

നമ്മളറിയാതെ തന്നെ നമ്മെ ബാധിക്കുകയും നമ്മളെ രോഗാവസ്ഥയിലേക്ക് തള്ളിവിടുകയും ചെയ്യുന്നതാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം. തൊഴിലിടങ്ങളിലെ മാനസികസംഘര്‍ഷം, പൊതു ഇടങ്ങളിലെ ശബ്ദശല്യം, അപകടകരമായ തൊഴില്‍സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്നത്, സഹപ്രവര്‍ത്തകരുടെ പെരുമാറ്റം തുടങ്ങിയവയെല്ലാം ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിലേക്ക് നയിക്കാം.
ഇതൊക്കെയും ഒരിക്കലും നമുക്ക് ഒഴിവാക്കാന്‍ കഴിയുന്ന സാഹചര്യങ്ങളല്ല. ചിലപ്പോള്‍ ഗ്യഹാന്തരീക്ഷം തന്നെ രക്തസമ്മർദ്ദം കൂടാന്‍ കാരണമായേക്കാം. 120 മില്ലീമീറ്റര്‍ വരെയാണ് നോര്‍മല്‍ ബ്ലഡ് പ്രഷർ ആയി നമ്മള്‍ മനസിലാക്കിയിരിക്കുന്നതെങ്കിലും 120 മില്ലീമീറ്റര്‍ മുതല്‍ക്കേ നമ്മള്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെ റെഡ് സോണില്‍ കടന്നതായി കണക്കാക്കാം.
ഇനി സൂക്ഷിച്ചില്ലെങ്കില്‍ അത് 150-ലേക്കോ 170-ലേക്കോ ചാടാന്‍ ചെറിയൊരു ദേഷ്യം വരല്‍ മതിയാവും. ഈ ഉയര്‍ന്ന രക്തസമ്മർദ്ദം ഇങ്ങനെ തുടര്‍ച്ചയായി നിലനില്‍ക്കുന്നത് പതിയെ പതിയെ ശരീരത്തെ പല രോഗാവസ്ഥകളിലേക്കും തള്ളിവിടാം. ഹ്യദയാഘാതം, വ്യക്കരോഗങ്ങള്‍, പക്ഷാഘാതം (സ്‌ട്രോക്ക്) എന്നിവയാണ് ഇവയില്‍ സാധാരണം. ഇവയെല്ലാം തന്നെ അവിചാരിതമായ ആപത്തുകള്‍, മരണം തന്നെയും ക്ഷണിച്ചുവരുത്തുന്നതാണ്. അതുകാണ്ടാണ് ഉയര്‍ന്ന രക്‌സമ്മര്‍ദ്ദത്തെ ഒരു ‘നിശബ്ദ കൊലയാളി’ എന്ന് വിശേഷിപ്പിക്കുന്നത്.
രാവിലെ ഉണര്‍ന്നെഴുന്നേൽക്കുന്ന ഒരാളിന് രക്തസമ്മര്‍ദ്ദം അല്‍പ്പം കൂടുതലായിരിക്കും. കിടക്കയില്‍ നിന്നും എഴുന്നേൽക്കുന്ന ആളിനെ ദൈനംദിന ചലനങ്ങള്‍ക്ക് തയ്യാറാക്കാന്‍ അല്പം പ്രഷര്‍ ആവശ്യമാണ്. കുറച്ച് നടക്കുകയോ വീടിന് പുറത്തിറങ്ങി പൂന്തോട്ടത്തില്‍ ഉലാത്തുകയോ പ്രഭാതസവാരിയിലേര്‍പ്പെടുകയോ ചെയ്താല്‍ ഇത് പതുക്കെ കുറയും.
എന്നാല്‍ ചായയോ കാപ്പിയോ കുടിച്ചാല്‍ വീണ്ടും പ്രഷര്‍ കുടും. കാപ്പിയിലും തേയിലയിലുമുള്ള കഫീന്‍ കാരണമാണ് ഇത് സംഭവിക്കുന്നത്. ഇത് അല്‍പ്പം ഉണര്‍വും ഉന്‍മേഷവും നല്‍കുന്നു. ചായയിലും കാപ്പിയിലുമുള്ള പഞ്ചസാരയും അല്‍പ്പം ഊര്‍ജ്ജം ഉടനടി ലഭിക്കുന്നതിന് കാരണമാവുന്നു. എങ്കിലും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉള്ളതായി പരിശോധനയിലൂടെ തിരിച്ചറിയപ്പെട്ട ഒരാള്‍ പ്രഷര്‍ പിന്നേയും കൂടാതിരിക്കാന്‍ സഹായിക്കുന്ന പാനീയങ്ങള്‍ ശീലമാക്കുന്നതാണ് നല്ലത്. ഇക്കാര്യത്തില്‍ നമുക്ക് ഏറ്റവും എളുപ്പത്തില്‍ തയ്യാറാക്കാനും ഉപയോഗിക്കാനും കഴിയുന്ന ഒരു ‘ചായ’യെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്:
‘ചായ’ എന്നാണ് പറയുന്നതെങ്കിലും ഇതില്‍ തേയില ചേര്‍ക്കുന്നില്ല. അതുകൊണ്ട് കഫീന്‍ ചേരുന്നുമില്ല. ഇത് കുടിക്കുന്നതിനായി പ്രത്യേകിച്ച് സമയമൊന്നുമില്ല. എങ്കിലും അതിരാവിലെ വെറുംവയറ്റില്‍ കഴിക്കുന്നതാണ് കൂടുതല്‍ ഗുണകരം. വൈകുന്നേരത്തെ ചായ സമയത്ത് ചായക്ക് പകരം ഇത് പരീക്ഷിക്കാം.
എന്നാല്‍ ഒന്നോ രണ്ടോ ദിവസം കുടിച്ചതുകൊണ്ട് ഫലമുണ്ടാവണമെന്നില്ല. സ്ഥിരമായി കഴിക്കുന്നതിലൂടെയാണ് തഴുതാമ ചായ ഗുണം ചെയ്യുക. ഇതുണ്ടാക്കുന്നതിനായി നമുക്ക് വേണ്ടത് തഴുതാമ എന്ന ഔഷധസസ്യത്തിന്റെ കുറച്ച് ഇലകളും തണ്ടുമാണ്. ഒരുകാലത്ത് നാട്ടിന്‍പുറങ്ങളില്‍ വളരെ സാധാരണമായിരുന്ന ഒരു ചെടിയാണിത്.
നീര്‍വാര്‍ച്ചയുള്ള മണ്ണില്‍ വളരുന്നതിനാല്‍ ഇത് വേനല്‍ക്കാലത്ത് ഉണങ്ങിപ്പോവുമെങ്കിലും മഴക്കാലത്ത് നന്നായി തളിര്‍ത്ത് വരും. ഇന്നത്തെ കാലത്ത് വീട്ടുപരിസരത്ത് നിന്നും ഇത് കിട്ടുന്നത് ബുദ്ധിമുട്ടാകയാല്‍ അങ്ങാടിക്കടയില്‍ നിന്നും വാങ്ങുകയേ നിവ്യത്തിയുള്ളൂ.
കഴിയുന്നതും വാങ്ങിയ ഉടനേ തന്നെ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ചെടിയില്‍ നിന്നും പറിച്ചെടുത്ത ഉടനേ ഉപയോഗിക്കുകയാണ് നല്ലത്. അഞ്ചോ ആറോ ഇലകള്‍ മാത്രം ശേഖരിക്കുക. തണ്ടിന്റെ അല്‍പ്പം ഭാഗവും കൂടി ഉണ്ടായിരിക്കുന്നത് നല്ലതാണ്. ഇത് നന്നായി കഴുകി വ്യത്തിയാക്കിയ ശേഷം കുറച്ച് ചതച്ചുവെക്കുക.
ഒരു ഗ്ലാസ് വെള്ളം തിളപ്പിക്കുക. ഇതിലേക്ക് തഴുതാമയിലകളും തണ്ടും ഇട്ടശേഷം ഇളംചൂടില്‍ 10 മിനിട്ടു നേരം പതുക്കെ തിളപ്പിക്കുക. പരമാവധി സമയമെടുത്ത് പതുക്കെ തിളപ്പിക്കുന്നത് ഇലകളിലെ സത്ത് വെള്ളത്തിലേക്ക് ഇറങ്ങിവരുന്നതിന് സഹായിക്കും. ഇത് അരിച്ചെടുത്ത ശേഷം പഞ്ചസാര ചേര്‍ക്കാതെ ഉപയോഗിക്കാം. മധുരം ആവശ്യമെന്ന് തോന്നുന്ന പക്ഷം ചെറുതേന്‍ ഉപയോഗിക്കാം. അല്‍പ്പം നാരങ്ങാനീര് കൂടി ചേര്‍ക്കുന്നത് രുചി കൂടുതല്‍ ആസ്വാദ്യമാക്കാന്‍ സഹായിക്കും.
രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനോടൊപ്പം ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനുള്ള മരുന്നായി നാട്ടുവൈദ്യത്തില്‍ ഉപയോഗിക്കുന്നതാണ് തഴുതാമ. ഇതിലൂടെ ഇത് വ്യക്കകളുടെ പ്രവര്‍ത്തനത്തെ ഉത്തേജിപ്പിക്കുകയും ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. നാരങ്ങാനീര് ചേര്‍ക്കുന്നത് വാതസംബന്ധമായ സന്ധിവീക്കം കുറയുന്നതിനിടയാക്കും. തഴുതാമച്ചായ സ്ഥിരമാക്കുന്നതിലൂടെ കാഴ്ചശക്തിയും മെച്ചപ്പെടും. എങ്കിലും കുട്ടികളും ഗര്‍ഭിണികളും ഇതിന്റെ അമിതോപയോഗത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നതാണ് നല്ലത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates