

'പ്രത്യേകിച്ച് വിശേഷമൊന്നുമില്ല ദിവസവും ഒരുപോലെ...' ജീവിതം പലപ്പോഴും നമ്മെ മടുപ്പിന്റെ പടുകുഴിയിലേക്ക് തള്ളിയിട്ടുവെന്ന് വരാം. ഓരേ കാര്യങ്ങൾ ദിവസവും അർഥശൂന്യമായി ആവർത്തിക്കുന്നതായി തോന്നാം. സംതൃപ്തിയും ആവേശവും തോന്നാത്ത അവസ്ഥ നമ്മെ അസ്വസ്ഥരാക്കുകയും ജീവിതത്തെ കുറിച്ച് മോശമായി ചിന്തിക്കാനും ഇടയാക്കും.
ഒരുപക്ഷെ മടുപ്പിൽ നിന്ന് പുറത്തു വരണമെന്ന് ആഗ്രഹിച്ചാൽ പോലും, എവിടെ തുടങ്ങണമെന്ന ആശയക്കുഴപ്പമാകും നേരിടുക. വിരസത അല്ലെങ്കിൽ മടുപ്പിന്റെ ഉറവിടം കണ്ടെത്തുകയാണ് പ്രധാനം. അതനുസരിച്ച് പരിഹാരം ക്രമീകരിക്കാൻ സാധിക്കും. നമ്മുടെ വ്യക്തിജീവിതം, കരിയർ, കുടുംബം, ഹോബികൾ പോലും നമ്മെ അസ്വസ്ഥതരും അസന്തുഷ്ടരുമാക്കാം.
മടുപ്പ് ഒഴിവാക്കി, ജീവിതം കൂടുതൽ സംതൃപ്തിയുള്ളതാക്കാന്‍ മൂന്ന് ട്രിക്കുകള്‍ പരീക്ഷിക്കാം.
ദിനചര്യ മാറ്റുക
എല്ലാ ദിവസവും ഒരുപോലെ തോന്നുന്നുവെങ്കിൽ, ദിനചര്യ മാറ്റി പരീക്ഷിച്ചു നോക്കാം. ദിവസവും നടക്കുന്ന വഴി ഒന്നു മാറ്റി നോക്കാം. ബെഡ് റൂം ക്രമീകരിക്കാം, ഹെയർ സ്റ്റൈൽ മാറ്റി നോക്കാം. അതായത് നിങ്ങൾ അതുവരെ തുടർന്നിരുന്ന കാര്യങ്ങളിൽ മാറ്റങ്ങൾ വരുത്തുക.
നമ്മുടെ തലച്ചോർ പരിചിതമാകുന്ന കാര്യങ്ങളുമായി പൊരുത്തപ്പെടാൻ സജ്ജീകരിച്ചിരിക്കുന്നു. അതായത് ഒരിക്കൽ നമ്മെ സന്തോഷിപ്പിച്ച കാര്യങ്ങൾ ക്രമേണ ശീലമാവുകയും ആവേശം കെട്ടടങ്ങുകയും ചെയ്യുന്നു. NYU ഗവേഷകർ നടത്തിയൊരു പഠനത്തിൽ ദൈനംദിന ദിനചര്യകളിൽ കൂടുതൽ വൈവിധ്യം ഉണ്ടാകുമ്പോൾ ആളുകൾ കൂടുതൽ സന്തുഷ്ടരാണെന്ന് കണ്ടെത്തിയിരുന്നു.
ക്രിയേറ്റീവ് ആയ ഹോബികൾ
ഒരുപക്ഷെ നമ്മൾ ആഗ്രഹിച്ച ജോലി ആയിരിക്കണമെന്നില്ല നമ്മൾ ചെയ്തുകൊണ്ടിരിക്കുന്നത്. മടുപ്പ് അനുഭവപ്പെടുമ്പോൾ അഭിനിവേശവും ആവേശവും നഷ്ടപ്പെടുന്നത് വളരെ സാധാരണമാണ്. അതുകൊണ്ട് ക്രിയേറ്റീവ് ആയ ഹോബി അല്ലെങ്കിൽ തൊഴിലോ ഉണ്ടാക്കിയെടുക്കേണ്ടത് പ്രധാനമാണ്. ഇത് നിങ്ങളുടെ ഊർജ്ജവും ഷെഡ്യൂളും കൈകാര്യം ചെയ്യാൻ കഴിയുന്നതായിരിക്കണം. അത് ജീവിതം വീണ്ടും ആവേശഭരിതമാക്കാൻ സഹായിക്കും.
ജോലിക്ക് പുറമെ ക്രിയേറ്റീവ് ഹോബികളിൽ ഏർപ്പെടുന്ന ജീവനക്കാർ കൂടുതൽ ജോലി സംതൃപ്തിയുള്ളവരാണെന്ന് സാൻ ഫ്രാൻസിസ്കോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഗവേഷണം ചൂണ്ടിക്കാണിക്കുന്നു. പെയിന്റിങ്, എഴുത്ത് തുടങ്ങിയ ക്രിയേറ്റീവ് ഹോബികൾ സമ്മർദം, ഉത്കണ്ഠ, വിഷാദം എന്നിവയുടെ ലക്ഷണങ്ങൾ കുറയ്ക്കുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്.
കംഫർട്ട് സോണുകൾ മറികടക്കുക
കംഫർട്ട് സോണുകൾ മറികടക്കുക എന്നതാണ് മറ്റൊരു പ്രധാന കാര്യം. സ്ഥിരത പുലർത്തുമ്പോൾ അവ നമ്മെ മറ്റൊരർഥത്തിൽ നിശ്ചലഭാവത്തിൽ എത്തിക്കുന്നു. ദിവസ്വപ്നത്തെ യാഥാർത്ഥ്യമാക്കി മാറ്റാൻ പ്രവർത്തിക്കുക.
കംഫർട്ട് സോൺ മറികടക്കുന്നത് യഥാർത്ഥത്തിൽ പ്രചോദനാത്മകമാണ്, ഇത് യഥാർത്ഥ പുരോഗതി കൈവരിക്കാൻ സഹായിക്കുന്നു. വളരെ പെട്ടെന്ന് കൈവരിക്കുന്ന ലക്ഷ്യങ്ങളെക്കാൾ ഏറ്റവും ബുദ്ധിമുട്ടുള്ള ലക്ഷ്യങ്ങളിൽ പുരോഗതി കൈവരിക്കുമ്പോഴാണ് നമുക്ക് ഏറ്റവും ശക്തമായ പോസിറ്റീവ് വൈകാരിക പ്രതികരണം അനുഭവപ്പെടുന്നതെന്ന് മനഃശാസ്ത്രജ്ഞർ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates