കുട്ടികള്‍ക്ക് പറഞ്ഞുകൊടുത്തിട്ട് കാര്യമില്ല, കാണിച്ചുകൊടുക്കണം; ആരോഗ്യകരമായ ഭക്ഷണശീലം വളര്‍ത്തിയെടുക്കാന്‍ ചില വഴികള്‍

കുട്ടികളില്‍ ആരോഗ്യകരമായ ഭക്ഷണശീലം വളര്‍ത്തിയെടുക്കുന്നത് ഒറ്റയ്ക്ക് നേടിയെടുക്കാവുന്ന ഒരുകാര്യമല്ല. മറിച്ച്, വീട്ടിലെ എല്ലാ ആളുകളുടെയും ഭക്ഷണശീലമാണ് കുട്ടികളെ സ്വാധീനിക്കുന്നത്
പ്രതീകാത്മീക ചിത്രം
പ്രതീകാത്മീക ചിത്രം
Updated on
1 min read

കുട്ടികളുടെ കാര്യത്തില്‍ അവരുടെ ആരോഗ്യവും വിദ്യാഭ്യാസവും തന്നെയായിരിക്കും മാതാപിതാക്കള്‍ക്ക് ഏറ്റവും പ്രധാനം. ആരോഗ്യത്തില്‍ ഏറ്റവും വലിയ പങ്ക് വഹിക്കുന്നത് ഭക്ഷണശീലം ആണെന്ന കാര്യത്തില്‍ സംശയവുമില്ല. പോഷകസമൃദ്ധമായ ആഹാരത്തിലേക്ക് കുട്ടികളെ ആകര്‍ഷിക്കാന്‍ ചെറുപ്പം മുതല്‍ ശ്രമിക്കണമെന്ന് പറയുന്നതും ഇതുകൊണ്ടാണ്. അമിതമായി പഞ്ചസാര, കൊഴുപ്പ്, ഉപ്പ് എന്നിവ ഒഴിവാക്കുന്നത് സ്വാഭാവിക രുചികളെ കൂടുതല്‍ അറിയാനും ഇഷ്ടപ്പെടാനും സഹായിക്കും. 

കുട്ടികളില്‍ ആരോഗ്യകരമായ ഭക്ഷണശീലം വളര്‍ത്തിയെടുക്കുന്നത് ഒറ്റയ്ക്ക് നേടിയെടുക്കാവുന്ന ഒരുകാര്യമല്ല. മറിച്ച്, വീട്ടിലെ എല്ലാ ആളുകളുടെയും ഭക്ഷണശീലമാണ് കുട്ടികളെ സ്വാധീനിക്കുന്നത്. പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കേണ്ടതിന്റെ ആവശ്യകത കുട്ടികളെ പറഞ്ഞുപഠിപ്പിക്കുന്നതു കൊണ്ടുമാത്രം ഫലമുണ്ടാകില്ല. അവര്‍ മറ്റുള്ളവര്‍ ചെയ്യുന്നത് കണ്ടുപഠിക്കുന്നവരാണ്, അതുകൊണ്ട് നിങ്ങളുടെ ഭക്ഷണശീലങ്ങള്‍ അവരെ സ്വാധീനിക്കുമെന്നുറപ്പ്. 

വീട്ടിലെ എല്ലാവരും ആരോഗ്യകരമായ ഭക്ഷണമാണ് കഴിക്കുന്നതെന്ന് ഉറപ്പാക്കാന്‍ ഇതാ ചില വഴികള്‍

വീട് നിറയെ ഹെല്‍ത്തി ഫുഡ് - ഷോപ്പിങ്ങിന് പോകുമ്പോള്‍ വീട്ടിലേക്ക് ആരോഗ്യകരമായ വിഭവങ്ങള്‍ തെരഞ്ഞെടുക്കാന്‍ മറക്കരുത്. നിങ്ങളുടെ ഫ്രിഡ്ജില്‍ എപ്പോഴും പഴങ്ങളും പച്ചക്കറികളുമൊക്കെ ഉണ്ടെന്ന് ഉറപ്പാക്കണം. നട്ട്‌സ്, ഡ്രൈഫ്രൂട്ട്‌സ് എന്നിവയും ആവശ്യത്തിന് സ്റ്റോര്‍ ചെയ്തുവയ്ക്കണം. വിശക്കുമ്പോള്‍ വീട്ടില്‍ എന്താണ് ഉള്ളത് അതാണ് നമ്മള്‍ തെരഞ്ഞടുക്കുന്നത്. ആരോഗ്യകരമായ ഓപ്ഷനുകളാണ് വീട്ടിലുള്ളതെങ്കില്‍ സ്വാഭാവികമായും നമ്മള്‍ ഇവയായിരിക്കും തെരഞ്ഞെടുക്കുക.

പാചകം ഒരു കുടുംബകാര്യമാക്കാം - പാചകം എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒന്നാണെന്ന കാര്യത്തില്‍ സംശയമില്ല. വീട്ടിലെ എല്ലാവര്‍ക്കും പാചകത്തില്‍ പരിശീലനം നല്‍കാന്‍ എല്ലാ ദിവസത്തെയും അടുക്കളക്കാര്യങ്ങള്‍ ഒന്നിച്ച് തീരുമാനിക്കുകയും ചെയ്തുതീര്‍ക്കുകയും ചെയ്യുന്നത് സഹായിക്കും. 

ഷോപ്പിങ്ങും ഒന്നിച്ച് - സാധനങ്ങള്‍ വാങ്ങാന്‍ പോകുമ്പോള്‍ എല്ലാവരും ഒന്നിച്ച് പോകുന്നത് നല്ല ആശയമാണ്. വിപണിയില്‍ ലഭ്യമായിട്ടുള്ള വിഭവങ്ങളെക്കുറിച്ച് പഠിക്കാം എന്നുമാത്രമല്ല, ആരോഗ്യകരമായ ചോയിസുകള്‍ എത്രമാത്രം പ്രധാനമാണെന്ന് സ്വയം തിരിച്ചറിയാനുള്ള അവസരം കൂടിയാണ് ഇത്. ലേബല്‍ വായിച്ചുനോക്കാനും ഗുണങ്ങളും ദോഷങ്ങളും വേര്‍ത്തിരിച്ചറിയാനുമൊക്കെ ഈ പരിശീലനം പ്രയോജനപ്പെടും. 

ടിവിയും ഫോണും വേണ്ട - പാചകം ചെയ്യുന്നതും ഭക്ഷണം കഴിക്കുന്നതും ആസ്വദിച്ച് ചെയ്യേണ്ട കാര്യങ്ങളാണ്. അതുകൊണ്ട് ഈ സമയം ടിവിയും മൊബൈലും മാറ്റിവയ്ക്കാന്‍ മറക്കണ്ട. അത് വീട്ടിലുള്ളവര്‍ക്കിടയില്‍ നല്ല ആശയവിനിമയത്തിന് വഴിയൊരുക്കും. മാത്രവുമല്ല ഭക്ഷണത്തിന്റെ രുചിയും ഗുണവും അറിഞ്ഞ് കഴിക്കുകയും ചെയ്യാം. 

സമയം - അടുക്കളയ്ക്ക് ഒരു പ്രവര്‍ത്തിസമയം വേണം. രാവിലെ ഏഴ് മണിക്ക് തുറക്കുന്ന അടുക്കള എല്ലാ പരിപാടികളും കഴിഞ്ഞ് രാത്രി ഒന്‍പത് മണിക്ക് പൂട്ടണം. ഇത് ഭക്ഷണത്തിന്റെ സമയം ക്രമീകരിക്കാനും ദഹനം അടക്കമുള്ള കാര്യങ്ങള്‍ക്ക് വേണ്ട സമയം നല്‍കാനും സഹായിക്കും. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com