

അമിതവണ്ണം മൂലം ഏറെ മാനസിക ബുദ്ധിമുട്ടുകള്‍ ജീവിതത്തില്‍ നേരിട്ടുണ്ടെന്ന് ബോളിവുഡ് താരം സാറാ അലി ഖാന്‍. 2018-ല്‍ കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത 'കേദാര്‍നാഥ്' എന്ന ചിത്രത്തിലൂടെയായിരുന്നു സാറയുടെ ബോളിവുഡ് അരങ്ങേറ്റം. അന്ന് തനിക്ക് ഏകദേശം 91 കിലോ ഭാരമുണ്ടായിരുന്നു, സിനിമയ്ക്ക് വേണ്ടി 45 കിലോയാണ് കുറച്ചതെന്നും സാറ രണ്‍വീര്‍ അല്ലാബാഡിയുടെ പോഡ്കാസ്റ്റിൽ പറഞ്ഞു.
ഭക്ഷണരീതി മാത്രമായിരുന്നില്ല അമിതശരീരഭാരത്തിന് പിന്നില്‍, ഗുരുതര ഹോര്‍മോണ്‍ പ്രശ്നങ്ങളും താന്‍ നേരിട്ടിരുന്നുവെന്ന് സാറ വെളിപ്പെടുത്തി. സിനിമയില്‍ അഭിനയിക്കാന്‍ ശരീരഭാരം പകുതിയായി കുറയ്ക്കണമെന്ന കരണ്‍ ജോഹറിന്‍റെ നിര്‍ദേശമാണ് ഫിറ്റ്നസ് യാത്രയ്ക്ക് പ്രചോദനമായത്. കൂടാതെ അമ്മ അമൃത സിങ്ങിന്‍റെ ജീവിതവും ലക്ഷ്യം കണ്ടെത്താന്‍ സഹായിച്ചുവെന്നും താരം പറയുന്നു.
തന്‍റെ അമിതവണ്ണത്തിന് പിന്നില്‍ പിസിഒഡിക്ക് വലിയൊരു പങ്കുണ്ടെന്ന് സാറ പറയുന്നു. പല ഘട്ടങ്ങളിലും പിസിഒഡി തന്നെ മാനസികമായും ശാരീരികമായും തകര്‍ത്തു. രോഗാവസ്ഥ മൂലം കടുത്ത ക്ഷീണവും ഉത്കണ്ഠയും നേരിട്ടിരുന്നു. ശരീരഭാരവും ചര്‍മ പ്രശ്നങ്ങളും മാത്രമല്ല, പിസിഒഡി ഊര്‍ജ്ജ നിലകളെയും മാനസികാവസ്ഥയെയും ആത്മവിശ്വാസത്തെയും പോലും ബാധിക്കും. നിങ്ങളുടെ ശരീരം മികച്ചതായി തോന്നുന്നില്ലെങ്കില്‍, അത് നിങ്ങളുടെ മനസ്സിനെയും ബാധിക്കുക സ്വാഭാവികമാണെന്നും സാറ വ്യക്തമാക്കി.
ഡയറ്റില്‍ കാര്യമായി പല മാറ്റങ്ങളും ആദ്യ ഘട്ടത്തില്‍ തന്നെ കൊണ്ട് വന്നു. ജങ്ക് ഫുഡ്, റിഫൈന്‍ഡ് ഷുഗര്‍, സംസ്‌കരിച്ച കാര്‍ബോഹൈഡ്രേറ്റുകള്‍ എന്നിവ പൂര്‍ണ്ണമായും ഒഴിവാക്കി. ഇതുകൂടാതെ സൈക്ലിംഗ്, ഓട്ടം, പൈലേറ്റ്‌സ് തുടങ്ങിയ കാര്‍ഡിയോ വ്യായാമങ്ങള്‍ ഉള്‍പ്പെടുന്ന തീവ്രമായ ഫിറ്റ്‌നസ് ദിനചര്യയും ശക്തി പരിശീലനവും പ്രവര്‍ത്തന വ്യായാമങ്ങളും പിന്തുടർന്നിരുന്നു.
വ്യായാമം ചെയ്യുന്നതിലെ മടുപ്പ് ഒഴിവാക്കാന്‍ നിലനിര്‍ത്താന്‍ യോഗയും നൃത്തവും പരിശീലിച്ചു. ഇത്തരത്തിൽ അച്ചടക്കത്തോടെയുള്ള വ്യായാമവും ഭക്ഷണക്രമവും പ്രൊഫഷണല്‍ മാര്‍ഗനിര്‍ദേശവും തന്നെ സഹായിച്ചതായി സാറ പിങ്ക് വില്ലയ്ക്ക് നല്‍കിയ മറ്റൊരു അഭിമുഖത്തില്‍ വെളിപ്പെടുത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates