

ചില ഭക്ഷണങ്ങൾ വായിലെ അർബുദ സാധ്യത വർധിപ്പിക്കാമെന്ന് അമേരിക്കൻ ഗവേഷകർ നടത്തിയ പുതിയ പഠനം. പുകവലി, പുകയില ഉൽപന്നങ്ങൾ, മദ്യപാനം തുടങ്ങിയ ഘടകങ്ങളാണ് പൊതുവെ ഓറൽ കാൻസറുമായി ബന്ധപ്പെട്ട് കേൾക്കാറ്. എന്നാൽ യുഎസ്സിലെ മേരിലാൻഡ് സ്കൂൾ ഓഫ് മെഡിസിനിൽ നിന്നുള്ള ഗവേഷകർ നടത്തിയ പഠനത്തിൽ നമ്മൾ കഴിക്കുന്ന ചില ഭക്ഷണങ്ങൾ ഓറൽ കാൻസർ വികസിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുമെന്ന് കണ്ടെത്തി.
ശരീരത്തിന് വീക്കം അഥവാ ഇൻഫ്ലമെഷൻ ഉണ്ടാക്കുന്ന ഭക്ഷണങ്ങളാണ് വില്ലന്മാർ. അതിൽ പ്രധാനം ബേക്കൺ, ഹോട്ട് ഡോഗ്, സോസേജ് പോലുള്ള സംസ്കരിച്ച മാംസങ്ങളാണെന്ന് പഠനത്തിൽ വിശദീകരിക്കുന്നു. സംസ്കരിച്ച മാംസങ്ങളെ അർബുദത്തിന് കാരണമാകുന്ന ഗ്രൂപ്പ് 1 പട്ടികയിലാണ് പെടുത്തിയിരിക്കുന്നത്. സംസ്കരിച്ച മാംസങ്ങളെ കേടുകൂടാതെ സൂക്ഷിക്കാൻ കെമിക്കലുകളായ നൈട്രേറ്റുകളും നൈട്രൈറ്റുകളും അർബുദ സാധ്യത വർധിപ്പിക്കുമെന്ന് ഗവേഷകർ പറയുന്നു.
അതുപോലെ ഉയർന്ന ചൂടിൽ പാകം ചെയ്യുന്ന അല്ലെങ്കിൽ ഗ്രിൽ ചെയ്തു മാംസത്തിന്റെ കരിഞ്ഞ ഭാഗം കഴിക്കുന്നതും അപകടമാണ്. മാംസം ഉയർന്ന ചൂടിൽ പാകം ചെയ്യുമ്പോൾ പോളിസൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാർബണുകൾ (PAHs), ഹെറ്ററോസൈക്ലിക് ആരോമാറ്റിക് അമിനുകൾ (HAAs) പോലുള്ള രാസവസ്തുക്കൾ ഉത്പാദിപ്പിക്കപ്പെടുന്നു. ഇത് ശരീരത്തിലെ കോശങ്ങളിലെ ഡിഎൻഎയിൽ കേടുപാടുകൾ വരുത്താനും കാൻസർ സാധ്യത വർധിപ്പിക്കുകയും ചെയ്യും.
അമിതമായി സംസ്കരിച്ച മാംസങ്ങൾ നിരന്തരം കഴിക്കുന്നത് വിട്ടുമാറാത്ത വീക്കത്തിന് കാരണമാകുമെന്ന് ഗവേഷകർ പറയുന്നു. ഇത്തരം ഭക്ഷണം വായിൽ സ്ഥിരമായ വീക്കത്തിന് കാരണമാവുകയും കാലക്രമേണ തകരാറിലായ കോശങ്ങളെ നന്നാക്കാനുള്ള ശരീരത്തിൻ്റെ കഴിവ് കുറയ്ക്കുകയും ചെയ്യുമെന്ന് ഗവേഷകർ വ്യക്തമാക്കുന്നു.
അനാരോഗ്യകരമായ ഭക്ഷണക്രമം മൊത്തത്തിലുള്ള ഓറൽ ഹെൽത്തിനെ നിലനിർത്താൻ സഹായിക്കുന്ന സ്വാഭാവിക ബാക്ടീരിയകളെ നശിപ്പിക്കും. ഇത് വീക്കത്തിനും അർബുദ സാധ്യതയും വർധിപ്പിക്കും. പഴങ്ങൾ പച്ചക്കറികൾ, പോഷകസമ്പന്നമായ ഭക്ഷണങ്ങൾ എന്നിവ അടങ്ങിയ സമീകൃത ആഹാരം കഴിക്കുന്നതിലൂടെ ഓറൽ ഹെൽത്ത് മെച്ചപ്പെടുത്താൻ സഹായിക്കുമെന്നും ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.
വായിലെ കോശങ്ങൾ അനിയന്ത്രിതമായി വിഭജിച്ച്, പ്രത്യേകിച്ച് സ്ക്വാമസ് സെൽസ് വളരുന്നതാണ് ഓറൽ കാൻസർ. ചുണ്ടു മുതൽ ടോൺസിൽ (തൊണ്ടയുടെ ഭാഗം) വരെയുള്ള ഭാഗങ്ങളിലോ ഉള്ളതും ഓറൽ കാൻസറായാണ് അറിയപ്പെടുന്നത്.
പലപ്പോഴും, രോഗത്തിന്റെ ആദ്യകാല ലക്ഷണങ്ങളായ ചെറിയ വായ്പുണ്ണ്, ചെറിയ വേദന, ഉണങ്ങാത്ത മുറിവ് എന്നിവരെ പലരും അവഗണിക്കാറാണ് പതിവ്. വായിൽ ഉണ്ടാകുന്ന മുറിവുകളും പാടുകളും സാധാരണ സംഭവമാണ്. എന്നാൽ, ഇത്തരം വിഷയങ്ങൾ ഗുരുതര രോഗങ്ങളുടെ സൂചനയാകാം എന്നും നാം തിരിച്ചറിയേണ്ടതുണ്ട്. രണ്ടാഴ്ച കഴിഞ്ഞും ഈ പാടുകളും മുറിവും തുടരുകയാണെങ്കിൽ ഉടൻ വൈദ്യസഹായം തേടണം.
മൂന്ന് ആഴ്ച ഉണങ്ങാത്ത വായിലെ പുണ്ണ്.
വായ തുറക്കാൻ പ്രയാസം അനുഭവപ്പെടുക
വെള്ളയോ ചുവന്നതോ രണ്ടും കൂടിയതോ ആയ മാറ്റങ്ങൾ നാവിലോ മോണയിലോ കവിളിലോ കാണുക.
പല്ലുകൾ ഇളകുക
അകാരണമായി ശരീരഭാരം കുറയുക
ഏതെങ്കിലും രീതിയിലുള്ള മുഴ കഴുത്തിൽ കാണുക.
വായിലോ താടിയെല്ലിന്റെ ഭാഗത്തോ വേദന അനുഭവപ്പെടുക.
ഭക്ഷണം ചവക്കാനോ ഇറക്കാനോ ഉള്ള ബുദ്ധിമുട്ട്
വായയുടെ ഏതെങ്കിലും ഭാഗത്ത് തടിപ്പോ മുഴയോ കല്ലിപ്പോ കാണുക
വായിൽനിന്നും അകാരണമായ രക്തസ്രാവം
ശബ്ദത്തിലുള്ള വ്യതിയാനം
പുകയില, മദ്യപാനം എന്നിവ പൂർണമായും ഒഴിവാക്കുക.
സമീകൃത ആഹാരം ശീലിക്കുക, പച്ചക്കറികളും പഴങ്ങളും ധാരാളം ചേർക്കുക.
എല്ലാ ആറുമാസം കൂടുംതോറും ഡോക്ടറെ കാണുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates