

ഒരു കാലഘട്ടം വരെ കോട്ടുവായ, ഉറക്കത്തിന്റെയും മടുപ്പിന്റെയുമെക്കെ സൂചനയാണെന്നായിരുന്നു ഗവേഷകർ കരുതിയിരുന്നത്. എന്നാൽ സമീപകാല പഠനങ്ങൾ കോട്ടുവായയ്ക്ക് നിങ്ങളുടെ വ്യക്തിത്വവുമായും ബന്ധമുണ്ടെന്ന് ചൂണ്ടിക്കാണിക്കുന്നു. ആരെങ്കിലും കോട്ടുവായ ഇടുന്നതു കണ്ടാൽ, പ്രത്യേകിച്ച് പരിചിതരാണെങ്കിൽ ബോധപൂർവമല്ലെങ്കിലും നമ്മളും അവർക്കൊപ്പം കോട്ടുവായ ഇടാറുണ്ട്. ലോകത്ത് 60-70 ശതമാനം ആളുകളിലും കോട്ടുവായ പകരാറുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. മനുഷ്യരിൽ മാത്രമല്ല, മൃഗങ്ങളിലും ഇതേ പ്രതിഭാസം നടക്കാറുണ്ടത്രേ.
നമുക്കുള്ളിലെ സഹാനുഭൂതിയുടെ ലക്ഷണമാണ് ഈ ബോധപൂർമല്ലാതെ പകരുന്ന കോട്ടുവായയെന്നാണ് ഗവേഷകരുടെ ഒരു നിഗമനം. മറ്റുള്ളവരുടെ വികാരങ്ങൾ മനസ്സിലാക്കുകയും പങ്കുവയ്ക്കുകയും ചെയ്യുന്നതിന്റെ ഒരു ഉദ്ദാഹരണമാണിത്. മനുഷ്യരിൽ സാധാരണയായി സഹാനുഭൂതി കഴിവുകൾ വികസിക്കാൻ തുടങ്ങുന്ന പ്രായം നാലാണ്. അതിന് താഴെയുള്ള കുഞ്ഞുങ്ങളിൽ ഇത്തരത്തിൽ കോട്ടുവായ പകരുന്നതായി കാണാറില്ല. അതുപോലെ ഓട്ടിസം പോലുള്ള ന്യൂറോളജിക്കൽ പ്രശ്നങ്ങൾ നേരിടുന്നവരിലും കോട്ടുവായ പകരാനുള്ള സാധ്യത കുറവാണ്.
വളർത്തു നായ്ക്കൾ അപരിചിതരെ നിരീക്ഷിക്കുന്നതിനേക്കാൾ ഉടമകൾ കോട്ടുവായിടുന്നത് കാണുമ്പോൾ അവ കൂടുതൽ തവണ കോട്ടുവായിടുമെന്ന് പഠനങ്ങൾ പറയുന്നു. അതുപോലെ ചിമ്പാൻസികളും ബോണബോകളും പരിചിതരായ വ്യക്തികളെ നിരീക്ഷിക്കുമ്പോൾ കൂടുതൽ തവണ കോട്ടുവായിടുന്നു. വൈകാരിക അടുപ്പവും കോട്ടുവായ പകരുന്നതിനെ സ്വാധീനിക്കുന്നുവെന്ന് ഗവേഷകർ പറയുന്നു.
2015 നടത്തിയ മറ്റൊരു പഠനത്തിൽ ചില മാനസികരോഗ സ്വഭാവമുള്ള ആളുകൾക്ക് മറ്റുള്ളവരിൽ നിന്ന് കോട്ടുവായ പകരാനുള്ള സാധ്യത കുറവാണെന്നാണ് കണ്ടെത്തിയിരുന്നു. ഒരു സ്റ്റാൻഡേർഡ് സൈക്കോളജിക്കൽ പേഴ്സണാലിറ്റി ടെസ്റ്റിൽ 135 കോളജ് വിദ്യാർത്ഥികൾക്ക് കോട്ടുവായിടുന്നത് ഉൾപ്പെടെയുള്ള വ്യത്യസ്ത മുഖഭാവങ്ങളുടെ 10 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ക്ലിപ്പുകൾ കാണിച്ചു. അതിൽ സഹാനുഭൂതി കുറയുന്തോറും അയാൾക്ക് കോട്ടുവായിടാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തി.
പ്രായം മറ്റൊരു ഘടകമാണെന്ന് ഗവേഷകർ
പ്രായം കൂടുന്തോറും കോട്ടുവായ പകരാനുള്ള സാധ്യത കുറയുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. കോട്ടുവായിടുന്നതിന്റെ മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ കാണിച്ചു നടത്തിയ പഠനത്തിൽ 25 വയസ്സിന് താഴെയുള്ളവരിൽ 82 ശതമാനം ആളുകളും കോട്ടുവായ ഇട്ടപ്പോൾ, 25-49 വയസ്സ് വരെ പ്രായമായവരിൽ 60 ശതമാനം ആളുകളാണ് കോട്ടുവായ ഇട്ടത്. 50 വയസ്സിന് മുകളിലുള്ളവരിൽ 41 ശതമാനം പേർക്ക് മാത്രമാണ് ഇത്തരത്തിൽ കോട്ടുവായ പകർന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates