

മഴക്കാലത്ത് കാലാവസ്ഥയിലെ മാറ്റവും തണുപ്പും കാരണം സന്ധികളിൽ വേദനയും വീക്കവും അനുഭവപ്പെടുന്നതായി പലരും പറയാറുണ്ട്. പ്രത്യേകിച്ച് സന്ധിവാതം, ഓസ്റ്റിയോആർത്രൈറ്റിസ് തുടങ്ങിയ പ്രശ്നങ്ങളുള്ളവർക്ക് മുട്ട്, കണങ്കാൽ, കൈമുട്ട്, വിരലുകൾ തുടങ്ങിയ സന്ധികളിൽ അസ്വസ്ഥത കൂടുതലായി തോന്നാം. മഴ കാരണം പുറത്തിറങ്ങി നടക്കാനും ശാരീരിക പ്രവർത്തനങ്ങൾക്കും കഴിയാത്തത് വേദന കൂടുവാൻ കാരണമാകുന്നു.
ഈ വേദന കുറയ്ക്കാൻ സഹായിക്കുന്ന പ്രകൃതിദത്ത പനീയമാണ് മഞ്ഞൾ ചായ. 'ബിഎംസി കോംപ്ലിമെന്ററി മെഡിസിൻ ആൻഡ് തെറാപ്പീസ്' ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണം പറയുന്നത്, മുട്ടുവേദനയുള്ളവർ മഞ്ഞൾ ചായ കുടിക്കുന്നത് വേദന കുറയ്ക്കാൻ സഹായിക്കുമെന്നാണ്. മഞ്ഞളിലെ കുർക്കുമിൻ എന്ന സംയുക്തത്തിന് സന്ധി വേദനയുള്ളവരുടെ വേദന 30 ശതമാനം വരെ കുറയ്ക്കാൻ കഴിയും.
ശരീരത്തിലെ വീക്കം നിയന്ത്രിക്കപ്പെടുമ്പോൾ സന്ധി വേദനയുടെ തീവ്രത കുറയുന്നു. കൂടാതെ മഞ്ഞൾ ചായയിൽ സന്ധികളെ ശക്തിപ്പെടുത്താൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. വിട്ടുമാറാത്ത വീക്കം മൂലമുണ്ടാകുന്ന ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കുന്നതിലൂടെ മഴക്കാലത്തെ സന്ധി വേദന കുറയ്ക്കാം.
എങ്ങനെ തയ്യാറാക്കാം?
വെള്ളം – 1 കപ്പ്
മഞ്ഞൾപ്പൊടി – ¼ മുതൽ ½ ടീസ്പൂൺ വരെ
ഇഞ്ചി – ചെറിയ കഷണം, അരിഞ്ഞത്
കുരുമുളക് – ഒരു നുള്ള്, പൊടിച്ചത്
നാരങ്ങാനീര് – ½ ടീസ്പൂൺ
തേൻ – ആവശ്യത്തിന്
വെള്ളം ചൂടാക്കുക.
അതിലേക്ക് മഞ്ഞൾപ്പൊടിയും ഇഞ്ചിയും ചേർക്കുക.
ഏകദേശം 5 മിനിറ്റ് ചെറുതീയിൽ തിളപ്പിക്കുക.
ശേഷം ഒരു നുള്ള് കുരുമുളക് ചേർക്കുക.
ചൂട് കുറയുമ്പോൾ നാരങ്ങാനീര് ചേർക്കാം.
ചൂടാറി ശേഷം കുടിക്കുന്നതിന് മുമ്പ് ആവശ്യത്തിന് തേൻ ചേർക്കുക.
ആയുർവേദമനുസരിച്ച് മഞ്ഞൾ ശരീരത്തിലെ മൂന്ന് ദോഷങ്ങളെയും (വാതം, പിത്തം, കഫം) സന്തുലിതമാക്കാൻ സഹായിക്കുന്നതാണ്. ഇത് ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാനും രക്തം ശുദ്ധീകരിക്കാനും സഹായിക്കുന്നു. മാത്രമല്ല ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും മഞ്ഞൾ നല്ലതാണ്. ജലദോഷം, ചുമ തുടങ്ങിയവയ്ക്കും ഇത് മികച്ചൊരു പ്രതിവിധിയാണ്. ചുരുക്കി പറഞ്ഞാൽ ശരീരത്തിന് ഉന്മേഷവും ആരോഗ്യവും നൽകുന്ന ഒരു ലളിതമായ ആയുർവേദ പ്രതിവിധിയാണ് മഞ്ഞൾ ചായ.
മഞ്ഞൾ ചായയിൽ ഏകദേശം 20 മില്ലിഗ്രാം കുരുമുളക് ചേർക്കുന്നത് അതിലെ ഗുണങ്ങൾ ശരീരത്തിൽ ആഗിരണം ചെയ്യുന്നത് വർധിപ്പിക്കും. കുരുമുളകിലെ പൈപ്പറിൻ, കുർക്കുമിൻ ശരീരത്തിൽ ആഗിരണം ചെയ്യുന്നതിന്റെ വേഗത ഇരട്ടിയാക്കുമെന്ന് 'ന്യൂട്രീഷൻ റിസർച്ച് ലാബ്' ജേണലിലെ പഠനങ്ങൾ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates