

ശരീരത്തിനുള്ളിലെ പ്രവർത്തനങ്ങൾ ശരിയായ രീതിയിൽ നടക്കണമെങ്കിൽ ശരീരത്തിൽ ജലാംശം കൂടിയേ തീരൂ. ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിന് വെള്ളം കുടിക്കുക എന്നതാണ് പ്രധാന മാർഗം. എന്നാൽ ഒരു ദിവസം മുഴുവൻ വെള്ളം കുടിക്കാതിരുന്നാൽ ശരീരത്തിന് എന്ത് സംഭവിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ?
ആരോഗ്യമുള്ള ഒരാൾ 24 മണിക്കൂർ തുടർച്ചയായി വെള്ളം കുടിക്കാതിരുന്നാൽ സാധാരണയായി മിതമായ നിർജ്ജലീകരണത്തിന്‍റെ ലക്ഷണങ്ങൾ കാണിക്കാം. എന്നാൽ കാലാവസ്ഥ, ആരോഗ്യസ്ഥിതി തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ച് ഇതിന്‍റെ തീവ്രതയിൽ വ്യത്യാസപ്പെടാം. നമ്മുടെ ശരീരത്തിൽ ഏതാണ്ട് 60 ശതമാനവും ജലാംശമാണ്. ഇത് കുറയുമ്പോൾ ആന്തരിക അവയവങ്ങളുടെ പ്രവർത്തനത്തെയും അത് ബാധിക്കാം.
തലച്ചോറിലെ കോശങ്ങൾക്ക് ശരിയായി പ്രവർത്തിക്കാൻ വെള്ളം ആവശ്യമാണ്. ഇത് കുറയുമ്പോൾ ശ്രദ്ധയും ഏകാഗ്രതയും നഷ്ടപ്പെടാം. വൈകുന്തോറും ആരോഗ്യപ്രശ്നങ്ങളുടെ തീവ്രത വർധിക്കാം. നിർജ്ജലീകരണം ഗുരുതരമായാൽ, ബോധക്ഷയം, അപസ്മാരം, ഹൈപ്പോവോലെമിക് ഷോക്ക് (രക്തത്തിന്‍റെ അളവ് കുറയുന്നത്), അവയവങ്ങളുടെ തകരാറ് എന്നിവ സംഭവിക്കാം. ഇത് അടിയന്തിര വൈദ്യസഹായം ആവശ്യമുള്ള അവസ്ഥയാണ്.
മാത്രമല്ല, ശരീരത്തിൽ ജലാംശം കുറയുന്നത് വൃക്കകളുടെ പ്രവർത്തനത്തെ താളം തെറ്റിക്കാനും വൃക്കകളിൽ കല്ലുകൾ രൂപപ്പെടാനും സാധ്യതയുണ്ട്. സോഡിയം, പൊട്ടാസ്യം പോലുള്ള പ്രധാനധാതുക്കളുടെ അഭാവം ഉണ്ടാകാനും ഇത് പേശിവലിവ്, അപസ്മാരം, ബോധക്ഷയം എന്നിവയ്ക്ക് കാരണമാകും. ശരീരത്തിലെ രക്തത്തിന്റെ അളവു കുറയുന്നത് ഹൃദയത്തെയും രക്തചംക്രമണ വ്യവസ്ഥയെയും ബാധിക്കുകയും ജീവന് ഭീഷണിയാവുകയും ചെയ്യാം.
രോഗികളായവർ, പ്രായമായവർ, കുട്ടികൾ, ചൂടുള്ള കാലാവസ്ഥയിൽ കഠിനാധ്വാനം ചെയ്യുന്നവർ എന്നിവർക്ക് നിർജ്ജലീകരണം പെട്ടെന്ന് ഗുരുതരമാവാനുള്ള സാധ്യതയുണ്ട്. 24 മണിക്കൂറിലധികം വെള്ളം കുടിക്കാതിരിക്കുന്നത് സുരക്ഷിതമല്ല.
ലക്ഷണങ്ങൾ
അമിതമായ ദാഹം
മൂത്രത്തിന്‍റെ നിറം മാറ്റം
ക്ഷീണം
തലവേദന
വായും ചുണ്ടുകളും വരളുക
തലകറക്കം
ശരീര താപനില നിയന്ത്രിക്കുന്നതിൽ ബുദ്ധിമുട്ട്
ദഹനപ്രശ്നങ്ങൾ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates