

ദിവസങ്ങൾ നീണ്ട മാരത്തോൺ ചർച്ചകൾക്കും കാത്തിരിപ്പിനുമൊടുവിൽ വിഡി സതീഷനും മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. രണ്ട് വനിതാ മന്ത്രിമാർ ഉൾപ്പെടെയുള്ള 20 മന്ത്രിമാരാണ് സഭയിലുള്ളത്. ഇനി അവരുടെ ഭക്ഷണവിശേഷങ്ങൾ കൂടി അൽപം കേട്ടാലോ!
'ഞാൻ ആരോഗ്യസംരക്ഷണത്തിൽ നല്ല ശ്രദ്ധ കൊടുക്കുന്ന ആളാണ്. രാവിലെ ആറ് മണിക്ക് എഴുന്നേറ്റ് അൽപം ഓട്സ് കഴിച്ച് ജിമ്മിൽ പോയി അത്യാവശ്യം വർക്ക്ഔട്ട് ഓക്കെ ചെയ്യുന്ന ശീലമുണ്ട്. രാവിലെ എട്ട് മണിക്ക് മുൻപ് ബ്രേക്ക്ഫാസ്റ്റ് നിർബന്ധമാണ്. അത്താഴം വളരെ ലളിതമാണ്. വൈകുന്നേരം ആറിനും ഏഴിനുമിടയിൽ ലഘുവായി എന്തെങ്കിലും കഴിക്കുകയാണ് ശീലം'- റോജി എം ജോൺ പറയുന്നു.
ലളിതമായ ഭക്ഷണരീതിയാണ് തന്റെ ആരോഗ്യത്തിന്റെ രഹസ്യമെന്ന് പിസി വിഷ്ണുനാഥ് പറയുന്നു. അതേസമയം വിഡി സതീശൻ മന്ത്രിസഭയിലെ ഭക്ഷണപ്രിയൻ എന്ന ടാഗ് പി കെ ബഷീറിനാണ്. ഡയറ്റിലൊന്നും തനിക്ക് വിശ്വാസമില്ല. ഭക്ഷണം കഴിക്കാനും കഴിപ്പിക്കാനും ഇഷ്ടമാണ്. ഭക്ഷണം വളരെ ആസ്വദിക്കുന്ന ഒരാളാണ് താനെന്നും അദ്ദേഹം പറയുന്നു.
'ഞാൻ ഭക്ഷണം നന്നായി കഴിക്കും. ഇടയ്ക്ക് ശരീരഭാരം 20 കിലോ വരെ കുറച്ചിരുന്നു. പക്ഷെ വീണ്ടും കൂടി. ഇലക്ഷൻ സമയത്ത് രണ്ടര കിലോ ആണ് കൂടിയത്. അതുമറ്റൊന്നുമല്ല, പ്രചാരണ സമയത്ത് ആളുകൾ ഇഷ്ടത്തോടെ കഴിക്കാൻ പല സാധനങ്ങളും തരും. ഞാൻ ഒന്നും വേണ്ടാന്നു പറയില്ല. മാത്രമല്ല, എപ്പോൾ ചായ കിട്ടിയാലും ഞാൻ കുടിക്കും. എനി ടൈം ഈസ് എ ടീ ടൈം'- സിപി ജോണിൻ്റെ വാക്കുകൾ.
ഷുഗർ കട്ട് ചെയ്തുള്ള ഡയറ്റ് ഒന്നുമില്ല. തനിക്ക് ചായയിൽ മധുരം വേണം. പിന്നെ അമിതമായി ഭക്ഷണം കഴിക്കുന്ന ശീലമില്ല. ആവശ്യത്തിന് കഴിക്കുമെങ്കിലും ഭക്ഷണം കഴിക്കുന്നതിന് എപ്പോഴും സമയക്രമം പാലിക്കാൻ കഴിയാറില്ലെന്നും കെഎ തുളസി പറയുന്നു. അതേസമയം, ഭക്ഷണത്തിൽ അത്ര ശ്രദ്ധ കൊടുക്കാത്ത മന്ത്രിയാണ് ബിന്ദു കൃഷ്ണ. വിശക്കുമ്പോൾ എന്തെങ്കിലും കഴിക്കുക എന്ന് മാത്രേ ഉള്ളൂ. വെറുതെ ഇരിക്കുമ്പോഴാണ് വിശപ്പ് ഉണ്ടാവുക. ആളുകൾക്കിടയിൽ പ്രവർത്തിക്കുന്ന സമയത്ത് വിശപ്പ് തോന്നാറില്ലെന്നും ബിന്ദു പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates