

ഉയര്‍ന്ന രക്തസമ്മര്‍ദം ഒരു ആഗോള ആരോഗ്യപ്രശ്‌നമാണ്. ലോകമെമ്പാടും ഏതാണ്ട് 1.28 ബില്യണ്‍ ആളുകൾ ഉയർന്ന രക്തസമ്മർദം കാരണം ബുദ്ധിമുട്ടുന്നുണ്ട്. രക്തസമ്മര്‍ദം കൂടുന്നത് ഹൃദയത്തെയും രക്തക്കുഴലുകളെയും ബാധിക്കും. ഇത് ഹൃദ്രോഗം, സ്‌ട്രോക്ക്, വൃക്ക തകരാറ് തുടങ്ങിയ ഗുരുതര അവസ്ഥകളിലേക്ക് നയിക്കാം. അപകട സാധ്യത കുറയ്ക്കുന്നതിന് രക്തസമ്മര്‍ദം നിയന്ത്രിച്ചു നിര്‍ത്തേണ്ടത് പ്രധാനമാണ്.
പടികള്‍ കയറുക, നടത്തം, ഓട്ടം തുടങ്ങിയ ചെറിയ വ്യായാമങ്ങള്‍ രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുമെന്ന് സിഡ്‌നി സര്‍വകലാശാല ഗവേഷകരും ലണ്ടന്‍ കോളജ് സര്‍വകലാശാല ഗവേഷകരും സംയുക്തമായി നടത്തിയ പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ദൈനംദിന പ്രവര്‍ത്തനങ്ങളിലെ ചെറിയ ചില മാറ്റങ്ങള്‍ മരുന്നുകളുടെ ആവശ്യകത തന്നെ കുറയ്ക്കാന്‍ സഹായിക്കുമെന്നും ജേര്‍ണല്‍ സര്‍ക്കുലേഷനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.
പലതരത്തിലുള്ള ശരീരിക പ്രവര്‍ത്തനങ്ങള്‍ എങ്ങനെ രക്തസമ്മര്‍ദത്തിന്റെ അളവിനെ സ്വാധീനിക്കുന്നുവെന്ന് പരിശോധിക്കുന്നതിന് അഞ്ച് രാജ്യങ്ങളില്‍ നിന്നായി 14,761 പേരാണ് പഠനത്തിന്റെ ഭാഗമായത്. ഉറക്കം, ഇരിപ്പ്, മിതമായ നടത്തം, വേഗമേറിയ നടത്തം, നില്‍പ്പ്, പടികള്‍ കയറുക അല്ലെങ്കില്‍ ഓട്ടം പോലുള്ള തീവ്രമായ വ്യായാമങ്ങള്‍ എന്നിങ്ങനെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ആറ് തരങ്ങളായി തിരിച്ചാണ് പഠനം നടത്തിയത്.
20 മുതല്‍ 27 മിനിറ്റ് വരെ ദിവസവും വ്യയാമം ചെയ്യുന്നത് ഹൃദ്രോഗ സാധ്യത 28 ശതമാനമായി കുറയുന്നതായി പഠനത്തില്‍ കണ്ടെത്തി. ഏത് തരത്തിലുള്ള വ്യായാമവും ഗുണകരമാണെന്നും തീവ്രമായ വ്യായാമങ്ങള്‍ രക്തസമ്മര്‍ദത്തില്‍ വലിയ സ്വാധീനം ചെലുത്തുമെന്നും പഠനത്തില്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates