക്ഷീണം, പേശികളുടെ പ്രവർത്തനം, വ്യായാമത്തിന് ശേഷമുള്ള വീണ്ടെടുപ്പ് എന്നിവയെ എല്ലാം ബാധിക്കാം. പ്രത്യേകിച്ച് തീവ്രമായ വ്യായാമങ്ങൾ ചെയ്യുമ്പോൾ.
വ്യായാമത്തിനിടെ ശരീരം പ്രധാനമായും ഊർജ്ജത്തിനായി ഗ്ലൂക്കോസും ശരീരത്തിൽ സംഭരിച്ചിരിക്കുന്ന ഗ്ലൈക്കോജനുമാണ് ഉപയോഗിക്കുന്നത്. വ്യായാമത്തിന് മുമ്പ് ശരിയായ അളവിൽ കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ശരീരത്തിന് ആവശ്യമായ ഊർജം ലഭിക്കാൻ സഹായിക്കും.
പ്രീ-വർക്ക്ഔട്ട് ഭക്ഷണമായി കഴിക്കാവുന്ന ഏറ്റവും ലളിതമായ ഭക്ഷണമാണ് ഏത്തപ്പഴം അല്ലെങ്കിൽ നേന്ത്രപ്പഴം. ഇതിൽ കാർബോഹൈഡ്രേറ്റും പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. പെട്ടെന്ന് ഊർജം ആവശ്യമുള്ളപ്പോൾ ഒരു നേന്ത്രപ്പഴം നല്ലൊരു ഓപ്ഷനാണ്. വർക്ക്ഔട്ട് ഏകദേശം 30-60 മിനിറ്റ് മുമ്പ് കഴിക്കുന്നതാണ് നല്ലത്.
ഓട്സ് സങ്കീർണ്ണ കാർബോഹൈഡ്രേറ്റിന്റെ നല്ല ഉറവിടമാണ്. ഇത് പതുക്കെ ദഹിക്കുന്നതിനാൽ കൂടുതൽ സമയം ഊർജം ലഭിക്കാൻ സഹായിക്കും. ഓട്സിനൊപ്പം ചെറിയ അളവിൽ പഴങ്ങളും തൈരും അല്ലെങ്കിൽ പാലും ചേർക്കാം.
ഹോൾ-ഗ്രെയിൻ ബ്രെഡിൽ കാർബോഹൈഡ്രേറ്റിനൊപ്പം ഫൈബറും ലഭിക്കും. വർക്ക്ഔട്ടിന് ഒന്നോ രണ്ടോ മണിക്കൂർ മുമ്പ് ചെറിയ അളവിൽ കഴിക്കാം. എന്നാൽ വ്യായാമത്തിന് തൊട്ടുമുമ്പ് വളരെ അധികം ഫൈബർ കഴിക്കുന്നത് ചിലർക്ക് വയറുവേദനയോ അസ്വസ്ഥതയോ ഉണ്ടാക്കാം.
മധുരക്കിഴങ്ങ് കാർബോഹൈഡ്രേറ്റിൻ്റെ നല്ല ഉറവിടമാണ്. ദൈർഘ്യമേറിയ വ്യായാമത്തിന് മുമ്പ് ഇത് ഉൾപ്പെടുത്താം. വേവിച്ച മധുരക്കിഴങ്ങ് ചെറിയ അളവിൽ കഴിക്കുന്നത് നല്ലൊരു ഓപ്ഷനാണ്.
വാഴപ്പഴത്തിന് പുറമെ ആപ്പിൾ, ഓറഞ്ച്, മുന്തിരി, ബെറികൾ തുടങ്ങിയ പഴങ്ങളും പ്രീ-വർക്കൗട്ട് ഭക്ഷണത്തിന്റെ ഭാഗമായി കഴിക്കാം. വർക്കൗട്ടിന് തൊട്ടുമുമ്പാണെങ്കിൽ എളുപ്പത്തിൽ ദഹിക്കുന്ന പഴങ്ങൾ ചെറിയ അളവിൽ തിരഞ്ഞെടുക്കുന്നതാണ് നല്ലത്.
തൈരിൽ പ്രോട്ടീനും കാർബോഹൈഡ്രേറ്റും ലഭിക്കും. പഴങ്ങളോടൊപ്പം പ്രീ വർക്ക്ഔട്ട് ഭക്ഷണമായി കഴിക്കുന്നത് നല്ലതാണ്. എന്നാൽ പാലുൽപ്പന്നങ്ങൾ കഴിക്കുമ്പോൾ വയറുവേദനയോ ഗ്യാസ് പ്രശ്നങ്ങളോ ഉണ്ടാകുന്നവർ വ്യായാമത്തിന് മുമ്പ് അവ ഒഴിവാക്കുന്നതാണ് നല്ലത്.
മുട്ട ഉയർന്ന നിലവാരമുള്ള പ്രോട്ടീൻ അടങ്ങിയതാണ്. എന്നാൽ വ്യായാമത്തിന് തൊട്ടുമുമ്പ് ധാരാളം മുട്ട കഴിക്കുന്നത് എല്ലാവർക്കും നല്ലതായിരിക്കില്ല. വർക്ക്ഔട്ടിന് ഒന്നോ രണ്ടോ മണിക്കൂർ മുൻപ് മുട്ടയും ടോസ്റ്റും പരീക്ഷിക്കാവുന്നതാണ്.
വ്യായാമത്തിന് തൊട്ടുമുമ്പ് വറുത്ത ഭക്ഷണങ്ങൾ, ഫ്രൈഡ് ചിക്കൻ, പൂരി, ബർഗർ, വളരെ അധികം നെയ്യോ എണ്ണയോ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ദഹനം മന്ദഗതിയിലാക്കാം.
പച്ചക്കറികളും മുഴുവൻ ധാന്യങ്ങളും ആരോഗ്യകരമാണെങ്കിലും വ്യായാമത്തിന് തൊട്ടുമുമ്പ് വളരെ അധികം ഫൈബർ കഴിക്കുന്നത് ചിലരിൽ വയറുവീക്കം, ഗ്യാസ് തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാക്കാം.
ഭക്ഷണത്തോടൊപ്പം ജലാംശവും വളരെ പ്രധാനമാണ്. വ്യായാമത്തിന് മുമ്പ് ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ഡീഹൈഡ്രേഷൻ ഒഴിവാക്കാൻ സഹായിക്കും. ദീർഘനേരം കഠിനമായ വ്യായാമം ചെയ്യുന്നവർക്ക് വിയർപ്പിലൂടെ നഷ്ടപ്പെടുന്ന ഇലക്ട്രോലൈറ്റുകളും പരിഗണിക്കേണ്ടി വരാം.
പ്രീ-വർക്കൗട്ട് ഭക്ഷണത്തിന് ഒറ്റ മികച്ച ഭക്ഷണം എന്നൊന്നില്ല. ഒരാൾക്ക് അനുയോജ്യമായ ഭക്ഷണം മറ്റൊരാൾക്ക് വയറുവേദനയോ അസ്വസ്ഥതയോ ഉണ്ടാക്കാം. അതിനാൽ സ്വന്തം ശരീരത്തിന് അനുയോജ്യമായ ഭക്ഷണവും അളവും സമയവും കണ്ടെത്തുകയാണ് പ്രധാനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates