

പ്രായമാകുന്നതിന്റെ സൂചനയായാണ് പൊതുവെ തലയിലെ നരച്ച മുടിയെ കണക്കാക്കുന്നത്. പ്രായം മറയ്ക്കാൻ ആളുകൾ നരച്ച മുടി കറുപ്പിക്കുന്നതും പതിവാണ്. ചിലരിൽ അകാലനര പ്രത്യക്ഷപ്പെടാറുണ്ട്, അതായത് ചെറുപ്രായത്തിൽ തന്നെ മുടി നരച്ചു തുടങ്ങുന്നു. എന്നാൽ മുടിയുടെ സ്വാഭാവികത നിലനിർത്തി നരച്ച മുടി ഡൈ ചെയ്യാതെ ജീവിതത്തിൽ വളരെ സന്തോഷത്തോടെ മുന്നോട്ടു പോവുന്ന ഒരു വിഭാഗവുമുണ്ട്.
അലസർ, വൃത്തിയില്ലാത്തവർ, ലുക്സിനെ കുറിച്ച് ചിന്തിക്കാത്തവർ എന്നൊക്കെ ചിലരെങ്കിലും അവരെ കുറിച്ച് പറയാറുണ്ട്. എന്നാൽ ഇക്കൂട്ടരെ കുറിച്ച് മനഃശാസ്ത്രജ്ഞർ പറയുന്നത് അൽപം വ്യത്യസ്തമായാണ്. ബാഹ്യസമ്മർദങ്ങളെക്കാൾ വ്യക്തിഗത മൂല്യങ്ങൾക്ക് പ്രാധാന്യം നൽകി തുടങ്ങുമ്പോൾ നമ്മൾ നമ്മുടെ സ്വാഭാവികതയെ കൂടുതൽ ഇഷ്ടപ്പെടുകയും അത് ആസ്വദിക്കുകയും ചെയ്യുന്നു. പ്രമുഖ മനഃശാസ്ത്രജ്ഞനായ എഡ്വേർഡ് ഡെസിയും റിച്ചാർഡ് റയാനും വികസിപ്പിച്ചെടുത്ത സ്വയം നിർണ്ണയ സിദ്ധാന്തത്തിൽ, സ്വയം അധികാരം എന്നത് ബാഹ്യ സമ്മർദത്തെക്കാൾ വ്യക്തിഗത മൂല്യങ്ങളെ അടിസ്ഥാനമാക്കി തീരുമാനങ്ങൾ എടുക്കുന്നതാണ്.
ആളുകൾ എന്ത് ചിന്തിക്കും എന്നതിൽ നിന്ന് എനിക്ക് എന്താണ് ശരിയായി തോന്നുന്നത് എന്ന് ചോദിക്കാൻ തുടങ്ങുന്നു. തീരുമാനം സാമൂഹിക പ്രതീക്ഷകളിൽ നിന്ന് വ്യക്തിഗത ഇഷ്ടങ്ങളിലേക്ക് മാറുന്നു. ആളുകൾ അവരുടെ യഥാർത്ഥ വ്യക്തിത്വവുമായി കൂടുതൽ സുഖമായിരിക്കുന്നു. ചില വ്യക്തികൾക്ക്, ചെറുപ്പമായി കാണപ്പെടാനുള്ള നിരന്തരമായ ശ്രമം വൈകാരികമായ ക്ഷീണമുണ്ടാക്കാറുണ്ട്. ഗ്രേ ഹെയർ നിലനിർത്താൻ തീരുമാനിക്കുന്നതോടെ ആ പിരിമുറുക്കം കുറയുന്നു. അവർ അവരായിരിക്കുന്നതുപോലെ തന്നെ സ്വയം അവതരിപ്പിക്കുന്നു.
ലോറ കാർസ്റ്റൻസൻ അവതരിപ്പിച്ച സാമൂഹിക-വൈകാരിക തിരഞ്ഞെടുപ്പ് സിദ്ധാന്തവും പ്രധാനപ്പെട്ടതാണ്. പ്രായം കൂടുമ്പോൾ, ആളുകൾക്ക് അവരുടെ മുൻഗണനകൾ മാറുന്നു എന്നാണിതിൽ വിശദീകരിക്കുന്നത്. ബാഹ്യ അംഗീകാരത്തിനായി ഓടുന്നതിന് പകരം, അവർ വൈകാരികമായി അർത്ഥവത്തായ അനുഭവങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങും. ഊർജ്ജവും സമയവുമെല്ലാം കൂടുതൽ വിലപ്പെട്ടതായി മാറുന്നു.
മുടിക്ക് നിറം നൽകുന്നതും നൽകാത്തതും വ്യക്തിപരമായ തീരുമാനങ്ങളാണ്. രണ്ട് തിരഞ്ഞെടുപ്പുകളും ആരോഗ്യകരം തന്നെ, പക്ഷേ, ഇത് ചെയ്യുന്നത് തനിക്ക് വേണ്ടിയാണോ അതോ താൻ നിർബന്ധിതയായതുകൊണ്ടാണോ എന്നതിലാണ് കാര്യം. നരച്ച മുടി നിലനിർത്താമെന്ന് തിരഞ്ഞെടുക്കുന്ന പല മുതിർന്നവർക്കും കൂടുതൽ ആത്മവിശ്വാസം തോന്നുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു.
മാറ്റത്തെ പ്രതിരോധിക്കുന്നതിന് പകരം, അത് അംഗീകരിക്കുന്നതിൽ നിന്നാണ് ആത്മവിശ്വാസം വരുന്നത്. സാമൂഹിക സമ്മർദത്തിൽ നിന്നല്ല, വ്യക്തിപരമായ മൂല്യങ്ങളിൽ നിന്ന് തീരുമാനങ്ങൾ വരുമ്പോഴാണ് മാനസികക്ഷേമമുണ്ടാകുന്നതെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ചെറുപ്പമായി കാണുന്നതിൽ നിന്ന് എപ്പോഴും ആത്മവിശ്വാസം വരണമെന്നുമില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates