കുട്ടികള്‍ക്ക് ചുമ മരുന്ന് വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ഡോക്ടറുടെ കുറിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ചില കഫ് സിറപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ കുറിപ്പുമായി എഴുത്തുകാരനും ഡോക്ടറുമായ മനോജ് വെള്ളനാടിന്റെ കുറിപ്പ്. കുട്ടികള്‍ക്ക് ചുമയുണ്ടാകുമ്പോള്‍ ഡോക്ടറുടെ ഉപദേശം തേടിയ ശേഷം മാത്രമേ മരുന്ന് നല്‍കാവൂവെന്നും കുറിപ്പില്‍ പറയുന്നു.
മനോജ് വെള്ളനാടിന്റെ കുറിപ്പ്
കുട്ടികളിലെ ചുമയ്ക്കും ജലദോഷത്തിനും ഉപയോഗിക്കുന്ന ചില കഫ് സിറപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തുകയും, അതുമായി ബന്ധപ്പെട്ട് ചിലയിടങ്ങളിൽ കുട്ടികളുടെ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്ത പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്കിടയിൽ വലിയ ആശങ്കയുണ്ട്. ഈ വിഷയത്തിൽ എനിക്കറിയാവുന്നതും മനസിലായതുമായ ചില കാര്യങ്ങൾ മാത്രം പങ്കുവയ്ക്കുന്നു.
1.ചുമ, ജലദോഷം തുടങ്ങിയ പ്രശ്‌നങ്ങൾക്ക് ഡോക്ടറുടെ കുറിപ്പടിയില്ലാതെ കഫ് സിറപ്പുകൾ വാങ്ങുന്നത് നമ്മുടെ നാട്ടിൽ സർവസാധാരണമാണ്. അത് പാടില്ല. കുട്ടികൾക്ക് ഏതു മരുന്നും നൽകുന്നതിന് മുമ്പ് ഡോക്ടറുടെ നിർദ്ദേശം തേടണം.
2. ചുമയ്‌ക്കോ ജലദോഷത്തിനോ ഉള്ള മരുന്നുകൾ 2 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് നൽകേണ്ടതില്ല എന്നാണ് വിദഗ്ധർ മുമ്പേ ശുപാർശ ചെയ്യുന്നത്. മിക്കവാറും ചുമയും ജലദോഷവും സ്വയം മാറും എന്നുള്ളത് കൊണ്ടാണിത്. ചുമ മരുന്നിലെ ചില ഘടകങ്ങൾ ഈ പ്രായത്തിലുള്ള കുട്ടികളിൽ ചില ആരോഗ്യപ്രശ്നങ്ങളുമുണ്ടാക്കാം.
3. ചുമ രോഗമല്ല, ഒരു രോഗ ലക്ഷണമാണ്. രോഗകാരണത്തെയാണ് ശരിക്കും ചികിത്സിക്കേണ്ടത്. കുഞ്ഞിന് ശ്വാസകോശ സംബന്ധമായ എന്തെങ്കിലും അസുഖം കാരണമുള്ള ചുമയാണെങ്കിൽ ആ രോഗം മാറാനുള്ള മരുന്ന് കഴിക്കണം. പ്രത്യേകിച്ച് കാരണം കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലോ സാധാരണ വൈറൽ ഇൻഫെക്ഷനോ ഒക്കെ ആണെങ്കിൽ വലിയ ചികിത്സ ഒന്നും വേണ്ട. വീട്ടിൽ തന്നെ ചെയ്യാവുന്ന ലളിതമായ ചികിത്സകൾ തന്നെ മതി.
4. കുഞ്ഞുങ്ങളിലെ ചുമയ്ക്ക് തേൻ ഗുണകരമാണെന്ന് ശിശുരോഗ വിദഗ്ദ്ധർ പറയുന്നുണ്ട്. പക്ഷെ അതും ഗുണനിലവാരം നോക്കി ചെറിയ അളവിൽ മാത്രം ഉപയോഗിക്കണം. മൂക്കടപ്പിനും മൂക്കൊലിപ്പിനും ഉപ്പ് വെള്ളം മൂക്കിൽ ഇറ്റിക്കുന്നത് ഗുണം ചെയ്യും. അതങ്ങനെ തന്നെ വാങ്ങാനും കിട്ടും. സ്പ്രേ ആയിട്ടും. ആവി പിടിക്കാൻ പറ്റുമെങ്കിൽ അതുമാകാം, പക്ഷെ കുട്ടികളിൽ ചിലപ്പോ പ്രയാസമായിരിക്കും.
5. പലപ്പോഴും പാരൻ്റൽ പ്രഷർ കാരണമാണ് പീഡിയാട്രിക് ഡോക്ടർമാർ ചുമയ്ക്കുള്ള മരുന്നെഴുതാൻ നിർബന്ധിതർ ആവുന്നത്. ഒരു ഡോക്ടറെ കാണിച്ച് കുഴപ്പമില്ലാ മരുന്ന് വേണ്ടാ എന്ന് പറഞ്ഞാലും ചുമ മാറാത്തത് കാരണം പിറ്റേന്ന് ആ ഡോക്ടറെയോ മറ്റൊരു ഡോക്ടറെയോ കാണും. ഡോക്ടർമാർക്ക് വേറെ ഓപ്ഷനില്ലാതാവും. മറ്റ് രോഗാവസ്ഥ ഒന്നുമില്ലെങ്കിൽ കുറച്ച് ദിവസം ക്ഷമിക്കുന്നത് കൊണ്ട് ദോഷമൊന്നുമില്ല.
6. സാധാരണയായി വിപണിയിൽ ലഭ്യമായ കഫ് സിറപ്പുകൾ ഒരൊറ്റ മരുന്നല്ല. പലതരം ഘടകങ്ങൾ അഥവാ മരുന്നുകളുടെ ഒരു കോക്ക്ടെയ്ൽ ആണ്. ഓരോ ഘടകവും ചുമ, കഫക്കെട്ട്, അലർജി എന്നിങ്ങനെ പല അവസ്ഥകൾ കുറയ്ക്കാൻ ഉദ്ദേശിച്ചുള്ളതാണ്. അവയ്ക്കൊക്കെ കൃത്യമായ അളവും നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ, ചില ഘടകങ്ങളുടെ അമിത ഉപയോഗവും, മരുന്നുകളിലെ മായം ചേർക്കലും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം.
7. കഫ് സിറപ്പുകളിലെ പ്രധാന ഘടകങ്ങൾ ഇവയാണ്. a) Antitussives (ഉദാ: Dextromethorphan (DM) - തലച്ചോറിലെ ചുമയെ നിയന്ത്രിക്കുന്ന കേന്ദ്രത്തെ (Cough Center) മന്ദീഭവിപ്പിച്ച് ചുമ കുറയ്ക്കുന്നു. ഇത് വരണ്ട ചുമ അഥവാ കഫമില്ലാത്ത ചുമയ്ക്കാണ് സാധാരണയായി ഉപയോഗിക്കുന്നത്.
b) Expectorants (ഉദാ: Guaifenesin)- ശ്വാസകോശത്തിലെ കഫം നേർപ്പിച്ച് അത് എളുപ്പത്തിൽ പുറത്തുകളയാൻ സഹായിക്കുന്നു. ഇത് കഫക്കെട്ടുള്ള ചുമ ഉള്ളപ്പോൾ ഉപയോഗിക്കുന്നു. c) Antihistamines (ഉദാ: Chlorpheniramine, Diphenhydramine) - അലർജി മൂലമുള്ള തുമ്മൽ, മൂക്കൊലിപ്പ്, കഫത്തിൻ്റെ അളവ് എന്നിവ കുറയ്ക്കുന്നു. ഇവയിൽ ചിലത് മയക്കത്തിന് കാരണമാകും. d) Decongestants (ഉദാ: Pseudoephedrine, Phenylephrine)- മൂക്കിലെയും സൈനസുകളിലെയും മറ്റും രക്തക്കുഴലുകൾ ചുരുക്കി, മൂക്കടപ്പ് കുറയ്ക്കാനും കഫത്തിൻ്റെ അളവ് കുറയ്ക്കാനും സഹായിക്കുന്നു. e) Sweeteners and Solvents (ഉദാ: Glycerin, Propylene Glycol) - മരുന്നിന് മധുരം നൽകാനും, മരുന്നിലെ സജീവ ഘടകങ്ങളെ ലയിപ്പിക്കാനും ഉപയോഗിക്കുന്നവ.
8. ഇതിൽ Dextromethorphan എന്ന മരുന്ന് 4 വയസിൽ താഴെയുള്ള കുട്ടികൾക്ക് കൊടുക്കാൻ പാടില്ല. സാധാരണ പീഡിയാട്രിക് കഫ് സിറപ്പുകളിൽ അതുണ്ടാവാറില്ല. 4 വയസിന് മുകളിൽ ആണെങ്കിലും ഒഴിവാക്കുകയാണ് നല്ലത്.
9. രാജസ്ഥാനിലും മധ്യപ്രദേശിലും ഉണ്ടായ ദുരന്തത്തിലെ വില്ലനായി ഇപ്പോൾ സംശയിക്കുന്നത് ഈ Dextromethorphan ഓവർഡോസ് ആണെന്നാണ് വാർത്തകളിൽ നിന്ന് മനസിലാവുന്നത്. എന്നാലും ഇത്രയും വലിയ ദുരന്തം എങ്ങനെ എന്നത് മനസിലാവുന്നില്ല.
10. ഡോക്ടറെ കാണാതെ മെഡിക്കൽ സ്റ്റോറിൽ ചെന്ന് ‘ചേട്ടാ,ചുമയ്ക്കുള്ള സിറപ്പ്’ എന്ന് പറഞ്ഞ് വാങ്ങുമ്പോൾ കിട്ടുന്നത് ഇതുകൂടി അടങ്ങിയ സിറപ്പാവാം. വീട്ടിൽ വേറാർക്കെങ്കിലും വാങ്ങിയ പഴയ സിറപ്പ് കുട്ടിയ്ക്ക് കൊടുക്കുമ്പോഴും ഈ റിസ്കുണ്ട്. അതുകൊണ്ട് സൂക്ഷിക്കുക.
11. മേൽ സൂചിപ്പിച്ച (Point No.7, e) Glycerine/ Propylene glycol തുടങ്ങിയ സുരക്ഷിതമായ ഘടകങ്ങൾക്ക് പകരം ചില മരുന്നു കമ്പനികൾ ഡൈഎത്തിലീൻ ഗ്ലൈക്കോൾ (Diethylene Glycol - DEG) / എഥിലീൻ ഗ്ലൈക്കോൾ (Ethylene Glycol - EG) ഒക്കെ ഉപയോഗിക്കും. വിലകുറഞ്ഞതും വ്യാവസായിക ആവശ്യങ്ങൾക്കുള്ളതുമായ വിഷാംശമുള്ള ഈ രാസവസ്തുക്കൾ ചേർന്നാലും വലിയ അപകടമുണ്ടാകും. ലോകത്ത് പലയിടത്തും നിരവധി ദുരന്തങ്ങൾ ഈയൊരൊറ്റ വസ്തു കാരണം ഉണ്ടായിട്ടുണ്ട്.
12. തമിഴ്നാട് സർക്കാർ ഇന്ന് തദ്ദേശീയമായ ഒരു മരുന്ന് കമ്പനിയുടെ ഒരു കഫ് സിറപ്പ് നിരോധിച്ചിട്ടുണ്ട്. അതിന് കാരണം ഇപ്പോൾ പറഞ്ഞ Diethylene glycol ചേർത്ത സിറപ്പ് പുറത്തിറക്കിയത് കൊണ്ടാണ്. ഇതുപോലെ കരിമ്പട്ടികയിൽ പെടുത്തിയ മറ്റൊരു കമ്പനി ആണത്രേ രാജസ്ഥാൻ സംഭവത്തിന് പിന്നിലും!
13. മരുന്ന് കമ്പനികൾ, സംസ്ഥാന ഡ്രഗ് കൺട്രോളർമാർ, ഡോക്ടർമാർ, ഫാർമസിസ്റ്റുമാർ, മാതാപിതാക്കൾ തുടങ്ങി എല്ലാവരും അവരവരുടെ ലെവലിൽ ജാഗ്രത പാലിക്കേണ്ട ഒരു വിഷയമാണിത്. കുഞ്ഞിന് ആവശ്യമില്ലെങ്കിൽ മരുന്ന് കൊടുക്കാതിരിക്കാൻ പാരൻ്റ്സും മരുന്ന് എഴുതാതിരിക്കാൻ ഡോക്ടർമാരും ജാഗ്രത്താവണം. ഡോക്ടർ എഴുതുന്ന മരുന്ന് തന്നെ കൊടുക്കാൻ ഫാർമസിസ്റ്റുമാരും ശ്രദ്ധിക്കണം. വിപണിയിൽ കിട്ടുന്ന മരുന്നിൻ്റെ നിലവാരം ഉറപ്പാക്കേണ്ടത് ഡ്രഗ് കണ്ട്രോളറാണ്. രാജസ്ഥാനിലെ കൺട്രോളറെ സസ്പെൻഡ് ചെയ്തത്രേ..
14. മോഡേൺ മെഡിസിൻ മരുന്നുകളിൽ എന്തൊക്കെ ഘടകങ്ങൾ അടങ്ങിയിട്ടുണ്ട് എന്നറിയാവുന്നത് കൊണ്ടാണ് കൃത്യമായി ഇങ്ങനെ കാര്യങ്ങൾ പറയാൻ പറ്റുന്നത്. എന്നാൽ വിപണിയിൽ ധാരാളം മറ്റ് കഫ് സിറപ്പുകളും കിട്ടും. എന്താണ് ആക്റ്റീവ് ഇൻഗ്രഡിയൻ്റ് എന്നറിയാത്ത അവ വാങ്ങി കഴിച്ച് പ്രശ്നമായാൽ എന്താണ് ശരിക്കും കാരണമെന്ന് പോലും തിരിച്ചറിയാൻ കഴിയാതെ വരാം. സന്ദർഭവശാൽ പറഞ്ഞെന്ന് മാത്രം.ഹയ്യോ! എഴുതി എഴുതി എനിക്ക് ചുമ പിടിക്കും. ഞാൻ പോയി വല്ല കരിപ്പട്ടി കാപ്പിയും കിട്ടുമോന്ന് നോക്കട്ടെ.
Things to keep in mind when buying cough medicine for children
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

