

ചപ്പാത്തി ചൂടോടെ കഴിക്കുമ്പോൾ സോഫ്റ്റ് ആണെങ്കിലും കുറച്ചുസമയം കഴിഞ്ഞാൽ കട്ടിയാകുന്നത് പലയിടത്തും സാധാരണമാണ്. എന്നാൽ ചപ്പാത്തിമാവ് തയ്യാറാക്കുന്ന രീതി ഒന്ന് ശ്രദ്ധിച്ചാൽ ഏറെ നേരം സോഫ്റ്റന് നിലനിർത്തുന്ന ചപ്പാത്തി ഉണ്ടാക്കിയെടുക്കാം.
ചപ്പാത്തിയുടെ സോഫ്റ്റ്നസ്സിൽ ഉപയോഗിക്കുന്ന ഗോതമ്പു പൊടിയുടെ ഗുണമേന്മയ്ക്ക് വലിയ പങ്കുണ്ട്. വളരെ പഴകിയതോ ഗുണനിലവാരം കുറഞ്ഞതോ ആയ ഗോതമ്പു ഉപയോഗിച്ചാൽ ചപ്പാത്തി കട്ടിയാകാൻ സാധ്യതയുണ്ട്. ഗോതമ്പു അരിച്ചെടുക്കുന്നത് നിർബന്ധമല്ല. എന്നാൽ വളരെ കട്ടിയുള്ള തവിട് കൂടുതലാണെങ്കിൽ ചപ്പാത്തി സോഫ്റ്റ്നസ് കുറയാം.
ചപ്പാത്തി മാവ് കുഴയ്ക്കുമ്പോൾ വെള്ളത്തിന്റെ അളവാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്ന്. ആട്ടയിലേക്ക് വെള്ളം കുറച്ചുകുറച്ചായി ചേർത്ത് കുഴയ്ക്കുക. ഒരുമിച്ച് അധികം വെള്ളം ഒഴിച്ചാൽ മാവ് ഒട്ടിപ്പിടിക്കാൻ സാധ്യതയുണ്ട്. വെള്ളം കുറവായാൽ മാവ് കടുപ്പമുള്ളതാകുകയും ചപ്പാത്തി കട്ടിയാകുകയും ചെയ്യും. ചെറുചൂടുള്ള വെള്ളം ഉപയോഗിക്കുന്നത് മാവ് കൂടുതൽ മൃദുവാകാൻ സഹായിക്കും. എന്നാൽ വളരെ ചൂടുള്ള വെള്ളം ഉപയോഗിക്കേണ്ടതില്ല.
ആട്ടയും വെള്ളവും ചേർത്താൽ ഉടൻ പരത്തി ചപ്പാത്തിയാക്കുന്നത് ഒഴിവാക്കുക. മാവ് നന്നായി കുഴയ്ക്കാൻ ശ്രദ്ധിക്കണം. ഏകദേശം 8–10 മിനിറ്റ് മാവ് നന്നായി കുഴച്ച് മൃദുവും ഇലാസ്റ്റിക്കുമായ ഒരു കുഴമ്പ് പോലുള്ള സ്ഥിരതയിലെത്തിക്കുക. വിരലുകൊണ്ട് അമർത്തുമ്പോൾ മാവ് പതുക്കെ തിരികെ വരുന്നതുപോലെ തോന്നുന്നുണ്ടെങ്കിൽ മാവ് ശരിയായ രീതിയിൽ തയ്യാറായതായി കരുതാം.
മാവ് കുഴയ്ക്കുമ്പോൾ ചെറിയ അളവിൽ എണ്ണയോ നെയ്യോ ചേർക്കുന്നത് ചപ്പാത്തിക്ക് മൃദുത്വം നൽകാൻ സഹായിക്കും.
ചപ്പാത്തി സോഫ്റ്റ് ആകാനുള്ള ഒരു പ്രധാന കാര്യം അത് റെസ്റ്റ് ചെയ്യാൻ അനുവദിക്കുക എന്നതാണ്. മാവ് കുഴച്ച ശേഷം നനഞ്ഞ തുണി കൊണ്ടോ മൂടിവെച്ച് കുറഞ്ഞത് 15–20 മിനിറ്റ് വിശ്രമിക്കാൻ അനുവദിക്കുക. സമയം ഉണ്ടെങ്കിൽ 30 മിനിറ്റ് വരെ വയ്ക്കാം. ഇങ്ങനെ ചെയ്യുമ്പോൾ മാവിലെ ഗ്ലൂട്ടൺ അയയുകയും മാവ് എളുപ്പത്തിൽ പരത്താൻ കഴിയുകയും ചെയ്യും.
ചപ്പാത്തി വളരെ കനം കുറഞ്ഞാൽ പെട്ടെന്ന് ഉണങ്ങിപ്പോകാം. വളരെ കട്ടിയാണെങ്കിൽ അകത്ത് ശരിയായി വേവാതെ പോകാനും സാധ്യതയുണ്ട്. മിതമായ കനത്തിൽ ഒരേപോലെ പരത്തുന്നതാണ് നല്ലത്. പരത്തുമ്പോൾ അധികമായി ഉണങ്ങിയ ആട്ട ഉപയോഗിക്കുന്നതും ഒഴിവാക്കുക. അധിക ആട്ട ചപ്പാത്തി വരണ്ടതാക്കാം.
ചപ്പാത്തി ചുടാൻ ഉപയോഗിക്കുന്ന തവയുടെ ചൂടും വളരെ പ്രധാനമാണ്. തവ ആദ്യം നന്നായി ചൂടാക്കുക. പിന്നീട് ചപ്പാത്തി തവയിൽ ഇടുക. ചൂട് വളരെ കുറവാണെങ്കിൽ ചപ്പാത്തി കൂടുതൽ സമയം തവയിൽ കിടക്കുകയും അതുവഴി ഉണങ്ങി കട്ടിയാകുകയും ചെയ്യും. അതേസമയം അമിതമായ ചൂടിൽ വെച്ചാൽ പുറംഭാഗം പെട്ടെന്ന് കരിയുകയും ഉള്ളിൽ ശരിയായി വേവാതിരിക്കുകയും ചെയ്യാം. മിതമായതിൽ നിന്ന് അൽപം കൂടുതലായ ചൂട് സാധാരണയായി അനുയോജ്യമാണ്.
ചപ്പാത്തി കട്ടിയാകാനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് അമിതമായി ചുടുന്നത്. ആദ്യ വശത്ത് ചെറിയ കുമിളകൾ പ്രത്യക്ഷപ്പെടുമ്പോൾ മറിച്ചിടാം. മറുവശത്ത് ചെറിയ ബ്രൗൺ പാടുകൾ വന്നാൽ വീണ്ടും മറിച്ചിട്ട് നേരിട്ട് തീയിൽ കുറച്ച് സെക്കൻഡ് വെക്കാം. ചപ്പാത്തി നന്നായി പൊങ്ങിത്തുടങ്ങുമ്പോൾ അധികനേരം ചുടാതെ മാറ്റുക.
തവയിൽ നിന്ന് എടുത്ത ചപ്പാത്തി തുറന്നുവെച്ചാൽ അതിലെ ഈർപ്പം വേഗത്തിൽ നഷ്ടപ്പെടും. അതുകൊണ്ട് ചപ്പാത്തി തയ്യാറായ ഉടൻ വൃത്തിയുള്ള കോട്ടൺ തുണിയിലോ ചപ്പാത്തി കാസറോളിലോ മൂടിവയ്ക്കുക. ഇത് ചപ്പാത്തിയുടെ മൃദുത്വം നിലനിർത്താൻ സഹായിക്കും.