

കാൻസറിന്റെ ഒരു പ്രധാന ലക്ഷണമാണ് പെട്ടെന്നുള്ള ശരീരഭാരം കുറയൽ. തലച്ചോറും കരളും തമ്മിലുള്ള ആശയവിനിമയത്തിലെ പ്രശ്നമാണ് കാൻസർ രോഗികളിൽ ഇത്തരത്തിൽ ശരീരഭാരം ഗണ്യമായി കുറയാൻ കാരണമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. കാഷെക്സിയ എന്നാണ് ഈ അവസ്ഥയെ വിശേഷിപ്പിക്കുന്നത്. ഇത് ശരീരത്തിന്റെ രോഗപ്രതിരോധശേഷി ദുർബലമാക്കുകയും മരുന്നുകളോടുള്ള പ്രതികരണം കുറയ്ക്കുകയും ചെയ്യുന്നു. കാഷെക്സിയ കാൻസർ രോഗികളെ പെട്ടെന്ന് മരണത്തിന് കീഴ്പ്പെടുത്തുകയും ചെയ്യും.
പേശികളും കൊഴുപ്പും നഷ്ടപ്പെടുന്ന ഗുരുതര രോഗാവസ്ഥയാണ് കാഷെക്സിയ. മൂന്നിലൊന്ന് കാൻസർ രോഗികളിലും കാഷെക്സിയ ഉണ്ടാകാറുണ്ട്. കൂടാതെ പാൻക്രിയാറ്റിക്, ശ്വാസകോശ അർബുദം പോലുള്ള അർബുദങ്ങളിൽ ഇത് വളരെ സാധാരണമാണ്. ഈ അവസ്ഥ രോഗികളുടെ രോഗപ്രതിരോധ ശേഷി കുറയ്ക്കുകയും ചികിത്സയോട് പ്രതികരിക്കുന്നത് ബുദ്ധിമുട്ടാക്കുകയും ചെയ്യുന്നു. ഇത് മരണ സാധ്യത വർധിപ്പിക്കുന്നു.
കാൻസർ കോശങ്ങൾ മൂലമുണ്ടാകുന്ന വീക്കം തലച്ചോറില്‍ നിന്നുള്ള വാഗസ് നാഡിയിലൂടെ അയക്കുന്ന സിഗ്നലുകളെ ക്രമരഹിതമാക്കും. തലച്ചോറിനെയും കരളിനെയും ബന്ധിപ്പിക്കുകയും കരളിന്റെ പ്രവർത്തനത്തെ നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നതിൽ വാഗസ് നാഡി പ്രധാന പങ്ക് വഹിക്കുന്നു.
വാഗസ് നാഡി ശരിയായി പ്രവർത്തിക്കാതെ വരുമ്പോൾ അത് കരളിന്റെ മെറ്റബോളിസത്തെ ബാധിക്കുകയും കാഷെക്സിയ എന്ന അവസ്ഥയിലേക്ക് പോവുകയും ചെയ്യുന്നുവെന്ന് ഇസ്രായേലിലെ വീസ്മാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസും യുഎസിലെ ടെക്സസ് യൂണിവേഴ്സിറ്റി എംഡി ആൻഡേഴ്സൺ കാൻസർ സെന്ററും സംയുക്തമായി നടത്തിയ ഒരു പഠനത്തിൽ വ്യക്തമാക്കുന്നു.
ആരോഗ്യത്തിന് തലച്ചോറും ശരീരവും തമ്മിലുള്ള ആശയവിനിമയം എത്രത്തോളം പ്രധാനമാണെന്ന് ഈ പഠനം തെളിയിക്കുന്നു. ഞരമ്പുകൾ മെറ്റബോളിസത്തെ എങ്ങനെ നിയന്ത്രിക്കുന്നുവെന്ന് മനസിലാക്കുന്നത്, മറ്റ് രോഗങ്ങളെയും ചികിത്സിക്കാൻ സഹായിക്കുമെന്ന് ഗവേഷകർ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates